മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ പുനരാരംഭിക്കുന്നു
അമരാവതി: 12 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെ 87 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നിര്‍ത്തിവെച്ച തെരഞ്ഞെടുപ്പ് പ്രക്രിയ പുനരാരംഭിക്കാന്‍ ആന്ധ്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ (എസ്ഇസി) വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 10 ന് വോട്ടെടുപ്പ് നടക്കും. 13 ജില്ലകളിലെ 12 എംസികളെയും 75 നഗര്‍ പഞ്ചായത്തുകളെയും സംബന്ധിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ ‘സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കല്‍’ ഘട്ടത്തില്‍ നിന്ന് പുനരാരംഭിക്കുന്നതാണ് വിജ്ഞാപനം.
വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ആന്ധ്രാപ്രദേശിലെ നഗരപ്രദേശങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ ഇത് പ്രാബല്യത്തില്‍ തുടരും. കൊറോണ വൈറസ് മഹാമാരി മൂലം 2020 മാര്‍ച്ചിലാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തിവച്ചത്.
പേപ്പറുകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 3 ആണ്. അന്നേദിവസം തന്നെ മത്സരാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് 10നാണ്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമുണ്ടെങ്കില്‍ അത് 13ന് നടത്തും. മാര്‍ച്ച് 14നാണ് വോട്ടെണ്ണുക. വിജയനഗരം, ഗ്രേറ്റര്‍ വിശാഖപട്ടണം, എലൂരു, വിജയവാഡ, മച്ചിലിപട്ടണം, ഗുണ്ടൂര്‍, ഓങ്കോള്‍, ചിറ്റൂര്‍, തിരുപ്പതി, കടപ്പ, കര്‍ണൂല്‍, അനന്തപുര്‍ എന്നീ മുനിസിപ്പാലിറ്റികളിലേക്കാണ് വോട്ടെടുപ്പ് നടക്കാനുള്ളത്.
2020 മാര്‍ച്ച് 9 ന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുകയും 2020 മാര്‍ച്ച് 14 ന് നാമനിര്‍ദ്ദേശപത്രിക പരിശോധിക്കുന്നതിനുള്ള ഘട്ടം വരെ തുടരുകയും ചെയ്തു. കൊറോണ വൈറസ് മൂലം മാര്‍ച്ച് 15 ന് ഇത് പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു. ആന്ധ്രയില്‍ നാല് ഘട്ടങ്ങളായുള്ള ഗ്രാമീണ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.