കോവിഡ് രണ്ടാം തരംഗം ഉത്തേജക പാക്കേജുമായി ഇന്ത്യ; നഷ്ടം 5.4 ലക്ഷം കോടി
1 min read- ഏറ്റവും ബാധിക്കപ്പെട്ട മേഖലകള്‍ക്ക് സാമ്പത്തിക പാക്കേജുമായി മോദി സര്‍ക്കാര്‍
- കോവിഡ് രണ്ടാം തംരംഗത്തില്‍ രാജ്യത്തിന് നഷ്ടം 5.4 ലക്ഷം കോടി രൂപ
- ടൂറിസം, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയേക്കും
ന്യൂഡെല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ തകര്‍ന്നടിഞ്ഞ വ്യവസായ മേഖലകള്‍ക്ക് ഉണര്‍വേകാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രത്യേക ഉത്തേജന പാക്കേജുകള്‍ ആലോചിക്കുന്നു. ധനകാര്യമന്ത്രാലയമാണ് രണ്ടാംതരംഗം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് സാമ്പത്തിക രംഗത്തെ കര കയറ്റാന്‍ പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്.
കോവിഡ് രണ്ടാം തരംഗം ഏറ്റവും ബാധിക്കപ്പെട്ട മേഖലകളെ ആയിരിക്കും ഉത്തേജക പാക്കേജ് അഭിസംബോദന ചെയ്യുക. വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് പല മേഖലകളും കടുത്ത പ്രതിസന്ധി നേരിടാന്‍ തുടങ്ങിയത്. ടൂറിസം, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളെയും രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെയും ഉന്നമിട്ടുള്ളതാകും ഉത്തേജന പാക്കേജ്. അതേസമയം എന്നാകും ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുക എന്ന കാര്യം വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുവെന്നാണ് വിവരം.
കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ചതോടെ ഇന്ത്യ വൈറസ് വ്യാപനത്തിന്‍റെ ആഗോള കേന്ദ്രമാകുന്നതാണ് കണ്ടത്. ദേശീയവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായില്ലെങ്കിലും സാഹചര്യങ്ങള്‍ രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കി മികച്ച ചെറുത്ത് നില്‍പ്പ് നടത്തി. ഇതിന്‍റെ ഫലമായാണ് വിവിധ ആഗോള ഏജന്‍സികള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രവചനങ്ങള്‍ പുനപരിശോധിക്കുന്നത്.
ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തിന്‍റെ വളര്‍ച്ചാനിരക്കായി പ്രവചിച്ചിരിക്കുന്നത് 10.5 ശതമാനമാണ്. ആര്‍ബിഐയില്‍ നിന്നുള്ള ലാഭവിഹിതമായി 14 ബില്യണ്‍ ഡോളര്‍ ലഭിക്കുന്നത് ഒരു പക്ഷേ സാമ്പത്തിക പാക്കേജുകള്‍ക്കായി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയേക്കാം.
നികുതി ഇളവുകളുടെ രൂപത്തിലാകുമോ ഉത്തേജന പാക്കേജുകള്‍ എന്ന കാര്യവും വ്യക്തമല്ല. അതേസമയം സര്‍ക്കാര്‍ ചെലവിടല്‍ കൂട്ടുമോ എന്ന കാര്യവും നിശ്ചയിച്ചിട്ടില്ല.
വലിയ നഷ്ടം
കോവിഡ് രണ്ടാം തരംഗം കാരണം വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കിയ ലോക്ക്ഡൗണിലൂടെ ഇന്ത്യക്ക് നഷ്ടം ഏകദേശം 5.4 ലക്ഷം കോടി രൂപയാണെന്ന് ബാര്‍ക്ലേയ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് രാജ്യത്തിന്‍റെ മൊത്തം ജിഡിപിയുടെ 2.4 ശതമാനം വരുമിത്. സാമ്പത്തിക രംഗം പഴയ പോലെ സുഗമമാക്കാനായി വലിയ ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്.
കോവിഡ് വാക്സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി കേന്ദ്ര ഗവണ്‍മെന്‍റ് വാക്സിന്‍ നല്‍കിവരുന്നു. ഇതുകൂടാതെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നേരിട്ട് വാക്സിന്‍ വാങ്ങാനുള്ള സൗകര്യവും കേന്ദ്ര ഗവണ്‍മെന്‍റ് ഒരുക്കിയിട്ടുണ്ട്.കോവിഡ് 19 ന് എതിരായ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അഞ്ചിന പ്രതിരോധ നടപടികളില്‍ പരിശോധന, കണ്ടെത്തല്‍, ചികിത്സ, കോവിഡ് അനുബന്ധ പെരുമാറ്റ ശീലങ്ങള്‍ എന്നിവയോടൊപ്പം വാക്സിനേഷനും ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.
കോവിഡ് 19 വാക്സിനേഷന്‍റെ വിപുലപ്പെടുത്തിയതും ദ്രുതഗതിയിലുള്ളതുമായ മൂന്നാംഘട്ട നയപരിപാടികള്‍ 2021 മെയ് ഒന്നിന് ആരംഭിച്ചു.എല്ലാ മാസവും കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി അംഗീകാരം നല്‍കുന്ന ഏതു നിര്‍മാതാവ് ഉല്‍പാദിപ്പിക്കുന്ന വാക്സിന്‍റെയും 50 ശതമാനം കേന്ദ്ര ഗവണ്‍മെന്‍റ് സംഭരിക്കുമെന്ന് നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ വിഹിതമായ 50% വാക്സിന്‍ തുടര്‍ന്നും സംഭരിക്കുകയും നേരത്തെ ചെയ്തതുപോലെ സംസ്ഥാനങ്ങള്‍ക്ക് അവ സൗജന്യമായി തുടര്‍ന്നും നല്‍കുകയും ചെയ്യും.
ഇതുവരെ കേന്ദ്ര ഗവണ്‍മെന്‍റ് സൗജന്യമായും, സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാന്‍ കഴിയുന്ന തരത്തിലായും 21.89 കോടിയിലധികം (21,89,69,250) വാക്സിന്‍ ഡോസ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആയി നല്‍കി. ഇതില്‍ പാഴായി പോയത് ഉള്‍പ്പെടെ ആകെ 19,93,39,750 ഡോസ് വാക്സിന്‍ ഇതുവരെ ഉപയോഗിച്ചു. 1.77 കോടിയിലധികം (1,77,67,850) ഡോസുകള്‍ സംസ്ഥാനങ്ങള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങളുടെ കൈവശം ഇപ്പോഴുണ്ട്. ഇത് കൂടാതെ അടുത്ത 3 ദിവസത്തിനുള്ളില്‍ 7 ലക്ഷം ഡോസുകള്‍ അധികമായി സംസ്ഥാനങ്ങള്‍ / കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് ലഭിക്കും.