മലയാളികള്‍ക്ക് ഓണാശംസയുമായി മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ലബ്
തിരുവനന്തപുരം: മലയാളികള്‍ക്ക് മലയാളത്തില്‍ ഓണാശംസ നേര്‍ന്ന് കയ്യടി നേടി മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ലബ്. ക്ലബിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. കേരളത്തിന്‍റെ പച്ചപ്പും ഹരിതാഭയും എടുത്ത് കാണിക്കുന്ന രണ്ട് പുരവഞ്ചികളുടെ പശ്ചാത്തലത്തില്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലാന്‍ഡ് പപ്പടം കടിക്കുന്നതാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഇത് വൈറലാക്കിക്കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 32 പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള മാഞ്ചസ്റ്റര്‍ സിറ്റി മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്നിരിക്കുകയാണെന്ന അടിക്കുറിപ്പോടെ കേരള ടൂറിസം ഇതേ പോസ്റ്റ് സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.
കേരളത്തിന്‍റെ സിരകളിലലിഞ്ഞ കായികവിനോദമായ ഫുട്ബോള്‍ സംസ്ക്കാരത്തിന് രാജ്യാന്തരതലത്തില്‍ ലഭിച്ച മികച്ച അനുമോദനമാണ് ഈ ഓണാശംസയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉറച്ച മലയാളി ആരാധകരുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബാണ് മാഞ്ചസ്റ്റര്‍ സിറ്റി. സ്വന്തം ആരാധകരോടുള്ള നന്ദിപ്രകടനമാണിതെന്നും മന്ത്രി പറഞ്ഞു. സ്വന്തം ആരാധകരുടെ സാംസ്ക്കാരിക തനിമയെയും വൈവിദ്ധ്യത്തെയും രാജ്യത്തിന്‍റെ അതിര്‍വരമ്പുകള്‍ കടന്ന് ബഹുമാനിക്കാനും അംഗീകരിക്കാനുമുളള നല്ല മനസാണ് 143 വര്‍ഷത്തെ പാരമ്പര്യമുള്ള ടീമായ മാഞ്ചസ്റ്റര്‍ സിറ്റി കാണിച്ചതെന്ന് പോസ്റ്റിനു കമന്‍റായി പലരും അഭിപ്രായപ്പെട്ടു. നേരത്തെ ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബായ ചെല്‍സിയ ആലപ്പുഴയില്‍ വെര്‍ച്വല്‍ ടൂര്‍ നടത്തിയിരുന്നു. ആലപ്പുഴയുടെ പ്രകൃതി ഭംഗിയെക്കുറിച്ചും മനോഹാരിതയെക്കുറിച്ചും ക്ലബ് പ്രകീര്‍ത്തിച്ചത് കേരള ടൂറിസത്തിനുള്ള ആഗോള അംഗീകാരമായാണ് കണക്കാക്കപ്പെട്ടത്.