പ്രൈം റെസിഡെന്‍ഷ്യല്‍ നഗരങ്ങളില്‍ ന്യൂഡെല്‍ഹി 32-ാം സ്ഥാനത്ത്, മുംബൈ 36-ാം സ്ഥാനത്ത്
1 min readപ്രൈം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി എന്നത് ഒരു നിര്‍ദ്ദിഷ്ട സ്ഥലത്തെ ഏറ്റവും മികവുറ്റതും ചെലവേറിയതുമായ ഭവന ആസ്തിയാണ്
ന്യൂഡെല്‍ഹി: ലണ്ടന്‍ ആസ്ഥാനമായി ക്നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ പുതിയ പ്രൈം ഗ്ലോബല്‍ സിറ്റീസ് സൂചികയില്‍ മുംബൈയും ന്യൂഡല്‍ഹിയും യഥാക്രമം 32, 36 റാങ്കുകളില്‍. മുന്‍പാദത്തിലെ സൂചികയില്‍ നിന്ന് ഇരു നഗരങ്ങളും ഒരു സ്ഥാനം താഴോട്ടിറങ്ങി. അതേസമയം ബെംഗളൂരു നാല് സ്ഥാനങ്ങള്‍ ഇടിഞ്ഞ് 40-ാം റാങ്കിലെത്തി.
2021ന്‍റെ ആദ്യ പാദത്തില്‍ ഇന്ത്യയിലെ മുന്‍നിര പ്രോപ്പര്‍ട്ടി വിപണികളിലെ പ്രൈം റെസിഡന്‍ഷ്യല്‍ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. മുംബൈയിലെ പ്രൈം റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ 0.1 ശതമാനം ഇടിവാണ് വിലയിലുണ്ടായത്. ശരാശരി വില ചതുരശ്ര അടിക്ക് 63,758 രൂപ. ബെംഗളൂരുവില്‍ പ്രൈം റെസിഡന്‍ഷ്യല്‍ വിലയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 2.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ന്യൂഡെല്‍ഹിയിലെ വില നിലവാരത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഒരു ചതുരശ്രയടിക്ക് ശരാശരി 33,572 രൂപയാണ് രാജ്യ തലസ്ഥാനത്ത് പ്രൈം ശ്രേണിയിലെ ഭവനങ്ങളുടെ ശരാശരി വില.
പ്രൈം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി എന്നത് ഒരു നിര്‍ദ്ദിഷ്ട സ്ഥലത്തെ ഏറ്റവും മികവുറ്റതും ചെലവേറിയതുമായ ഭവന ആസ്തിയാണ്. ക്നൈറ്റ് ഫ്രാങ്കിന്‍റെ ആഗോള ഗവേഷണ ശൃംഖല ഉപയോഗിച്ച് ലോകമെമ്പാടുമുള്ള 45-ലധികം നഗരങ്ങളിലുടനീളമുള്ള വിലനിലവാരത്തെ സസൂക്ഷമം നിരീക്ഷിച്ചാണ് പ്രൈം ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡെക്സ് തയാറാക്കിയിട്ടുള്ളത്.
സൂചിക പ്രകാരം 26 നഗരങ്ങളിലെ പ്രൈം റെസിഡന്‍ഷ്യല്‍ വിലയില്‍ കഴിഞ്ഞ പാദത്തില്‍ വര്‍ധനയുണ്ടായി. 11 നഗരങ്ങളില്‍ ഇരട്ട അക്ക വില വര്‍ധന രേഖപ്പെടുത്തി. ആഗോള നഗരങ്ങളില്‍ 67 ശതമാനവും വാര്‍ഷിക വിലവര്‍ധന രേഖപ്പെടുത്തി. മൂന്ന് ചൈനീസ് നഗരങ്ങളായ ഷെന്‍ഷെന്‍, ഷാങ്ഹായ്, ഗ്വാങ്ഷൗ എന്നിവ ഈ പാദത്തില്‍ മുന്നിലാണ്. 18.9 ശതമാനം വളര്‍ച്ചയോടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ഷെന്‍ഷെന്‍ ആണ്. ന്യൂയോര്‍ക്ക് 5.8 ശതമാനം ഇടിവ് രേഖപ്പെടുത്ത് ഏറ്റവും മോശം പ്രകടനം നടത്തിയ വിപണിയായി.
ലോകത്തെ മികച്ച ചില മഹാനഗരങ്ങളായ ന്യൂയോര്‍ക്ക്, ദുബായ്, ലണ്ടന്‍, പാരീസ്, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ വില കുറയുന്നു. ഓരോ നഗരത്തിന്‍റെയും നെഗറ്റീവ് വളര്‍ച്ചയ്ക്ക് പിന്നില്‍ വിവിധ ഘടകങ്ങള്‍ കൂടിച്ചേര്‍ന്നിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നീണ്ടതും കര്‍ശനവുമായ ലോക്ക്ഡൗണ്‍, വിതരണത്തിന്‍റെ കാലതാമസം, ഉയര്‍ന്ന നികുതി, നയപരമായ പരിമിതികള്‍ എന്നിവയെല്ലാം ഇതിന് കാരണമാണ്. എന്നാല്‍ ഈ നഗരങ്ങളിലെല്ലാം 2021 ന്‍റെ രണ്ടാം പകുതിയില്‍ വളര്‍ച്ചയിലേക്ക് ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു.