300 മില്യണ്‍ ഡോളര്‍ സമാഹരിച്ച് മീഷോ
1 min readന്യൂഡെല്‍ഹി: ഇക്വിറ്റി ഓഹരി രൂപത്തില്‍ ഫേസ്ബുക്കില്‍ നിന്ന് നിക്ഷേപം നേടിയ ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ സോഷ്യല്‍ കൊമേഴ്സ് പ്ലാറ്റ്ഫോം മീഷോ തങ്ങളുടെ പുതിയ ഫണ്ടിംഗ് റൗണ്ടിലൂടെ 300 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി പ്രഖ്യാപിച്ചു. സോഫ്റ്റ് ബാങ്ക് ബാങ്ക് വിഷന്‍ ഫണ്ട് 2 ആണ് ഈ നിക്ഷേപ ഘട്ടത്തിന് നേതൃത്യം നല്‍കിയത്. കമ്പനിയുടെ മൂല്യം 2.1 ബില്യണ്‍ ഡോളര്‍ കണക്കാക്കിയാണ് നിക്ഷേപങ്ങള്‍ നടന്നത്.
ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടില്‍ നിലവിലുള്ള നിക്ഷേപകരായ പ്രോസസ് വെന്‍ചേഴ്സ്, ഫേസ്ബുക്ക്, ഷണ്‍വെയ് ക്യാപിറ്റല്‍, വെന്‍ചര്‍ ഹൈവേ, നോള്‍വുഡ് ഇന്‍വെസ്റ്റ്മെന്‍റ് എന്നിവയില്‍ നിന്നും പങ്കാളിത്തം ലഭിച്ചു. 2025 ഓടെ ഇന്ത്യയില്‍ സോഷ്യല്‍ കൊമേഴ്സ് സാധ്യത 16-20 ബില്യണ്‍ ഡോളറായി ഉയരുമെന്ന് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബെയ്ന്‍ ആന്‍ഡ് കോയുടെയും വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനിയായ സെക്വോയ ക്യാപിറ്റലിന്‍റെയും സംയുക്ത റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇത് കഴിഞ്ഞ വര്‍ഷം ഏകദേശം 2 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.
സോഷ്യല്‍ കൊമേഴ്സ്, അഥവാ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം അല്ലെങ്കില്‍ ട്വിറ്റര്‍ പോലുള്ള ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി നേരിട്ട് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന പ്രവണത അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ വളര്‍ച്ച പ്രകടമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സാങ്കേതികവിദ്യ, ഉല്‍പ്പന്നം, ബിസിനസ്സ് എന്നിവയിലെ പ്രതിഭകളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന് പുതിയ ഫണ്ട് ശേഖരണം മീഷോ ഉപയോഗിക്കും