October 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

55,000 വാണിജ്യ കൂടിക്കാഴ്ചകള്‍ക്ക് വേദിയായി കെടിഎം

1 min read

തിരുവനന്തപുരം: കൊവിഡ് വെല്ലുവിളികളെ അതിജീവിച്ച് ആഭ്യന്തര-വിദേശ സഞ്ചാരികളെ വരവേല്‍ക്കാന്‍ കേരള ടൂറിസം തയ്യാറാണെന്ന സന്ദേശം ലോകജനതയില്‍ എത്തിക്കുന്നതില്‍ രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍മാര്‍ട്ട് (കെടിഎം) സുപ്രധാന പങ്കുവഹിച്ചതായി കെടിഎം അവലോകന വാര്‍ത്താസമ്മേളനത്തില്‍ മേഖലയിലെ പ്രമുഖര്‍ വ്യക്തമാക്കി. ഈ മാസം അഞ്ചു മുതല്‍ എട്ടു വരെ കൊച്ചിയിലായിരുന്നു കെടിഎം നടന്നത്.

കൂടുതല്‍ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കെടിഎം രണ്ടു വര്‍ഷക്കാലം കൊവിഡ് മങ്ങലേല്‍പ്പിച്ച ടൂറിസം മേഖലയ്ക്ക് ഏറെ ഊര്‍ജം പകര്‍ന്നതായി ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് പറഞ്ഞു. കൂടുതല്‍ രാജ്യാന്തര-ആഭ്യന്തര ബയര്‍മാരെ ഒരുകുടക്കീഴില്‍ അണിനിരത്തുന്നതില്‍ കെടിഎം വിജയിച്ചു. ലോകമെമ്പാടും ഖ്യാതി നേടിയ കേരള ടൂറിസത്തിന്‍റെ മുഖമുദ്ര ശക്തമായ പ്രചാരണമാണ്. കേരള ടൂറിസം അടുത്തിടെ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ മധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്‍പ്പെടെ വിദേശത്തുനിന്നും സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുമെന്നും കാരവന്‍ ടൂറിസം ഏറ്റവും മികച്ച ആശയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രത്യക്ഷത്തില്‍ ഫലവത്തായ വാണിജ്യകൂടിക്കാഴ്ചകള്‍ക്കും സെമിനാറുകള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയായ കെടിഎം സഞ്ചാരികളില്‍ കേരള ടൂറിസം മേഖലയെക്കുറിച്ചുള്ള കൊവിഡാനന്തര ആശങ്കകള്‍ അകറ്റാന്‍ സഹായകമായതായി ടൂറിസം ഡയറക്ടര്‍ വിആര്‍ കൃഷ്ണതേജ പറഞ്ഞു. കേരള ടൂറിസത്തിന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  കൊട്ടക് മ്യൂച്വല്‍ ഫണ്ട് കൊട്ടക് എംഎന്‍സി ഫണ്ട് എന്‍എഫ്ഒ

234 വിദേശ ബയര്‍മാരും 897 ആഭ്യന്തര ബയര്‍മാരുമുള്‍പ്പെടെ 1200 ഓളം ബയര്‍മാര്‍ പങ്കെടുത്ത കെടിഎമ്മില്‍ മൂന്ന് ദിവസത്തിനുള്ളില്‍ 55,000 വാണിജ്യ കൂടിക്കാഴ്ചകള്‍ നടന്നതായി കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു സോമതീരം പറഞ്ഞു. ആഭ്യന്തര ബയര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള ചേരുവകളാണ് ഇക്കുറി കേരളത്തിലെ ടൂറിസം സംരംഭകര്‍ മുന്നോട്ടുവച്ചത്. രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്നും 59 വിദേശ രാജ്യങ്ങളില്‍ നിന്നും പ്രാതിനിധ്യം ഉണ്ടായിരുന്നു. കെടിഎമ്മിന്‍റെ സോഫ്റ്റ് വെയര്‍ വഴി മാത്രം 49,000 കൂടിക്കാഴ്ചകള്‍ നടന്നു. ഇതു കൂടാതെ 6000 അനുബന്ധ കൂടിക്കാഴ്ചകളും നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു മാര്‍ട്ടിലെ കൂടിക്കാഴ്ചകള്‍. എങ്കിലും ഇതിലുപരിയായി നേരിട്ടുള്ള കൂടിക്കാഴ്ചകളും നടക്കുകയുണ്ടായി. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് കൂടിക്കാഴ്ചകള്‍ തീരുമാനിക്കാന്‍ സാധിക്കുമെന്നതിനാല്‍ ആയാസരഹിതവും ലളിതവുമായിരുന്നു ഈ പ്രക്രിയ. 2018 ലെ കെടിഎം പത്താം ലക്കത്തെ കൂടിക്കാഴ്ചകളില്‍ നിന്നും ഗണ്യമായ വര്‍ധനയാണ് നാലു വര്‍ഷത്തിനിപ്പുറമുണ്ടായത്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ബയര്‍ പ്രാതിനിധ്യം കുറവായിരുന്നിട്ടു കൂടി ഇത്രയധികം കൂടിക്കാഴ്ചകള്‍ നടന്നത് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കെടിഎമ്മിനെ വളരെ ഗൗരവത്തോടെ കാണുന്നതിന്‍റെ തെളിവാണ്. 2018 ല്‍ നടന്ന കെടിഎമ്മില്‍ 30,000 ഓളം കൂടിക്കാഴ്ചകളാണ് നടന്നത്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറിയതിന് ശേഷം നടന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര സമ്മേളനമായിരുന്നു കേരള ട്രാവല്‍ മാര്‍ട്ട്.

  ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ടെക്നോപാര്‍ക്കിന്

ട്രാവല്‍ മാര്‍ട്ടിന് ശേഷം സംസ്ഥാനത്തിനു പുറത്തുനിന്നും വന്ന മാധ്യമപ്രവര്‍ത്തകരെയും ബയേഴ്സിനെയും ഉള്‍പ്പെടുത്തി നടത്തിയ ടൂര്‍ പരിപാടി ഏറെ ഗുണകരമായി. വിദേശ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും കേരളത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ വന്നു. മലബാര്‍ ടൂറിസമാണ് ഇക്കുറി കെടിഎം മുന്നോട്ടു വച്ച ആകര്‍ഷണങ്ങളിലൊന്ന്. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന് കേരളത്തിന്‍റെ ടൂറിസം മേഖലയിലുള്ള പ്രാധാന്യം മനസിലാക്കാനും ഇതു കൊണ്ട് സാധിച്ചു. ആദ്യമായാണ് വിമാനം ചാര്‍ട്ടര്‍ ചെയ്ത് സഞ്ചാരികളെ മലബാര്‍ ടൂറിസം വീക്ഷിക്കാന്‍ എത്തിച്ചത്.

ഇത് കൂടാതെ മധ്യകേരളം, തെക്കന്‍ കേരളം എന്നിവ ഉള്‍പ്പെടുത്തി രണ്ട് പ്രത്യേക ടൂര്‍ പരിപാടികളും കെടിഎമ്മിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. വിദേശത്തു നിന്നും രാജ്യത്തിന്‍റെ മറ്റ് സംസ്ഥാനത്തു നിന്നുമായി ആകെ 500 ഓളം പേരാണ് ടൂര്‍ പരിപാടികളില്‍ പങ്കെടുത്തത്.

  ആദിത്യ ഇന്‍ഫോടെക് ലിമിറ്റഡ് ഐപിഒയ്ക്ക്

ടൂറിസത്തില്‍ കേരളം അവതരിപ്പിച്ച പുതിയ ഉത്പന്നമായ കാരവാന്‍, ആയുര്‍വേദ ടൂറിസം, പഞ്ചകര്‍മ്മകേന്ദ്രങ്ങള്‍, സ്പാ, പുരവഞ്ചികള്‍, ചാമ്പ്യന്‍സ് ബോട്ട് ലീഗ്, ഉത്തരവാദിത്ത ടൂറിസം, റിസോര്‍ട്ട്, ഹോംസ്റ്റേ തുടങ്ങിയവയുടെ വിപുലമായ പ്രദര്‍ശനമാണ് മാര്‍ട്ടില്‍ ഒരുക്കിയത്. വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് മാര്‍ട്ട് നടന്നത്. ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ ഹരിതമാനദണ്ഡങ്ങള്‍ പാലിച്ച് 325 സ്റ്റാളുകളാണ് കെടിഎമ്മിനായി ഒരുക്കിയത്. ടൂറിസം മേഖലയിലെ സുപ്രധാന വിഷയങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് അഞ്ച് സെമിനാറുകളും ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ച് നടന്നു.

കൊവിഡാനന്തര കാലമായതിനാല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ആഭ്യന്തര സഞ്ചാരികളെ മുന്‍നിറുത്തിയുള്ള വിപണന തന്ത്രങ്ങളാണ് കെടിഎമ്മില്‍ സെല്ലര്‍മാര്‍ കൈക്കൊണ്ടത്. മറ്റൊരിടത്തും ഇത്തരത്തിലുള്ള മാര്‍ട്ട് നടന്നില്ലെന്നതും കെടിഎമ്മിന് ഗുണകരമായി. പൂര്‍ണമായും സുരക്ഷിതവും സജ്ജവുമാണ് കേരളത്തിലെ ടൂറിസം രംഗമെന്ന് രാജ്യത്തിന്‍റെ മറ്റ് സംസ്ഥാനങ്ങളിലുള്ള ട്രാവല്‍ ഏജന്‍റുമാരെ ബോധ്യപ്പെടുത്താനും ഇതിലൂടെ കഴിഞ്ഞു.

Maintained By : Studio3