October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബയര്‍ രജിസ്ട്രേഷനില്‍ റെക്കോര്‍ഡുമായി കേരള ട്രാവല്‍ മാര്‍ട്ട് 2024

1 min read

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കെടിഎമ്മിലെ ബയര്‍ രജിസ്ട്രേഷന്‍ സര്‍വകാല റെക്കോര്‍ഡുമായി 2800 കടന്നെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ വ്യക്തിഗത ട്രാവല്‍ മേളയായി 24 വര്‍ഷത്തെ പാരമ്പര്യമുള്ള കേരള ട്രാവല്‍ മാര്‍ട്ട് മാറി. സെപ്തംബര്‍ 26 ലെ ഉദ്ഘാടനത്തിന് ശേഷം 27 മുതല്‍ 29 വരെ വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് കേരള ട്രാവല്‍ മാര്‍ട്ട് നടക്കുന്നത്. കെടിഎം 2024 ലെ ബിസിനസ് സെഷനുകള്‍ സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നടക്കും. കെടിഎമ്മുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന കെടിഎം മൊബൈല്‍ ആപ്പും മന്ത്രി പുറത്തിറക്കി. കെടിഎം മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഒഎസിലും ലഭ്യമാണ്.

കേരളത്തിന്‍റെ വിനോദസഞ്ചാര മേഖലയിലെ സാധ്യതകളെ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും മാര്‍ക്കറ്റ് ചെയ്യാന്‍ കെടിഎം എല്ലാ ഘട്ടങ്ങളിലും ഏറെ സഹായകരമായിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു. കെടിഎം ട്രാവല്‍മാര്‍ട്ട് സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന ഈ അവസരത്തില്‍ തന്നെ ആഭ്യന്തര-അന്താരാഷ്ട്ര വിപണികള്‍ കേന്ദ്രീകരിച്ച് കേരള ടൂറിസം ക്യാമ്പയിനുകള്‍ ആരംഭിക്കും. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വയനാടിന് കൂടി പ്രാമുഖ്യം കൊടുത്തു കൊണ്ടാണ് ക്യാമ്പയിനുകള്‍ ആരംഭിക്കുക. ചൂരല്‍മല ദുരന്തം വയനാട് ജില്ലയിലെ ടൂറിസം മേഖലയെ മൊത്തത്തില്‍ ബാധിച്ചിരുന്നു. അതിനെ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘എന്‍റെ കേരളം എന്നും സുന്ദരം’ എന്ന പേരിലെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ഇതിന്‍റെ ഭാഗമാണ്. കേരളത്തെ ഒരു ടൂറിസ്റ്റ് സംസ്ഥാനമാക്കി മാറ്റണമെന്ന സര്‍ക്കാരിന്‍റെ കാഴ്ചപ്പാടിലേക്കുള്ള പാതയായി കെടിഎമ്മിനെ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തിനോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കെടിഎമ്മിന്‍റെ സംഭാവന മന്ത്രി മുഹമ്മദ് റിയാസിന് കെടിഎം സൊസൈറ്റി മുന്‍ പ്രസിഡന്‍റ് ഇ എം. നജീബ് കൈമാറി. 2018 ലെ കെടിഎമ്മിലാണ് ഇതിനു മുമ്പ് ഏറ്റവുമധികം ബയര്‍ രജിസ്ട്രേഷന്‍ രേഖപ്പെടുത്തിയിരുന്നത്. അന്ന് വിദേശ-ആഭ്യന്തര ബയര്‍മാര്‍ 1305 ആയിരുന്നു. ഇക്കുറി ആഭ്യന്തര ബയര്‍ രജിസ്ട്രേഷന്‍ മാത്രം 2035 ലധികമുണ്ട്.

