നൂറ് ശതമാനം വില്‍പ്പന വളര്‍ച്ച! ലംബോര്‍ഗിനി ഇന്ത്യയില്‍ നേടിയത് ഇരട്ടി വില്‍പ്പന
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 26 കാറുകളാണ് ഇന്ത്യയില്‍ വിറ്റത്
ന്യൂഡെല്‍ഹി: 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ലംബോര്‍ഗിനി നേടിയത് ഇരട്ടി വില്‍പ്പന. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 26 കാറുകളാണ് ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ വിറ്റത്. നൂറ് ശതമാനം വില്‍പ്പന വളര്‍ച്ച! 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ 13 കാറുകളാണ് വിറ്റിരുന്നത്. ലംബോര്‍ഗിനിയുടെ ഈ വില്‍പ്പന വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തത് ഉറുസ് മോഡലാണ്. ലംബോര്‍ഗിനിയുടെ ഈ സൂപ്പര്‍ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് ഇന്ത്യയില്‍ ഡിമാന്‍ഡ് ഏറെയാണ്.
ഇന്ത്യയില്‍ പുതിയ മോഡലുകള്‍ ഒന്നൊന്നായി അവതരിപ്പിച്ചുവരികയാണ് ലംബോര്‍ഗിനി. ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡറാണ് ഏറ്റവുമൊടുവില്‍ ഇന്ത്യയിലെത്തിയത്. ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി കൂപ്പെയുടെ കണ്‍വെര്‍ട്ടിബിള്‍ വേര്‍ഷനാണ് ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍. എഡബ്ല്യുഡി വേര്‍ഷനുകളും ഇന്ത്യയില്‍ വില്‍ക്കുന്നു. ലംബോര്‍ഗിനി അവന്റഡോര്‍ കാറുകളും രാജ്യത്ത് ലഭ്യമാണ്. അതേസമയം, വില്‍പ്പന കണക്കുകളില്‍ ലംബോര്‍ഗിനി ഉറുസ് ഒന്നാമത് നില്‍ക്കുന്നു.
ഇന്ത്യയിലെ സൂപ്പര്‍ ലക്ഷ്വറി സെഗ്‌മെന്റില്‍ കൊവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. എന്നാല്‍ ഇറ്റാലിയന്‍ ബ്രാന്‍ഡിനെ ഇതൊന്നും ബാധിച്ചില്ല എന്ന് വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ സൂപ്പര്‍ ലക്ഷ്വറി സെഗ്‌മെന്റില്‍ വില്‍പ്പനയില്‍ 2019 ല്‍ 18 ശതമാനവും 2020 ല്‍ 30 ശതമാനവും ഇടിവാണ് നേരിട്ടത്. ഈ സെഗ്‌മെന്റിലെ മറ്റ് കളിക്കാരായ പോര്‍ഷ, റോള്‍സ് റോയ്‌സ്, ഫെറാറി, ബെന്റ്‌ലി തുടങ്ങിയ ബ്രാന്‍ഡുകളുടെ വില്‍പ്പന പരിതാപകരമായിരുന്നു.
ദിവസങ്ങള്‍ക്കുമുമ്പാണ് ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്പൈഡര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 3.54 കോടി രൂപ മുതലാണ് എക്സ് ഷോറൂം വില. 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, വി10 പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 602 ബിഎച്ച്പി കരുത്തും 560 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 3.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 324 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഓപ്പണ്‍ ടോപ്പിന്റെ പിറകിലെ വിന്‍ഡ്സ്‌ക്രീന്‍ ഡ്രൈവര്‍ക്ക് ഉയര്‍ത്താനും താഴ്ത്താനും കഴിയും. ഇതുവഴി കാബിനില്‍ വി10 സിംഫണി ആസ്വദിക്കാം!