കഴിഞ്ഞവര്‍ഷം 2644 വിമതര്‍ കീഴടങ്ങി
വടക്കുകിഴക്കന്‍ മേഖല ശാന്തമാകുന്നതായി റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖല ക്രമേണ ശാന്തമാകുന്നതായി ആഭ്യന്തരമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്.അക്രമങ്ങള്‍ പൊതുവെ കുറഞ്ഞു, വിമത സംഘടനകളില്‍നിന്നുള്ളവര്‍ കൂട്ടമായി ആയുധം താഴെവെച്ച് മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നു. കഴിഞ്ഞവര്‍ഷം 2644 വിമതരാണ് സുരക്ഷാ സേനയ്ക്കുമുമ്പില്‍ കീഴടങ്ങിയത്. ഇതിനുമുമ്പ് ഏറ്റവും കൂടുതല്‍ പേര്‍ കീഴടങ്ങിയത് 2000 ല്‍ ആണ്. അന്ന് 1,962 തീവ്രവാദികള്‍ ആയുധം ഉപേക്ഷിച്ചത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ 2014 നെ അപേക്ഷിച്ച് 80 ശതമാനം കുറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട സിവിലിയന്‍ മരണങ്ങള്‍ 99 ശതമാനവും കുറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം. 1999 ന് ശേഷം ആദ്യമായി 2020 ല്‍ സിവിലിയന്‍ മരണങ്ങള്‍ ഒറ്റ അക്കത്തില്‍ (രണ്ട്) എത്തി. സുരക്ഷാ സേനയില്‍ ഉണ്ടാകുന്ന മരണം 75% കുറഞ്ഞു.
2000 ല്‍ ഈ പ്രദേശത്ത് കലാപം ഉണ്ടായപ്പോള്‍ 1,923 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ പ്രദേശത്ത് ഏറ്റവുമധികം സിവിലിയന്‍ കൊലപാതകങ്ങള്‍ (907) നടന്നത് 2000 ലാണ്. ഈ മേഖലയില്‍ 1999ല്‍ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലുകളില്‍ 208 സൈനികര്‍ക്കാണ് ജിവന്‍ നഷ്ടമായത്. എന്നാല്‍ 2020ല്‍ ഇത് അഞ്ചായി കുറഞ്ഞു.
എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷത്തിനുശേഷം, പ്രത്യേകിച്ചും 2015 മുതല്‍, കലാപം ഗണ്യമായി കുറഞ്ഞുവെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. 2019 ല്‍ ഈ മേഖലയില്‍ 70 ശതമാനം അക്രമങ്ങള്‍ കുറഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി ജി ആഭ്യന്തരമന്ത്രി ജി കിഷന്‍ റെഡ്ഡി കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു. കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 80% കുറവും കീഴടങ്ങുന്ന കലാപകാരികളുടെ എണ്ണം 1600 ശതമാനത്തിലധികം വര്‍ദ്ധിച്ചതും സര്‍ക്കാരിന്‍റെ നേട്ടമാണെന്ന് മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുരക്ഷാ സ്ഥിതി മെച്ചപ്പെട്ടതിനാല്‍ 1958 ലെ സായുധ സേന (പ്രത്യേക അധികാരങ്ങള്‍) നിയമം മേഘാലയയില്‍ നിന്നും ത്രിപുരയില്‍ നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്യുകയും അരുണാചല്‍ പ്രദേശില്‍ അതിന്‍റെ ഉപയോഗം കുറയ്ക്കുകയും ചെയ്തു. ചുരുക്കത്തില്‍, അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളിലെ സുരക്ഷാ സ്ഥിതി തൃപ്തികരമായ തലത്തിലേക്ക് മെച്ചപ്പെട്ടു കഴിഞ്ഞു.