മഹാരാഷ്ട്രയിലെ വാധ്വനിൽ ഗ്രീൻഫീൽഡ് ഡീപ്ഡ്രാഫ്റ്റ് മേജർ തുറമുഖം
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭായോഗം മഹാരാഷ്ട്രയിലെ ഡഹാണുവിനടുത്തുള്ള വാധ്വനിൽ പ്രധാന തുറമുഖം സ്ഥാപിക്കുന്നതിന് അംഗീകാരം നൽകി. ജവഹർലാൽ നെഹ്രു തുറമുഖ അതോറിറ്റി (ജെഎൻപിഎ), മഹാരാഷ്ട്ര മാരിടൈം ബോർഡ് (എംഎംബി) എന്നിവ ചേർന്നു രൂപംനൽകിയ പ്രത്യേക ദൗത്യസംവിധാനമായ വാധ്വൻ തുറമുഖ പദ്ധതി ലിമിറ്റഡ് (വിപിപിഎൽ) യഥാക്രമം 74%, 26% ഓഹരി പങ്കാളിത്തത്തോടെയാണ് തുറമുഖം നിർമിക്കുന്നത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വാധ്വനിൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഗ്രീൻഫീൽഡ് ഡീപ്ഡ്രാഫ്റ്റ് മേജർ തുറമുഖമായി വാധ്വൻ തുറമുഖം വികസിപ്പിക്കും.
ഭൂമി ഏറ്റെടുക്കൽ ഘടകം ഉൾപ്പെടെ 76,220 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) സംവിധാനത്തിൽ സുപ്രധാന അടിസ്ഥാനസൗകര്യങ്ങൾ, ടെർമിനലുകൾ, മറ്റ് വാണിജ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വികസനവും ഇതിൽ ഉൾപ്പെടും. തുറമുഖത്തിനും ദേശീയ പാതകൾക്കുമിടയിൽ റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം സമ്പർക്കസൗകര്യമൊരുക്കുന്നതിനും, നിലവിലുള്ള റെയിൽ ശൃംഖലയുമായുള്ള റെയിൽ ബന്ധിപ്പിക്കലിനു റെയിൽവേ മന്ത്രാലയത്തിന്റെ വരാനിരിക്കുന്ന സമർപ്പിത റെയിൽ ചരക്ക് ഇടനാഴിക്കും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
1000 മീറ്റർ നീളമുള്ള ഒമ്പത് കണ്ടെയ്‌നർ ടെർമിനലുകൾ, തീരദേശ ബർത്ത് ഉൾപ്പെടെ നാല് വിവിധോദ്ദേശ്യ ബെർത്തുകൾ, നാല് ലിക്വിഡ് കാർഗോ ബർത്തുകൾ, ഒരു റോ-റോ ബെർത്ത്, ഒരു കോസ്റ്റ് ഗാർഡ് ബെർത്ത് എന്നിവ ഉൾപ്പെടുന്നതാണ് തുറമുഖം. കടലിലെ 1448 ഹെക്ടർ പ്രദേശം ഉപയോഗയോഗ്യമാക്കലും 10.14 കിലോമീറ്റർ ഓഫ്‌ഷോർ ബ്രേക്ക്‌വാട്ടറിന്റെയും കണ്ടെയ്‌നർ/ചരക്ക് സംഭരണ സ്ഥലങ്ങളുടെയും നിർമാണവും പദ്ധതിയിൽ ഉൾപ്പെടുന്നു. കണ്ടെയ്‌നർ കൈകാര്യം ചെയ്യൽ ശേഷിയുടെ ഏകദേശം 23.2 ദശലക്ഷം ടിഇയു (ഇരുപത് അടിക്കു തുല്യം) ഉൾപ്പെടെ പ്രതിവർഷം 298 ദശലക്ഷം മെട്രിക് ടൺ (എംഎംടി) സഞ്ചിതശേഷി ഈ പദ്ധതി സൃഷ്ടിക്കും. IMEEC (ഇന്ത്യ-മധ്യപൂർവേഷ്യ-യൂറോപ്പ്-സാമ്പത്തിക ഇടനാഴി), INSTC (അന്താരാഷ്ട്ര ഉത്തര-ദക്ഷിണ ഗതാഗത ഇടനാഴി) എന്നിവയിലൂടെ എക്സിം വ്യാപാരപ്രവാഹത്തെ ഈ ശേഷി സഹായിക്കും. ലോകോത്തര മാരിടൈം ടെർമിനൽ സൗകര്യങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തെ (പിപിപി) പ്രോത്സാഹിപ്പിക്കും.
വിദൂരപൗരസ്ത്യദേശം, യൂറോപ്പ്, മധ്യപൂർവേഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവയ്ക്കിടയിലുള്ള അന്താരാഷ്ട്ര ഷിപ്പിങ് ലൈനുകളിൽ സഞ്ചരിക്കുന്ന പ്രധാന കപ്പലുകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള അത്യാധുനിക ടെർമിനലുകൾ സൃഷ്ടിക്കുന്നതിനു കാര്യക്ഷമതയും ആധുനിക സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തു കയും ചെയ്യുന്നു. വാധ്വൻ തുറമുഖം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച പത്ത് തുറമുഖങ്ങളിൽ ഒന്നായി ഇതു മാറും. പിഎം ഗതിശക്തി പരിപാടിയുടെ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച പദ്ധതി, കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും ഏകദേശം 12 ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ നൽകും. അതുവഴി പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവനയേകുകയും ചെയ്യും.