ജെഎല്‍എല്‍ റിപ്പോര്‍ട്ട് : മാനുഫാക്ചറിംഗ് സ്‌പെയ്‌സ് പാട്ടത്തില്‍ ചെന്നൈ മുന്നില്‍
1 min readഇലക്ട്രോണിക്സ്, മൊബൈല്‍ നിര്‍മാണം, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്ന് ശക്തമായ ആവശ്യകത
ന്യൂഡെല്‍ഹി: മാനുഫാക്ചറിംഗ് സ്‌പെയ്‌സ് പാട്ടത്തിനു നല്‍കലില്‍ ചെന്നൈ ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി. 2020-ല്‍ രാജ്യത്തെ പാട്ടത്തിനു നല്‍കിയിട്ടുള്ള മാനുഫാക്ചറിംഗ് സ്‌പെയ്‌സിന്റെ 36 ശതമാനവും സ്വന്തമാക്കിക്കൊണ്ടാണ് ചെന്നൈ ഒന്നാമതെത്തിയത്. 20 ശതമാനവുമായി പൂനെ രണ്ടാം സ്ഥാനത്തും 18 ശതമാനവുമായി ദില്ലി രാജ്യ തലസ്ഥാന മേഖല മൂന്നാം സ്ഥാനത്തുമുണ്ട്.
ഒരു ജെഎല്‍എല്‍ റിപ്പോര്‍ട്ട് പ്രകാരം 2020-ല്‍ ഇന്ത്യയിലെ പാട്ടത്തിനെടുത്ത മാനുഫാക്ചറിംഗ് സ്‌പെയ്‌സിന്റെ അളവ് 6.6 ദശലക്ഷം ചതുരശ്ര അടി ആയിരുന്നു. ഇതില്‍ നാലില്‍ മൂന്നു ഭാഗവും ചെന്നൈ, പൂനെ, ഡല്‍ഹി എന്‍സിആര്‍ എന്നിവിടങ്ങളിലായിട്ടാണ്. ചെന്നൈയുടെ സമീപപ്രദേശങ്ങളായ ഒറഗഡം, മണ്ണൂര്‍, മാരൈ മാലൈ നഗര്‍, വല്ലം, തഡ, ശ്രീസിറ്റി എന്നീ ഇടങ്ങളില്‍ മാനുഫാക്ചറിംഗ് സ്‌പെയിന്റെ പാട്ടത്തിനു നല്‍കല്‍ സജീവമാണ്. ഇലക്ട്രോണിക്‌സ് (പ്രധാനമായും മൊബൈല്‍ നിര്‍മ്മാണം), ഓട്ടോ, ഐടി / ഐടിഇഎസ് എന്നിവയാണ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മാനുഫാക്ചറിംഗ് സ്‌പെയ്‌സ് പാട്ടത്തിനെടുക്കുന്നതില്‍ മുന്നിട്ടു നില്‍ക്കുന്ന മേഖലകള്‍.
” കോവിഡ്-19 മഹാമാരി ജീവിതത്തെയും ബിസിനസുകളെയും ലോകമെമ്പാടും പരിവര്‍ത്തനം ചെയ്ത കാലഘട്ടമാണ് 2020. ഇത് ഇന്ത്യയുടെ മാനുഫാക്ചറിംഗ് സ്‌പെയ്‌സ് വിപണിയെയും ബാധിച്ചിട്ടുണ്ട്. കൊറോണ ആഗോളതലത്തില്‍ ഒരു പ്രധാന നിര്‍മാണ കേന്ദ്രമായി അവതരിപ്പിക്കുന്നതിന് രാജ്യത്തെ സഹായിച്ചു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ 2.0’, ‘ആത്മമീര്‍ഭാരത് ഭാരത്’ എന്നിങ്ങനെ ഇരട്ട എഞ്ചിനുകളുള്ള വളര്‍ച്ചാ പാതയിലാണ് രാജ്യത്തെ മാനുഫാക്ചറിംഗ് വിപണി,” ജെഎല്‍എല്‍ ഇന്ത്യ സിഇഒയും കണ്‍ട്രി ഹെഡുമായ രമേശ് നായര്‍ പറഞ്ഞു.
ഉല്‍പ്പാദന മത്സരശേഷി വളര്‍ത്തുക, ഇറക്കുമതി കുറയ്ക്കുക, കയറ്റുമതി വര്‍ധിപ്പിക്കുക, ആഭ്യന്തര ആവശ്യം വര്‍ധിപ്പിക്കുക എന്നിവയാണ് നിലവില്‍ രാജ്യം ഈ മേഖലയില്‍ മുന്നോട്ടുവെക്കുന്ന പ്രാഥമിക ലക്ഷ്യങ്ങള്‍. ബിസിനസ് സൗഹൃദ നടപടികളും ഉല്‍പ്പാദനം അധിഷ്ഠിതമാക്കിയുള്ള ഇന്‍സെന്റീവ് പദ്ധതി വിജയകരമായി നടപ്പാക്കുന്നതും ഈ മേഖലയ്ക്ക് വലിയ പ്രോത്സാഹനമാണ് നല്‍കിയതെന്ന് നായര്‍ പറഞ്ഞു.
ഇലക്ട്രോണിക്സ്, മൊബൈല്‍ നിര്‍മാണം, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വൈറ്റ് ഗുഡ്‌സ്, പാക്കേജിംഗ് തുടങ്ങി നിരവധി മേഖലകളില്‍ നിന്നുള്ള ആവശ്യകത വര്‍ധിച്ചത് രാജ്യത്തെ മുഖ്യമായ 8 നഗരങ്ങളിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ മാനുഫാക്ചറിംഗ് സ്‌പെയ്‌സുകളുടെ പാട്ടത്തിന് നല്‍കലിന് കരുത്തേകി. ബെംഗളൂരു, അഹമ്മദാബാദ്, മുംബൈ, ഹൈദരാബാദ് എന്നിവയും ശക്തമായ വളര്‍ച്ചാ പ്രവണത കാണിക്കുന്നു.