ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ ഇന്ത്യയില്‍
1 min readന്യൂഡെല്‍ഹി: ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഈ അപകടങ്ങളില്‍ ഓരോ വര്‍ഷവും ഒന്നര ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു, മൂന്നരലക്ഷത്തിലധികം പേര്‍ക്കാണ് പരിക്കേല്‍ക്കുന്നത്. ദേശീയപാത ശൃംഖലയില്‍ അയ്യായിരത്തിലധികം അപകട സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതൊഴിവാക്കുന്നതിനായി മന്ത്രാലയം പ്രവര്‍ത്തിക്കുകയാണെന്നും 40,000 കിലോമീറ്ററിലധികം ഹൈവേകളെ സുരക്ഷയ്ക്കായി ഓഡിറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ റോഡ് സുരക്ഷാ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഇന്‍റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍റെ ഇന്ത്യ ചാപ്റ്ററിന്‍റെ വെബിനാര്‍ സീരീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2025 ന് മുമ്പ് രാജ്യത്ത് റോഡപകടങ്ങളും അതുമൂലമുള്ള മരണങ്ങളും 50 ശതമാനം കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാവരുടേയും സമഗ്ര ശ്രമങ്ങള്‍ക്ക് ഗഡ്കരി ആഹ്വാനം ചെയ്തു. റോഡപകടങ്ങളില്‍ ഇന്ത്യ യുഎസിനും ചൈനയ്ക്കും മുന്നിലാണ്. ദിനംപ്രതിയുള്ള കണക്കെടുത്താല്‍ 415 പേരാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നത്. 70% മരണങ്ങളും 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്. ഈ അപകടങ്ങളില്‍ നിന്നുള്ള സാമൂഹിക-സാമ്പത്തിക നഷ്ടം ദേശീയ ജിഡിപിയുടെ 3.14 ശതമാനമാണ്. മെച്ചപ്പെട്ട എഞ്ചിനീയറിംഗ്, വിദ്യാഭ്യാസം, എമര്‍ജന്‍സി കെയര്‍ സേവനങ്ങള്‍ തുടങ്ങിയവയാണ് പ്രശ്നത്തെ നേരിടാന്‍ സ്വീകരിച്ച നടപടികളെന്ന് അദ്ദേഹം പറഞ്ഞു.റോഡ് സുരക്ഷ ഉറപ്പാക്കാന്നതിനായി സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് 14,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ തമിഴ്നാട് സര്‍ക്കാരിനായിട്ടുണ്ട്. അവിടെ അപകടങ്ങള്‍ 38ശതമാനവും മരണങ്ങള്‍ 54 ശതമാനവും കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.