എംഎസ്എംഇ വായ്പകളുടെ ആവശ്യകത വര്‍ധിച്ചു
കൊച്ചി: ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭ മേഖലയില്‍ നിന്നുള്ള വായ്പകള്‍ക്കായുള്ള ആവശ്യം എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തിയതായി ട്രാന്‍സ് യൂണിയന്‍ സിബില്‍ സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വായ്പാ ദാതാക്കള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ സ്വീകരിച്ചു തുടങ്ങിയത് ഈ മേഖലയിലെ വായ്പ നല്‍കാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
2022 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം എംഎസ്എംഇ മേഖലയിലെ ആകെ വായ്പകള്‍ 22.9 ലക്ഷം കോടി രൂപയാണ്. 10.6 ശതമാനം വാര്‍ഷിക വളര്‍ച്ചയാണിതു കാണിക്കുന്നത്.
എംഎസ്എംഇ മേഖലയിലെ സര്‍ക്കാര്‍ നീക്കങ്ങള്‍ ഇവിടെ പ്രതിഫലിക്കുകയുണ്ടായെന്നും എല്ലാ വിഭാഗങ്ങളിലേയും വായ്പ എടുക്കല്‍ മെച്ചപ്പെടുത്തിയതായും ഇതേക്കുറിച്ചു പ്രതികരിക്കവെ സിഡ്ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശിവസുബ്രഹ്‌മണ്യന്‍ രാമന്‍ ചൂണ്ടിക്കാട്ടി.
എംഎസ്എംഇ മേഖലയില്‍ നിന്നുള്ള വായ്പാ ആവശ്യം എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാറും ചൂണ്ടിക്കാട്ടി.