ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി
ഡൽഹി: മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് ഒമാനിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കും. ഒമാൻ ഭരണാധികാരിയായതിനുശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ദൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഇതറിയിച്ചത്. ദൽഹി ലീല പാലസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ്പിന്റെ ഒമാനിലെ പ്രവർത്തനങ്ങലെപ്പറ്റി യൂസഫലി ഒമാൻ സുൽത്താന് വിവരിച്ചു കൊടുത്തു. നിലവിൽ 36 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുമാണ് ഒമാനിലെ വിവിധ ഗവർണർറേറ്റുകളിൽ ഉള്ളത്. സീനിയർ മാനേജ്‌മെന്റ് ഉൾപ്പെടെ 3,500 ലധികം ഒമാൻ പൗരന്മാരാണ് ലുലു ഗ്രൂപ്പ് ഒമാനിൽ ജോലി ചെയ്യുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു ഒമാൻ സുൽത്താന്റെ ബഹുമാനാർത്ഥം രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴ വിരുന്നിലും യൂസഫലി സംബന്ധിച്ചു.