ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം. ടിപിആര്‍ 15ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
എ, ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ മുഴുവന്‍ ജീവനക്കാരോടെയും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ വിഭാഗീകരിക്കുന്നത് പുനഃക്രമീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അടുത്ത ഒരാഴ്ച കാലയളവില്‍ ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബി വിഭാഗത്തിലും 10 മുതല്‍ 15 വരെയുള്ളവ ഡി വിഭാഗത്തിലും വരും.
ഇതുവരെ 18നു മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങളെയാണ് അതിതീവ്രവ്യാപന മേഖലകള്‍ എന്ന നിലയില്‍ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതാണ് 15ലേക്ക് മാറ്റി നിശ്ചയിച്ചിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളാണ് ഈ മേഖലകളില്‍ ഉണ്ടാവുക.
എ, ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ മുഴുവന്‍ ജീവനക്കാരോടെയും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കാം. സി വിഭാഗത്തില്‍ വരുന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 50 ശതമാനം ഹാജറോടെ പ്രവര്‍ത്തിക്കാം. ആദ്യ രണ്ട് വിഭാഗങ്ങളിലും റെസ്റ്റോറന്‍റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തോടു കൂടി രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും, ജിമ്മുകള്‍ക്കും എസി ഒഴിവാക്കി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. തുറന്ന പ്രദേശങ്ങളിലോ വായു സഞ്ചാരമുള്ള വലിയ ഹാളിലോ ആയിരിക്കണം ഇത്. പരമാവധി 20 പേരേ മാത്രമാണ് ഇതിന് അനുവദിക്കുക.
സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് അല്‍പ്പം മുകളിലായി തന്നെ തുടരുകയാണ്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും ടിപിആര്‍ താഴേക്ക് വരാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അനുവദിക്കുന്നതില്‍ കടുത്ത ജാഗ്രത വേണമെന്നാണ് ഉന്നത തല സമിതിയുടെ വിലയിരുത്തല്‍.
സംസ്ഥാനത്തെ ടൂറിസം ഡെസ്റ്റിനേഷനുകള്‍ ഘട്ടംഘട്ടമായി തുറക്കുമെന്ന് കഴിഞ്ഞയാഴ്ച ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ആരോഗ്യമന്ത്രി വീണ ജോര്‍ജും പ്രഖ്യാരിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് ടൂറിസം കേന്ദ്രങ്ങളിലെ താമസ സൗകര്യങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. വാക്സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക.
എ വിഭാഗത്തില്‍ 82 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പുതുക്കിയ വിലയിരുത്തല്‍ പ്രകാരം ഉള്ളത്. ബിയില്‍ 415, സിയില്‍ 362, ഡി യില്‍ 175 എന്നിങ്ങനെങ്ങനെയാണ് മറ്റ് വിഭാഗങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം. എല്ലാമേഖലകളിലെയും പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു നടപടിയെടുക്കും. കാസര്‍ഗോഡ് ആദിവാസി മേഖലയില്‍ രോഗവ്യാപനം ഉണ്ടാകുന്നത് നിയന്ത്രിക്കാന്‍ പ്രത്യേക നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. വാക്സിനേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പ്രവാസികളുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കേന്ദ്രസര്‍ക്കാരിന്‍റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനും നടപടിയെടുക്കും.