കോവിഡ് പ്രതിസന്ധിക്കിടയിലും 112 കോടി രൂപ ലാഭം നേടി കെഎംഎംഎല്‍
1 min readവൈവിധ്യവല്‍ക്കരണവും നവീകരണവുമാണ് കുതിപ്പിന് വഴിയൊരുക്കിയതെന്ന് വ്യവസായ മന്ത്രി
തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ച് പൊതുമേഖലാ വ്യവസായ സ്ഥാപനം കെ എം എം എല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വന്തമാക്കിയത് 112 കോടി രൂപ ലാഭം. 783 കോടിയുടെ വിറ്റുവരവും സ്ഥാപനം സ്വന്തമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ സംസ്ഥാനത്തിന്‍റെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ സ്ഥാപനമാണ് കെഎംഎംഎല്‍. അഞ്ചുവര്‍ഷത്തിനിടെ 530 കോടി രൂപയുടെ ലാഭം കൈവരിച്ചു.
ടൈറ്റാനിയം സ്പോഞ്ച് യൂണിറ്റ് 2020-21ല്‍ അതിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനം കൈവരിച്ചു. 260 ടണ്‍ ഉല്‍പാദനം നടത്തിയ യൂണിറ്റ് 50 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭവും നേടി. 3.44 കോടിയുടെ ലാഭവുമായി മിനറല്‍ സെപ്പറേഷന്‍ യൂണിറ്റും മികച്ച നേട്ടമുണ്ടാക്കി. സ്ഥാപനത്തില്‍ നടപ്പാക്കിയ വൈവിധ്യവല്‍ക്കരണവും നവീകരണവുമാണ് കുതിപ്പിന് വഴിയൊരുക്കിയതെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറയുന്നു.
കമ്പനിയുടെ തനത് ഫണ്ടില്‍ നിന്നും 120 കോടിയോളം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കരിമണലില്‍ നിന്ന് ധാതുക്കള്‍ വേര്‍തിരിക്കുന്ന നവീന സംവിധാനമായ ‘ഫ്രോത്ത് ഫ്ളോട്ടേഷന്‍’ നടപ്പാക്കി. എല്‍പിജി-ക്കു പകരം എല്‍എന്‍ജി ഇന്ധനമാക്കി. ഇത് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാന്‍ സഹായിച്ചു. തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ എത്തിച്ചത് അസംസ്കൃത വസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കി.
ഊര്‍ജ്ജക്ഷമത കൂടിയതും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമായ പുതിയ 70 ടണ്‍ ഓക്സിജന്‍ പ്ലാന്‍റ് പ്രവര്‍ത്തനം തുടങ്ങി. സ്ഥാപനത്തിന്‍റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള ഓക്സിജന്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വിതരണം ചെയ്യാനും ആരംഭിച്ചു. പുറത്തു നിന്ന് ഓക്സിജന്‍ വാങ്ങുന്നത് ഒഴിവായതോടെ വര്‍ഷം 10 കോടിയോളം രൂപ ലാഭിക്കാനാകും. ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങിയ പ്ലാന്‍റില്‍ നിന്ന് ഇതുവരെ 1029 ടണ്‍ ഓക്സിജന്‍ മെഡിക്കല്‍ ആവശ്യത്തിനായി വിതരണം ചെയ്തു. മാസം 200 ടണ്ണോളം ഓക്സിജന്‍ ഇത്തരത്തില്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
30 കോടിയോളം രൂപയുടെ വിവിധ പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സൊസൈറ്റി വഴി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവന്ന 733 ലാപ്പാ തൊഴിലാളികളെ കമ്പനിയുടെ നേരിട്ടുള്ള കരാര്‍ തൊഴിലാളികളാക്കി താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചതും 2019-20ലെ സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് കരസ്ഥമാക്കാനായതും നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
കൊവിഡിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷയുടെ ഭാഗമായി പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിപ്രകാരം കമ്പനിയുടെ തരിശായി കിടന്ന ഭൂമി കൃഷിയോഗ്യമാക്കി. ഇവിടെ വിവിധയിനം പച്ചക്കറികള്‍, നെല്ല്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവ ഉല്‍പ്പാദിപ്പിച്ചു.