നിസാന്‍ മാഗ്നൈറ്റ് ബുക്കിംഗ് 50,000 പിന്നിട്ടു
ഇതുവരെ 2,78,000 ലധികം അന്വേഷണങ്ങള്‍ നേടാന്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളുടെ പുതിയ മോഡലിന് കഴിഞ്ഞു
ന്യൂഡെല്‍ഹി: നിസാന്‍ മാഗ്നൈറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിംഗ് 50,000 പിന്നിട്ടു. മാത്രമല്ല, ഇതുവരെ പതിനായിരത്തോളം ഉപയോക്താക്കള്‍ക്ക് എസ്‌യുവി ഡെലിവറി ചെയ്തു. ഇതുവരെ 2,78,000 ലധികം അന്വേഷണങ്ങള്‍ നേടാന്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളുടെ പുതിയ മോഡലിന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിനാണ് നിസാന്‍ മാഗ്‌നൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.
ആകെ ബുക്കിംഗ് കണക്കുകളില്‍, 5,000 യൂണിറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും 45,000 ബുക്കിംഗ് ഡീലര്‍ഷിപ്പുകളിലൂടെയും ആയിരുന്നു. മാത്രമല്ല, ആകെ ബുക്കിംഗുകളില്‍ ഏകദേശം 15 ശതമാനം സിവിടി വേരിയന്റുകളാണ്. ഇവയില്‍ 60 ശതമാനം എക്‌സ്‌വി, എക്‌സ്‌വി പ്രീമിയം എന്നീ ടോപ് വേരിയന്റുകളാണ്. വില വര്‍ധന പ്രഖ്യാപിച്ചെങ്കിലും, ഇതിനകം ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് അതേ വിലയില്‍ ഡെലിവറി ചെയ്യുന്നതായി കമ്പനി വ്യക്തമാക്കി.
ബുക്ക് ചെയ്തശേഷം കാത്തിരിക്കുന്ന ഉപയോക്താക്കള്‍ക്കായി ഫെബ്രുവരിയില്‍ പ്രത്യേക വാലന്‍ന്റൈന്‍സ് പ്രോഗ്രാം കമ്പനി പ്രഖ്യാപിച്ചിരുന്നു. രണ്ട് റൗണ്ട് വിജയികള്‍ക്കും എസ്‌യുവിയുടെ വില പൂര്‍ണമായും തിരികെ ലഭിച്ചു. 198 വിജയികള്‍ക്ക് ഉയര്‍ന്ന വേരിയന്റ് തെരഞ്ഞെടുക്കാനുള്ള അവസരവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചു. മെയ് മാസത്തില്‍ ഈ പരിപാടിയുടെ ഭാഗമായി മൂന്നാം റൗണ്ട് വിജയികളെ പ്രഖ്യാപിക്കും.
നിസാന്‍ മാഗ്നൈറ്റിന് ലഭിക്കുന്ന ഉപഭോക്തൃ പ്രതികരണത്തില്‍ വളരെ സന്തോഷമുണ്ടെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. 50,000 ബുക്കിംഗ് ലഭിച്ചത് നിസാന്‍ ബ്രാന്‍ഡിനോടുള്ള ഉപയോക്താക്കളുടെ വിശ്വാസ്യതയുടെ തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിസാന്‍ ഡീലര്‍ഷിപ്പുകള്‍ കൂടാതെ ഓണ്‍ലൈന്‍ ഷോറൂം പോര്‍ട്ടലായ ഷോപ്പ് അറ്റ് ഹോമില്‍നിന്നും നിസാന്‍ മാഗ്നൈറ്റ് വാങ്ങാന്‍ കഴിയും.