അഞ്ചാംപനിക്കെതിരായ വാക്‌സിന്‍ കുട്ടികളിലെ കോവിഡ്-19നെതിരെ ഫലപ്രദമെന്ന് ഇന്ത്യന്‍ ഗവേഷകര്‍
1 min read
എംഎംആര്‍ വാക്‌സിന്‍ സാര്‍സ് കോവ് 2 വൈറസിനെതിരെ 87.5 ശതമാനം
പൂണൈ: കുട്ടികളെ കൂടുതലായി ബാധിച്ചേക്കാവുന്ന കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ മൂന്നാംതരംഗം സംബന്ധിച്ച ആശങ്കകള്‍ക്കിടെ, അഞ്ചാംപനിക്കെതിരായ (മീസില്‍സ്, എംഎംആര്‍) വാക്‌സിന്‍ കുട്ടികളെ കോവിഡ്-19ല്‍ നിന്ന് സംരക്ഷിക്കുമെന്ന് ഇന്ത്യന്‍ ഗവേഷകരുടെ പഠന റിപ്പോര്‍ട്ട. എംഎംആര്‍ വാക്‌സിന്‍ എടുത്ത കുട്ടികളില്‍, ഈ വാക്‌സിന്‍ എടുക്കാത്തവരെ അപേക്ഷിച്ച് കോവിഡ്-19 രോഗലക്ഷണങ്ങള്‍ മിതമാണെന്നാണ് പൂണൈയില ബിജെ മെഡിക്കല്‍ കോളെജില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയത്.
സാര്‍സ് കോവ് 2 വൈറസിനെതിരെ എംഎംആര്‍ വാക്‌സിന്‍ 87.5 ശതമാനം ഫലപ്രദമാണെന്നാണ് പഠനം പറയുന്നത്. ഹ്യൂമണ്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്മ്യൂണോതെറാപ്പ്യൂട്ടിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠന റിപ്പോര്‍ട്ടില്‍ എംഎംആര്‍ വാക്‌സിന്‍ കുട്ടികള്‍ക്ക് സാര്‍സ് കോവ് 2 വൈറസില്‍ നിന്നും ദീര്‍ഘകാല സംരക്ഷണം നല്‍കുമെന്നും പരാമര്‍ശമുണ്ട്. തങ്ങളുടെ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതിനായി ഈ വിഷയത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തണമെന്നാണ് ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നത്.
ഇത്തരത്തിലൊരു കണ്ടെത്തല്‍ ലോകത്ത് തന്നെ ആദ്യമാണെന്നാണ് ഗവേഷകരുടെ അവകാശവാദം. സാര്‍സ് കോവ് 2 വൈറസിലെ അമിനോആസിഡ് സീക്വന്‍സ് റൂബെല്ല വാക്‌സിനിലെ അമിനോആസിഡ് സീക്വന്‍സുമായി 30 ശതമാനം സാമ്യം പുലര്‍ത്തുന്നതിനാലാണ് എംഎംആര്‍ വാക്‌സിനുകളെ കേന്ദ്രീകരിച്ച് പഠനം നടത്തിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. സാര്‍സ് കോവ് 2വിലെ സ്‌പൈക് പ്രോട്ടീന്‍ മീസില്‍സ് വൈറസിലെ ഹീമഗ്ലൂട്ടാനിന് സമാനമാണെന്നും പഠനത്തിന് നേതൃ്വം നല്‍കിയ ഡോ. നീലേഷ് ഗുജര്‍ പറഞ്ഞു.
എംഎംആര്‍ വാക്‌സിനുകള്‍ കുട്ടികള്‍ക്ക് പലതരത്തിലുള്ള രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായും ഡോ. നീലേഷ് പറഞ്ഞു. കുട്ടികള്‍ക്കുള്ള കോവിഡ്-19 വാക്‌സിന്‍ ലഭ്യമാകുന്നത് വരെ എംഎംആര്‍ വാക്‌സിന്‍ കുട്ടികള്‍ക്ക് കോവിഡില്‍ നിന്ന് സുരക്ഷയൊരുക്കുമെന്നും എംഎംആറിന്റെ മുഴുവന്‍ ഡോസുകളും എടുക്കാത്തവരോ അല്ലെങ്കില്‍ ഒരൊറ്റ ഡോസ് മാത്രം എടുത്തവരുമായ കുട്ടികള്‍ക്ക് ബാക്കി ഡോസുകള്‍ കൂടി ലഭ്യമാക്കി അഞ്ചാംപനിയില്‍ നിന്നും ഒരുപക്ഷേ കോവിഡ്-19നിന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഡോ. നീലേഷ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
നിര്‍ണ്ണായക കണ്ടെത്തല്‍
പൂണൈ ഗവേഷകരുടെ കണ്ടെത്തല്‍ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. കാരണം കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി രാജ്യത്ത് നടക്കുന്ന പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തില്‍ എംഎംആര്‍ വാക്‌സിനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരു കുട്ടി ജനിച്ച് ഒമ്പതാം മാസത്തിനും 12ാം മാസത്തിനും ഇടയിലാണ് എംഎംആര്‍ വാക്‌സിന്റെ ആദ്യ ഡോസും പതിനാറാം മാസത്തിനും 24ാം മാസത്തിനും ഇടയില്‍ രണ്ടാമത്തെ ഡോസും ലഭ്യമാക്കും.
