ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ട് ഇന്ത്യയില്‍ 75% പ്രൊഫഷണലുകളും 2021ല്‍ പുതിയ തൊഴില്‍ തേടുന്നു
1 min read‘ജോബ്‌സ് ഓണ്‍ ദി റൈസ്’ ഇന്ത്യ പട്ടികയും ലിങ്ക്ഡ്ഇന്‍ പുറത്തിറക്കി
ന്യൂഡെല്‍ഹി: ഇന്ത്യയിലെ 75 ശതമാനത്തിലധികം പ്രൊഫഷണലുകള്‍ ജോലി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയോ അടുത്ത 12 മാസത്തിനുള്ളില്‍ ഒരു പുതിയ റോളിനായി സജീവമായി നോക്കുകയോ ചെയ്യുമെന്ന് പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്‌ഫോം ലിങ്ക്ഡ്ഇന്‍ ഇന്നലെ പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-ല്‍ തൊഴില്‍ വിപണി കൂടുതല്‍ മത്സരാത്മകമാകും എന്നതില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രൊഫഷണല്‍ അനിശ്ചിതത്വവും ഉത്കണ്ഠയും വെളിപ്പെടുത്തുന്നതാണ് പുതിയ ‘ജോബ് സീക്കര്‍’ ഗവേഷണ റിപ്പോര്‍ട്ട്.
ഇന്ത്യയിലെ 75 ശതമാനത്തില്‍ അധികം തൊഴിലന്വേഷകര്‍ വളരെയധികം റിക്രൂട്ട്മെന്റ് ഘട്ടങ്ങള്‍ ഉള്ളതിനെ കുറിച്ചും വിപുലമായ അപേക്ഷാ രേഖകളെ കുറിച്ചും ആശങ്ക രേഖപ്പെടുത്തുന്നു. നെറ്റ്വര്‍ക്കിംഗ് സംബന്ധിച്ചും നാലില്‍ മൂന്ന് പ്രൊഫഷണലുകള്‍ക്ക് ആശങ്കകളുണ്ട്. ഈ സാഹചര്യത്തിലും മൂന്ന് പ്രൊഫഷണലുകളില്‍ രണ്ടുപേര്‍ എന്ന കണക്കില്‍ തങ്ങളുടെ ഭാവി പുരോഗതിയെക്കുറിച്ച് ആത്മവിശ്വാസം രേഖപ്പെടുത്തുന്നവരുണ്ട്. അഞ്ചുപേരില്‍ രണ്ടുപേര്‍ നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകളില്‍ പങ്കെടുക്കുമെന്ന് കരുതുന്നു. മാത്രമല്ല 2021 ല്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് ഓണ്‍ലൈന്‍ പഠനം നിര്‍ണായകമാകുമെന്നും അവര്‍ പറയുന്നു.
1,016 പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വെ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. തൊഴിലന്വേഷകര്‍ നേരിടുന്ന അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ വളര്‍ന്നു വരുന്ന തൊഴിലുകളെ കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന തരത്തില്‍ ‘ജോബ്‌സ് ഓണ്‍ ദി റൈസ്’ ഇന്ത്യ പട്ടികയും ലിങ്ക്ഡ്ഇന്‍ പുറത്തിറക്കി. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ നിരവധി തൊഴില്‍ നഷ്ടങ്ങള്‍ക്കു കൂടി സാക്ഷ്യം വഹിച്ച സാഹചര്യത്തില്‍ ഇത് സഹായകമായിരിക്കും എന്നാണ് കമ്പനി വിലയിരുത്തുന്നത്.
പട്ടിക അനുസരിച്ച് മികച്ച കരിയര്‍ അവസരങ്ങളില്‍ ഫ്രീലാന്‍സ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍, സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് റോളുകള്‍, മാര്‍ക്കറ്റിംഗ് റോളുകള്‍, ബിസിനസ് ഡെവലപ്‌മെന്റ്, സെയില്‍സ് റോളുകള്‍, പ്രത്യേക എഞ്ചിനീയറിംഗ് റോളുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ധനകാര്യം, വിദ്യാഭ്യാസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇ-കൊമേഴ്സ്, സൈബര്‍ സുരക്ഷ, ഡാറ്റ സയന്‍സ്, ഹെല്‍ത്ത് കെയര്‍, ഹ്യൂമന്‍ റിസോഴ്സ്, ഉപഭോക്തൃ അനുഭവം, ഉപഭോക്തൃ സേവനം എന്നീ മേഖലകളിലായിരിക്കും മറ്റ് പ്രധാന അവസരങ്ങള്‍.
‘2020ല്‍ വര്‍ക്ക് ഇക്കോസിസ്റ്റവും തൊഴില്‍ വിപണിയും അതിവേഗം മാറിയതിന്റെ പ്രതിഫലനമാണ് ഈ വര്‍ഷത്തെ റൈസ് ഇന്ത്യ പട്ടികയിലെ ജോലികള്‍. ഡിജിറ്റല്‍ പരിവര്‍ത്തനം എല്ലാ വ്യവസായങ്ങളെയും മുന്നോട്ട് നയിക്കുന്നു. സാങ്കേതിക, സാങ്കേതികേതര റോളുകള്‍ മാറിയ സാഹചര്യത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പരിവര്‍ത്തനപ്പെടുന്നു. വിദൂരങ്ങളില്‍ ഇരുന്ന് പരസ്പര സംയോജനത്തില്‍ ജോലി ചെയ്യുന്ന രീതി വ്യാപകമായി’ ലിങ്ക്ഡ്ഇനിലെ ടാലന്റ് & ലേണിംഗ് സൊല്യൂഷന്‍സ് ഡയറക്ടര്‍ റുച്ചി ആനന്ദ് പ്രസ്താവനയില്‍ പറഞ്ഞു.
‘ഓഡിയന്‍സ് ബില്‍ഡേര്‍സും കണ്ടന്റ് ക്രിയേറ്റേര്‍സും ബ്രാന്‍ഡുകള്‍ക്ക് പ്രധാനമാണെന്ന് ലിസ്റ്റ് കാണിക്കുന്നു. എച്ച്ആര്‍ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഹൃദയഭാഗത്ത് തുടരുന്നുണ്ട്. ഉപഭോക്തൃ അനുഭവവും പുതിയ ഓണ്‍ലൈന്‍ സേവന ലോകത്ത് നിര്‍ണ്ണായകമാണ്. ഒപ്പം വളര്‍ന്നുവരുന്ന സാങ്കേതികവിദ്യ, പ്രത്യേകിച്ച് എഡ്-ടെക് കുതിപ്പ് തുടരും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈനില്‍ പ്രേക്ഷകരുമായി ഇടപഴകുന്ന ബ്രാന്‍ഡുകളും വ്യക്തികളുമാണ് പട്ടികയില്‍ മുന്‍നിരയിലെത്തുന്നത്. ഡിജിറ്റല്‍വത്കരണത്തിന്റെ ഭാവിയില്‍ സൈബര്‍ സുരക്ഷ നിര്‍ണായകമാവുന്നു. വളര്‍ന്നു വരുന്ന ടെക്ക് സൊലൂഷനുകള്‍ക്ക് കോവിഡ് -19 വേഗം കൂട്ടിയിട്ടുണ്ടെന്നും തൊഴില്‍ വിപണിയില്‍ നിലനില്‍ക്കുന്നതിന് തുടന്നുകൊണ്ടേയിരിക്കുന്ന പഠനം അനിവാര്യമാകുകയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.