October 2, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെഎസ് യുഎം സിഇഒ ആയി അനൂപ് അംബിക ചുമതലയേറ്റു

1 min read

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി അനൂപ് അംബിക ചുമതലയേറ്റു. സംരംഭകത്വത്തിലും അത്യാധുനിക സാങ്കേതികവിദ്യകളിലും കാല്‍നൂറ്റാണ്ടിലേറെയുള്ള പരിചയസമ്പത്തുമായാണ് അനൂപ് സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ അമരത്തേക്ക് എത്തുന്നത്. രാജ്യാന്തര സെയില്‍സ്-മാര്‍ക്കറ്റിംഗ്, നയരൂപീകരണം, നിര്‍മ്മിതബുദ്ധി, മെഷീന്‍ ലേര്‍ണിംഗ്, ലൈഫ് സയന്‍സസ്, ഐഡിയേഷന്‍ എന്നിവയില്‍ പ്രാഗല്‍ഭ്യമുണ്ട്. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ കഴിഞ്ഞമാസം പുറത്തിറക്കിയിരുന്നു.

കെഎസ് യുഎം വിഭാവനം ചെയ്ത ആശയങ്ങളിലുറച്ചുനിന്ന് സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തെ കരുത്താര്‍ജ്ജിപ്പിക്കുകയും സമൂഹത്തില്‍ നേരിട്ട് സ്വാധീനം ചെലുത്താവുന്ന നൂതന മേഖലകള്‍ മനസ്സിലാക്കുകയുമാണ് ലക്ഷ്യമെന്ന് അനൂപ് അംബിക പറഞ്ഞു. സംരംഭക സോഫ്റ്റുവെയറുകളിലൂന്നിയ കെഎസ് യുഎമ്മിന്‍റെ മികച്ച പ്രവര്‍ത്തനങ്ങളെക്കൂടാതെ ഭക്ഷണം, കുടിവെള്ളം, താങ്ങാനാകുന്ന ആരോഗ്യപരിരക്ഷ, സാമ്പത്തിക വിനിമയം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ബയോടെക് സ്ഥാപനമായ ജെന്‍പ്രോ റിസര്‍ച്ചിലെ സിഇഒ സ്ഥാനത്തു നിന്നുമാണ് അനൂപ് കെഎസ് യുഎമ്മില്‍ എത്തുന്നത്. ക്ലിനിക്കല്‍ ഡാറ്റാ മാനേജ്മെന്‍റ് സ്ഥാപനമായ ക്രിയാര സൊല്യൂഷന്‍സില്‍ 12 വര്‍ഷം സേവനം അനുഷ്ഠിച്ചിരുന്നു.

  ബോയിംഗ് 737 മാക്സ്-8 എയർക്രാഫ്റ്റുകള്‍ സ്വന്തമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

തിരുവനന്തപുരം സ്വദേശിയായ അനൂപ് കേരള സര്‍വ്വകലാശാലയില്‍ നിന്നും ബിടെക്കും കംപ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോഇന്‍ഫര്‍മാറ്റിക്സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായ ജനറല്‍ ഇലക്ട്രിക്കില്‍ ഡിസൈന്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ച അനൂപ് അവിടെ നിന്നും അമേരിക്കയിലെ ബോസ്റ്റണിലെ ലൂസന്‍റ് ടെക്നോളജീസില്‍ എത്തി. അവിടുത്തെ നോര്‍ട്ടെല്‍ നെറ്റ് വര്‍ക്ക്സില്‍ പ്രോജക്ട് ലീഡറായും ടെലിക്ക ഇന്‍കില്‍ പ്രോജക്ട് മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിരവധി ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളുടെ സഹസ്ഥാപകനായ അനൂപ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ കേരള നോളജ് ഇക്കണോമി മിഷനില്‍ പ്രതിനിധിയാണ്. കലാ-സാംസ്കാരിക സംഘാടകനായ അനൂപ് കേരളത്തിലെ ഐടി കമ്പനികളുടെ കലാ-സാംസ്കാരിക ഫോറമായ ‘നടന’യുടെ രക്ഷാധികാരിയായിരുന്നു.

  ഹോണ്ട ഇന്ത്യ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റിന്‍റെ അസോസിയേറ്റ് സ്പോണ്‍സറാകും
Maintained By : Studio3