സംരംഭകരുടെ പരാതികള്‍ പരിഹരിക്കാന്‍ ‘മീറ്റ് ദ മിനിസ്റ്ററിന്’ തുടക്കം
1 min readപരാതികളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തും
കൊച്ചി: സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിക്ക് എറണാകുളത്ത് തുടക്കമായി. മുന്‍കൂട്ടി പരാതികള്‍ നല്‍കിയ സംരംഭകരെയാണ് വകുപ്പ് മന്ത്രി പി. രാജീവുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചിട്ടുള്ളത്. ഇന്നലെ കുസാറ്റില്‍ സംഘടിപ്പിച്ച വ്യവസായ പരാതി പരിഹാര അദാലത്തില്‍ 118 അപേക്ഷകളാണ് ലഭിച്ചത്.
ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരാതികള്‍ക്ക് അതിവേഗം തീര്‍പ്പുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇന്നലത്തെ അദാലത്തില്‍ പല പരാതികള്‍ക്കും പരിഹാരം ഉടനടി കാണാനിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റു ജില്ലകളിലെ സംരംഭകരുടെ പരാതികള്‍ കേള്‍ക്കുന്നതിനും മന്ത്രിയെത്തും. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ് 11-ാം ദിവസം തന്നെ വ്യവസായികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരം പരാതിപരിഹാര അദാലത്തുകള്‍ നടത്താനുള്ള തീരുമാനത്തില്‍ എത്തിയതെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പി. രാജീവ് അറിയിച്ചു.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരിശോധനകളുടെ പേരില്‍ കേരളത്തില്‍ നടത്താനിരുന്ന നിക്ഷേപം പിന്‍വലിക്കുന്നതായി അടുത്തിടെ കിറ്റെക്സ് ഗാര്‍മെന്‍റ്സ് മാനേജിംഗ് ഡയറക്റ്റര്‍ സാബു ജേക്കബ്ബ് പ്രഖ്യാപിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷം മോശമാണെന്ന പ്രതിച്ഛായ നല്‍കുന്നതിനെതിരേ വ്യവസായ മന്ത്രി തന്നെ നേരിട്ട് പ്രതികരിക്കുകയും ചെയ്തിരുന്നു. പരാതികളില്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള വ്യവസായികളുടെ പരാതികളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുന്ന വിധമായിരിക്കും നിയമത്തിന് രൂപം നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വ്യവസായികളില്‍ നിന്ന് വരുന്ന പരാതികളില്‍ ഭൂരിപക്ഷവും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടതാണ്. ഇത്തരം പരാതികളില്‍ ഇടപെടാന്‍ വ്യവസായ വകുപ്പിനുള്ള പരിമിതി പരിഹരിക്കുന്നതിന് വ്യവസായ പരാതിപരിഹാര സമിതിക്ക് രൂപം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ ഏകജാലക സംവിധാനത്തിലൂടെ ചുരുങ്ങിയ കാലയളവില്‍ എഴുപതിനായിരത്തിലധികം എംഎസ്എംഇ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാരും വ്യവസായ സമൂഹവും സംയുക്തമായി അന്തരീക്ഷം ഒരുക്കുകയാണ്. വിവിധ ജില്ലകളില്‍ വ്യവസായ രംഗത്തു നിന്നു വരുന്ന പരാതികള്‍ പരിഹരിക്കുന്നതിന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുസാറ്റില്‍ നടന്ന പരിപാടിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിമാരായ കെ. ഇളങ്കോവന്‍, എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വികസന കോര്‍പ്പറേഷന്‍ എം.ഡി എം.ജി രാജമാണിക്യം, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ബിജു എബ്രഹാം വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഓരോ ജില്ലയിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം സംരംഭങ്ങള്‍ ആരംഭിച്ചവരേയോ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരേയോ ആണ് പരിപാടിയുടെ ഭാഗമായി നേരില്‍ കാണുക. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, തദ്ദേശ വകുപ്പ്, ലീഗല്‍ മെട്രോളജി, മൈനിംഗ് ആന്‍റ് ജിയോളജി, അഗ്നിശമനസേന തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍, ചുമതലയുള്ള ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ മന്ത്രിക്കൊപ്പം ഉണ്ടാകും. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തും 19ന് രാവിലെ 10ന് കോട്ടയത്തും പരിപാടി നടക്കും. മറ്റു ജില്ലകളിലെ തീയതി നിശ്ചയിച്ചിട്ടില്ല.
പരാതികളോ പ്രശ്നങ്ങളോ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ അവ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ ഈ മെയില്‍ വഴിയോ മുന്‍കൂട്ടി നല്‍കണം. പരാതിയുടെ പകര്‍പ്പ് ാലലവേേലാശിശലെേൃ@ഴാമശഹ.രീാ എന്ന ഇ-മെയിലിലും നല്‍കണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക. കാണേണ്ട സമയം അപേക്ഷകരെ മുന്‍കൂട്ടി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്ന് അറിയിക്കും.