ചീവനിംഗ് സ്കോളര്‍ഷിപ്പ് കെഎസ് യുഎമ്മില്‍, 175 വനിതകളുടെ കൂടിക്കാഴ്ച
കൊച്ചി: നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക പ്രശസ്ത ചീവനിംഗ് സ്കോളര്‍ഷിപ്പ് അലുമിനി കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് 175 വനിതകളുടെ കൂടിക്കാഴ്ച നടത്തി. സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ പശ്ചാത്തലത്തിലുള്ള വനിതകളാണ് കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ചീവനിംഗ് അലുമിനിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കെഎസ് യുഎമ്മിലെ വനിതാസംരംഭകര്‍, ഡിജിറ്റല്‍ സര്‍വകലാശാല, സാങ്കേതികസര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുത്തു.
കാലാവസ്ഥാ വ്യതിയാനം, നിര്‍മ്മിതബുദ്ധി, ഹരിതോര്‍ജ്ജം, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്‍കുബേഷന്‍, എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള സമ്പദ് വ്യവസ്ഥ, ആരോഗ്യമേഖല, ഉത്പാദനമേഖല എന്നിവയിലൂന്നിയായിരുന്നു സെഷനുകള്‍. ചീവനിംഗ് അലുമിനിയില്‍ നിന്ന് 25 പേരാണ് ചര്‍ച്ചകള്‍ നയിച്ചത്. വനിതകളുടെ പൂര്‍ണശേഷി ഉപയോഗപ്പെടുത്തി ലോകനേതാക്കളാകാന്‍ അവരെ പ്രാപ്തരാക്കുന്നതില്‍ ഇന്ത്യയും യുകെയും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് കേരളം, കര്‍ണാടക മേഖലകളുടെ ഡെ. ഹൈകമ്മീഷണര്‍ ചന്ദ്രു അയ്യര്‍ പറഞ്ഞു. രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ വിജ്ഞാന മേഖലയിലെ പാലമാണ് ചീവനിംഗ് സ്കോളര്‍ഷിപ്പെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുള്‍പ്പെടെ 160 രാജ്യങ്ങളില്‍ നിന്നുള്ള ബിരുദാനന്തര ബിരുദത്തിന് നല്‍കുന്ന സ്കോളര്‍ഷിപ്പാണ് ചീവനിംഗ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഈ സ്കോളര്‍ഷിപ്പ് ഏറ്റവുമധികം ലഭിച്ചത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ്. 3700 വിദ്യാര്‍ത്ഥികള്‍ക്കാണ് നാളിതുവരെ ഈ സ്കോളര്‍ഷിപ്പ് ലഭിച്ചത്. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, അനുപ്രിയ പട്ടേല്‍, ജി 20 ഷെര്‍പ അമിതാഭ് കാന്ത്, ടാറ്റ സ്റ്റീല്‍ ഗ്ലോബല്‍ സിഇഒ ടി വി നരേന്ദ്രന്‍ എന്നിവര്‍ ചീവനിംഗ് പൂര്‍വവിദ്യാര്‍ത്ഥികളാണ്.