പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി : വന്നു ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്‌സിനുകള്‍
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ദൗത്യത്തിന് ഇന്ത്യയില്‍ തുടക്കം കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് വാക്‌സിനുകളും ഇന്ത്യയില്‍ നിര്‍മിച്ചതെന്നും പ്രധാനമന്ത്രി
ന്യൂ ഡെല്‍ഹി: സമ്പദ് വ്യവസ്ഥയെ ആകെ തച്ചുടച്ച കോവിഡ് മഹാമാരിക്കെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യയുടെ നിര്‍ണായക ചുവടുവെപ്പിന് ശനിയാഴ്ച്ച രാജ്യം സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഡിയോ കോണ്‍ഫറന്‍സിലൂടെ വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കം കുറിച്ചത്. രാജ്യത്തിന്റെ ഏറെ നാളായാുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് വാക്‌സിനുകളെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ദൗത്യത്തിനാണ് ഇന്ത്യയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. രണ്ട് വാക്‌സിനുകളും മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങളാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്നിപ്പോരാളികളുടെ ദുരിതം വികാരനിര്‍ഭരനായാണ് പ്രധാനമന്ത്രി വിവരിച്ചത്.
ദുഷ്പ്രചരണങ്ങളില്‍ ഒരിക്കലും പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ഡോസുകളുമെടുത്ത് രണ്ടാഴ്ച്ച കഴിഞ്ഞാലാണ് പ്രതിരോധ ശേഷി കൈവരിക. രണ്ടാംഘട്ടത്തില്‍ 30 കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും മോദി വ്യക്തമാക്കി.
1,52,093 പേരാണ് കോവിഡ് ആഘാതം കാരണം ഇന്ത്യയില്‍ മരിച്ചത്. സമ്പദ് വ്യവസ്ഥയാകെ തകര്‍ന്നടിയുകയും ചെയ്തു. വര്‍ഷങ്ങളെടുത്ത് വികസിപ്പിക്കുന്ന വാക്‌സിനുകളാണ് കേവലം ഒമ്പ് മാസങ്ങള്‍ക്കുള്ളില്‍ വികസിപ്പിച്ചതെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകരെയും ആരോഗ്യ പ്രവര്‍ത്തകരെയും മോദി അഭിനന്ദിച്ചു.
നമുക്ക് വിശ്വാസ്യതയുണ്ട്. നമ്മുടെ ട്രാക്ക് റെക്കോഡാണ് ആ വിശ്വാസ്യത നല്‍കിയത്. ലോകത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്ന വാക്‌സിനുകളുടെ 60 ശതമാനം ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയാണ്‌മോദി പറഞ്ഞു. ആത്മവിശ്വാസവും ആത്മനിര്‍ഭരതയുമാണ് ഇന്ത്യയുടെ വാക്‌സിന്‍ ദൗത്യത്തിന് ശക്തിപകരുന്ന യന്ത്രങ്ങളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു ഡോസിന് 5000 രൂപ വിലവരുന്ന വിദേശ വാക്‌സിനുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനുകള്‍ക്ക് ഈ മാസം ആദ്യമാണ് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനെക്കയും ചേര്‍ന്നാണ് കോവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇന്ത്യയില്‍ ഇത് നിര്‍മിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. അതേസമയം കോവാക്‌സിന്‍ വികസിപ്പിച്ചത് ഭാരത് ബയോടെക്കാണ്.
രണ്ട് വാക്‌സിനുകള്‍ എടുക്കുന്നതിനിടയില്‍ ഒരു മാസത്തെ ഇടവേളയുണ്ടാകും. രണ്ട് ഡോസുകളും കൃത്യമായി എടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
1.1 കോടി കോവിഷീല്‍ഡ് വാക്‌സിനുകളും 55 ലക്ഷം കോവാക്‌സിന്‍ വാക്‌സിനുകളുമാണ് ഇന്ത്യ ഇതു വരെ സമാഹരിച്ചിരിക്കുന്നത്. രാജ്യത്തെ 3006 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്.
‘ആത്മവിശ്വാസവും ആത്മനിര്‍ഭരതയുമാണ് ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ദൗത്യത്തിന്റെ കാതല്‍’
കേരളത്തിലും കോവിഡ് വാക്സിന്‍
എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലുമാണ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യും. മൊത്തം 133 കേന്ദ്രങ്ങളിലാണ് കോവിഡ് വാക്‌സിന്‍ കേരളത്തില്‍ വിതരണം ചെയ്യുന്നത്. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉല്‍പ്പാദിപ്പിച്ച ഏകദേശം 4.4 ലക്ഷത്തോളം ഡോസുകളാണ് കേരളത്തിലേക്ക് എത്തുന്നത്.
വാക്സിന്‍ വിതരണം കേരള സമൂഹത്തെ സംബന്ധിച്ച് ആശ്വാസകരമായ അനുഭവമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. 133 കേന്ദ്രത്തിലാണ് വാക്സിന്‍ നടത്താന്‍ അനുവാദമുള്ളത്. സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, പട്ടണങ്ങള്‍, ഗ്രാമീണമേഖലകള്‍,സെന്ററുകള്‍, സ്വകാര്യമേഖലകളിലുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്ലെല്ലാമാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്.
നമുക്ക് വിശ്വാസ്യതയുണ്ട്. നമ്മുടെ ട്രാക്ക് റെക്കോഡാണ് ആ വിശ്വാസ്യത നല്‍കിയത്. ലോകത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്ന വാക്‌സിനുകളുടെ 60 ശതമാനം ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയാണ് : മോദി