ഇന്ത്യയിലെ ‘മോസ്റ്റ് വെല്‍ക്കമിംഗ് റീജിയന്‍’ പട്ടികയില്‍ കേരളം ഒന്നാമത്
തിരുവനന്തപുരം: വിനോദസഞ്ചാരികളെ ഏറ്റവുമധികം സ്വാഗതം ചെയ്യുന്ന പ്രദേശമെന്ന ഖ്യാതി നേടി കേരളം. പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ് ഫോമായ ബുക്കിംഗ് ഡോട്ട് കോം ആഗോളാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലാണ് ‘മോസ്റ്റ് വെല്‍ക്കമിംഗ് റീജിയന്‍’ വിഭാഗത്തില്‍ കേരളം ഒന്നാമതെത്തിയത്.
വിനോദസഞ്ചാരികളില്‍ നിന്നുള്ള 232 ദശലക്ഷത്തിലധികം പരിശോധനാ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാര പട്ടിക തയ്യാറാക്കിയത്. ഗോവ, പുതുച്ചേരി, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു തൊട്ടുപിറകെയുള്ളത്. ആതിഥ്യമര്യാദ, സൗഹൃദാന്തരീക്ഷം, കോവിഡ് കാലത്തെ ആരോഗ്യ, ശുചിത്വ പരിപാലനം തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് പുരസ്കാരം. പത്താമത് വാര്‍ഷിക ട്രാവലര്‍ റിവ്യൂ അവാര്‍ഡാണിത്.
കേരളത്തിലെ മാരാരിക്കുളം, തേക്കടി, വര്‍ക്കല എന്നിവ ഇന്ത്യയില്‍ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ സ്വാഗതം ചെയ്യുന്ന അഞ്ച് പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഗോവയിലെ പാലോലം, അഗോണ്ട എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഈ പ്രദേശങ്ങളെല്ലാം ആഭ്യന്തര സഞ്ചാരികളുടെ തീരദേശ, ജല യാത്രകളോടുള്ള ഇഷ്ടം വെളിപ്പെടുത്തുന്നു.
ദശലക്ഷക്കണക്കിന് സഞ്ചാരികളുടെ പരിശോധിച്ചുറപ്പിച്ച അവലോകനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ അവാര്‍ഡ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ടൂറിസം ഡയറക്ടര്‍ വി.ആര്‍ കൃഷ്ണതേജ പറഞ്ഞു. ഇതുവരെ കണ്ടെത്താത്തതും അനന്തസാധ്യതകളുള്ളതുമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആസ്വദിക്കാവുന്ന കാരവന്‍ കേരള ഉള്‍പ്പെടെ നിരവധി നവീന പദ്ധതികള്‍ സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാന്‍ ഈ അംഗീകാരം പ്രചോദനമേകും.
ബയോ ബബിള്‍ സംവിധാനം, കാരവന്‍ കേരള, ജൈവവൈവിധ്യ സര്‍ക്യൂട്ട്, മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്, അഗ്രി-ടൂറിസം നെറ്റ് വര്‍ക്ക്, ഇന്‍-കാര്‍ ഡൈനിംഗ് എന്നിവ അടുത്തിടെ കേരള ടൂറിസം ആരംഭിച്ച പദ്ധതികളാണ്. പുരാതന തുറമുഖ നഗരമായ ബേപ്പൂരിന്‍റെ പൈതൃകം. ലോകശ്രദ്ധയില്‍ കൊണ്ടുവന്ന് മാതൃകാ ഉത്തരവാദിത്ത ടൂറിസം ഹബ്ബായി വികസിപ്പിക്കാനുള്ള പദ്ധതിയും നടന്നുവരുന്നു. താമസ സൗകര്യത്തിനായി ഹോട്ടലുകളോടാണ് ആഭ്യന്തര സഞ്ചാരികള്‍ക്ക് ഏറ്റവുമധികം താത്പര്യമെന്ന് സര്‍വ്വേയില്‍ പറയുന്നു. ഹോംസ്റ്റേ, റിസോര്‍ട്ട്, ഗസ്റ്റ്ഹൗസ്, അപ്പാര്‍ട്ടുമെന്‍റുകള്‍ എന്നിവയാണ് പിന്നീട്.
2022 ല്‍ ലോകത്ത് ഏറ്റവും സ്വാഗതാര്‍ഹമായ പ്രദേശങ്ങളില്‍ ഗോറെന്‍ജ് സ്ക (സ്ലൊവേനിയ), ടൈറ്റംഗ് കൗണ്ടി (തായ് വാന്‍), ടാസ്മാനിയ (ഓസ്ട്രേലിയ) എന്നിവ ഉള്‍പ്പെടുന്നു. കൊളംബിയ (8082), ന്യൂസിലന്‍ഡ് (7355), തായ് വാന്‍ (7350), ചിലി (7267) എന്നിവയ്ക്ക് മുന്നിലാണ് ഇന്ത്യയുടെ (9062) റാങ്ക്.