ബീഹാറിലെ ആരോഗ്യ കേന്ദ്രങ്ങള്‍ നിതീഷ് അടച്ചുപൂട്ടിയെന്ന് ആര്‍ജെഡി
പാറ്റ്ന: ലാലു പ്രസാദ്, റാബ്രിദേവി സര്‍ക്കാരുകളുടെ കീഴിലുള്ള 15 വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബീഹാറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 16 വര്‍ഷത്തിനിടയില്‍ കുറഞ്ഞതായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഗ്രാമീണ ആരോഗ്യ സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ച് 2005 ല്‍ 10,337 ആരോഗ്യ ഉപകേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വന്നിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ 2020 ല്‍ ഇവ 9,112 ആയി കുറഞ്ഞുവെന്നും അവയില്‍ ഭൂരിഭാഗവും പ്രവര്‍ത്തനക്ഷമമല്ലെന്നും ആര്‍ജെഡി നേതാവ് പറഞ്ഞു. ഗ്രാമീണ മേഖലയിലെ പൊതു ആരോഗ്യ കേന്ദ്രങ്ങള്‍ 2005 ല്‍ 101 ആയിരുന്നു, എന്നാല്‍ 2020 ല്‍ ഇത് 57 ആയി കുറഞ്ഞു.
1990 നും 2005 നും ഇടയില്‍ ബീഹാറിലെ ആരോഗ്യ സംവിധാനം എന്തായിരുന്നുവെന്നും അതിനടുത്ത 15 വര്‍ഷത്തിനുള്ളില്‍ ആരോഗ്യരംഗം എന്തായിമാറിയെന്നും കേന്ദ്രസര്‍ക്കാരിന്‍റെ ഈ ഡാറ്റ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. മഹാമാരിയില്‍ ബീഹാറിലെ ആരോഗ്യ വ്യവസ്ഥ തകര്‍ന്നതിന്‍റെ യഥാര്‍ത്ഥ കാരണം ഇതാണ്, തേജസ്വി പറയുന്നു.
നിതീഷ് കുമാറിന്‍റെയും ബിജെപിയുടെയും സര്‍ക്കാരിന്‍റെ കഴിവില്ലായ്മ കൊണ്ടാണ് ബീഹാറിലെ ആരോഗ്യ സംവിധാനം തകര്‍ന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുപകരം നിതീഷ് കുമാര്‍ ബീഹാറിലെ ഈ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയത് എന്തുകൊണ്ടാണെന്ന് ഉത്തരം നല്‍കേണ്ടതുണ്ട്.
1990 നും 2005 നും ഇടയില്‍ ലാലു പ്രസാദും റബ്രി ദേവിയുമായിരുന്നു അധികാരത്തിലിരുന്നത്. അതിനുശേഷം നിതീഷ് കുമാര്‍ 2005 ല്‍ അധികാരമേറ്റു. തുടര്‍ച്ചയായ നാലാം തവണയും അദ്ദേഹം ഭരണം നടത്തുന്നു. തന്‍റെ ഭരണകാലത്തിന്‍റെ ഭൂരിഭാഗവും ബിജെപിയുമായി സഖ്യത്തിലായിരുന്നു അദ്ദേഹം. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ആര്‍ജെഡിയുമായുള്ള ഹ്രസ്വകാല സഖ്യത്തിലും നിതീഷായിരുന്നു മുഖ്യമന്ത്രി.