  ദുബായ് ജൈടെക്സ് ഗ്ലോബലില്‍ കേരളത്തില്‍ നിന്നുള്ള 30 കമ്പനികള്‍

76 രാജ്യങ്ങളില്‍ നിന്നായി ഇതു വരെ 808 വിദേശ ബയര്‍മാരാണ് കെടിഎം 2024 നായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുകെ(67), യുഎസ്എ(55), ഗള്‍ഫ്(60), യൂറോപ്പ്(245), റഷ്യ(34), എന്നിവിടങ്ങളില്‍ നിന്നുള്ള ഉജ്ജ്വല പ്രതികരണത്തിന് പുറമേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍(41) നിന്ന് അഭൂതപൂര്‍വമായ രജിസ്ട്രേഷനാണ് വരുന്നത്. മഹാരാഷ്ട്ര(578), ഡല്‍ഹി(340), ഗുജറാത്ത്(263) എന്നിവിടങ്ങളില്‍ നിന്നാണ് ആഭ്യന്തര ബയര്‍മാര്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എട്ട് വിഭാഗങ്ങളിലായി 344 സ്റ്റാളുകളാണ് ഇത്തവണ ക്രമീകരിക്കുക. കൂടാതെ ഇന്ത്യാ ടൂറിസം, കര്‍ണാടക ടൂറിസം തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്‍റെ പൂര്‍ണ സഹകരണം ഉറപ്പ് വരുത്തിയിട്ടുണ്ട്. ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ്, കെടിഎം സൊസൈറ്റി സെക്രട്ടറി സ്വാമിനാഥന്‍. എസ്, കെടിഎം സൊസൈറ്റി മുന്‍ പ്രസിഡന്‍റുമാരായ ഇ. എം നജീബ്, ബേബി മാത്യു സോമതീരം എന്നിവരും പങ്കെടുത്തു. ബിടുബി കൂടിക്കാഴ്ചകളും മാര്‍ട്ടിന്‍റെ നടത്തിപ്പും സുഗമമാക്കിയിരുന്ന സോഫ്റ്റ് വെയര്‍ പരിഷ്കരിച്ചിട്ടുണ്ട്. കൂടാതെ ആദ്യമായി കെടിഎം മൊബൈല്‍ ആപ്പും ഇക്കുറിയുണ്ടാകും. ബയര്‍-സെല്ലര്‍ കൂടിക്കാഴ്ചകള്‍ ക്രമീകരിക്കുന്നതും നിയന്ത്രിക്കുന്നതും ഈ ആപ്പ് വഴിയാകും. ഹരിതമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ഉറപ്പ് വരുത്തും. 2022 ല്‍ നടന്ന പതിനൊന്നാമത് കേരള ട്രാവല്‍ മാര്‍ട്ടില്‍ 55,000 ലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് മൂന്ന് ദിവസം കൊണ്ട് നടന്നത്. രാജ്യത്തിനകത്തു നിന്നും 900 പേരും വിദേശത്ത് നിന്നും 234 പേരുമടക്കം 1134 ബയര്‍മാര്‍ കെടിഎമ്മിനെത്തി. 302 സെല്ലര്‍ സ്റ്റാളുകളാണ് കെടിഎം -2022 ല്‍ ഉണ്ടായിരുന്നത്. സെപ്തംബര്‍ 22 മുതല്‍ 26 വരെ പ്രീ-മാര്‍ട്ട് ടൂര്‍ നടക്കും. മാധ്യമപ്രവര്‍ത്തകര്‍, വ്ളോഗര്‍മാര്‍, ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്നിവര്‍ക്കാണ് പ്രീ-മാര്‍ട്ട് ടൂര്‍ നടക്കുന്നത്. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ നാല് വരെ മാര്‍ട്ടിനെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട ബയര്‍മാരെ ഉള്‍പ്പെടുത്തി പോസ്റ്റ് മാര്‍ട്ട് ടൂറുകളും ഉണ്ടാകും. വ്യത്യസ്ത അഭിരുചിയുള്ള ടൂറിസ്റ്റുകള്‍ക്ക് ഇണങ്ങും വിധം വിവിധ ടൂര്‍ ക്രമീകരണം ഇത്തവണ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്‍റെ സാംസ്ക്കാരിക കലാപാരമ്പര്യങ്ങള്‍ കാണിക്കുന്നതിനായുള്ള വിവിധ യാത്രാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ഫാം സ്റ്റേ പരിചയപ്പെടുത്തുന്നതിനുള്ള രണ്ട് ടൂറുകളും വിഭാവനം ചെയ്തിട്ടുണ്ട്. വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ സംസ്ഥാനത്തിന് കൂടുതല്‍ പ്രാധാന്യം കെടിഎമ്മിലുണ്ടാകും. ആഗോള സമ്മേളനങ്ങള്‍ക്ക് ആതിഥ്യമരുളുന്ന മൈസ് ടൂറിസം (എംഐസിഇ-മീറ്റിംഗ്സ് ഇന്‍സെന്‍റീവ്സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ്) വിഭാഗത്തിലും കൂടുതല്‍ പ്രധാന്യം കെടിഎമ്മില്‍ കൈവരും. ജി20 ഉച്ചകോടിയുടെ അനുബന്ധ സമ്മേളനം കുമരകം, കോവളം എന്നിവിടങ്ങളില്‍ നടത്തിയത് ഈ ദിശയില്‍ വലിയ സാധ്യത തുറന്നു നല്‍കിയിട്ടുണ്ട്. 2000-മാണ്ടില്‍ സ്ഥാപിതമായ കെടിഎം സൊസൈറ്റിയാണ് രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് നടത്തുന്നത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ളതും അന്താരാഷ്ട്ര പ്രതിനിധികളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ളതുമായ ടൂറിസം സമ്മേളനമാണിത്.

  30 കഴിഞ്ഞ സ്ത്രീകളില്‍ സന്ധിവാത സാധ്യത കൂടുന്നു
Maintained By : Studio3