ഒരു വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള 548 കുട്ടികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. കോവിഡ്-19 ബാധിച്ചവര്‍ അല്ലാത്തവര്‍ എന്നിങ്ങനെ ഇവരെ രണ്ട് ഗ്രൂപ്പായി തിരിച്ചു. പഠനത്തില്‍ പങ്കെടുത്ത എല്ലാവരും ഓറല്‍ പോളിയോ വൈറസ് വാക്‌സിനും ഒരാള്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ ബാസിലസ് കാല്‍മെറ്റ് ഗുറിന്‍ (ബിസിജി) എടുത്തിട്ടുള്ളവരായിരുന്നു. മീസില്‍സ് അടങ്ങിയിട്ടുള്ള വാക്‌സിനുകള്‍ (എംസിവി) കുട്ടികളിലെ കോവിഡ്-19 കേസുകള്‍ കുറയാന്‍ കാരണമായതായി ഗവേഷകര്‍ പറയുന്നു. മാത്രമല്ല വാക്‌സിന്‍ എടുത്തവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കോവിഡ്-19 രോഗലക്ഷണങ്ങള്‍ കുറവായിരുന്നുവെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. പ്രായമോ ലിംഗമോ എംസിവി നല്‍കുന്ന സുരക്ഷിതത്വത്തെ സ്വാധീനിച്ചിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.
കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍
എംഎംആര്‍, ബിസിജി തുടങ്ങിയ വാക്‌സിനേഷനിലൂടെ ലഭിക്കുന്ന അനിര്‍വചീന പ്രതിരോധശേഷി മൂലം കുട്ടികള്‍ സാര്‍സ് കോവ് 2 വൈറസില്‍ നിന്നും സുരക്ഷിതരാണെന്ന നിരവധി ഗവേഷകരുടെ അനുമാനം ശരിവെക്കുന്നതാണ് പൂണൈ ഗവേഷകരുടെ പഠന റിപ്പോര്‍ട്ട്. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളെ കോവിഡ്-19 പകര്‍ച്ചവ്യാധി നേരിയ തോതിലേ ബാധിച്ചിട്ടുള്ളു. എന്നിരുന്നാലും കുട്ടികള്‍ വളരെ പ്രധാനപ്പെട്ട രോഗാണു വാഹകരാകാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ ഫൈസറിന്റെ കോവിഡ്-19 വാക്‌സിന് മാത്രമാണ് കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. ഇന്ത്യയില്‍ ഇതുവരെ ഈ വാക്‌സിന്‍ ലഭ്യമായിട്ടില്ല. എന്നാല്‍, സൈഡസ് കാഡില എന്ന ഔഷധ നിര്‍മ്മാണ കമ്പനിയും ഭാരത് ബയോടെക്കും അവര്‍ വികസിപ്പിച്ച കുട്ടികള്‍ക്കുള്ള കോവിഡ്-19 വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ഒഹിയോ സ്‌റ്റേറ്റ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ മീസില്‍സ് വാക്‌സിന്‍ ഉപയോഗിച്ച്
rMeV-preS എന്ന പുതിയ കോവിഡ്-19 വാക്‌സിന്‍ വികസിപ്പിച്ചതായി എംബയോ ജേണല്‍ മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുപ്രധാന പ്രോട്ടീനിന്റെ ജീന്‍ മീസില്‍സ് വാക്‌സിനില്‍ അടക്കം ചെയ്ത് ശരീരത്തില്‍ എത്തിക്കുകയാണ് ഈ വാക്‌സിന്‍ ചെയ്യുന്നത്.