കേരളം മികച്ച വിവാഹ വിനോദസഞ്ചാര ഡെസ്റ്റിനേഷനാകും: പ്രചാരണ പരിപാടികളുമായി വിനോദ സഞ്ചാരവകുപ്പ്
തിരുവനന്തപുരം: കേരളത്തെ മികച്ച വിവാഹ വിനോദസഞ്ചാര ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള പ്രചാരണ പരിപാടികളുമായി വിനോദ സഞ്ചാരവകുപ്പ്. മൂന്ന് വ്യത്യസ്ത പ്രചാരണ പരിപാടികള്‍ക്ക് വിനോദ സഞ്ചാരവകുപ്പ് രണ്ടു കോടിയിലധികം രൂപ അനുവദിച്ചു. കേരളത്തിന്‍റെ വിവാഹ വിനോദസഞ്ചാര സാധ്യതകളെ ആഭ്യന്തര-വിദേശ സഞ്ചാരികളെ പരിചയപ്പെടുത്താനും അവരെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
‘ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കാമ്പെയ്ന്‍ എയര്‍പോര്‍ട്ട് ട്രാന്‍സ്ലൈറ്റ്സ്’, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കാമ്പെയ്ന്‍ സോഷ്യല്‍ മീഡിയ, ഗൂഗിള്‍ സെര്‍ച്ച് & ഡിസ്പ്ലേ ആഡ്സ്’, ‘ പ്രൊമോഷന്‍ ഓഫ് ഡെസ്റ്റിനേഷന്‍ വെഡിംഗ് മൈക്രോസൈറ്റ് ‘ എന്നീ പദ്ധതികള്‍ക്കാണ് അംഗീകാരം നല്കിയത്. ഇതിലൂടെ വിവാഹ വിനോദസഞ്ചാരത്തിനു ഏറ്റവും സാധ്യതയുള്ള സ്ഥലമായി കേരളത്തെ സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയും.
കേരളത്തിന്‍റെ വിനോദസഞ്ചാര സാധ്യതകളില്‍ വളരെ പ്രധാനപ്പെട്ടതാണ് വിവാഹ വിനോദസഞ്ചാര ഡെസ്റ്റിനേഷന്‍ എന്ന ആശയം. ഈ സാഹചര്യത്തില്‍ അതിനെ പരമാവധി ഉപയോഗിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്തരം പ്രചാരണ പരിപാടികളെന്ന് വിനോദ സഞ്ചാരവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തെ മികച്ച വെഡിംഗ് ഡെസ്റ്റിനേഷനായി മാറ്റുന്നതിനും പ്രകൃതിസൗന്ദര്യം, മനോഹരങ്ങളായ സ്ഥലങ്ങള്‍, മികച്ച താമസ-ഭക്ഷണ സൗകര്യങ്ങള്‍, പ്രൊഫഷണലുകളുടെ പിന്തുണ എന്നിവ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനുമായുള്ള ‘ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കാമ്പെയ്ന്‍ എയര്‍പോര്‍ട്ട് ട്രാന്‍സ്ലൈറ്റ്സ്’്പദ്ധതിയ്ക്ക് 1,39,24,000 രൂപയുടെ അനുമതിയാണ് ലഭിച്ചത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മൈക്രോസൈറ്റിന്‍റെ ഓണ്‍ലൈന്‍ പ്രചാരണത്തിനുള്ള പ്രൊമോഷന്‍ ഓഫ് ഡെസ്റ്റിനേഷന്‍ വെഡിംഗ് മൈക്രോസൈറ്റ’് പദ്ധതി 30,09,000 രൂപയുടേതാണ്. കേരളത്തിലെ സുന്ദരമായ കടല്‍ത്തീരങ്ങള്‍, മലകള്‍, വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, നദികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വിനോദസഞ്ചാര വകുപ്പിന്‍റെ മൈക്രോ സൈറ്റിലൂടെ ഓണ്‍ലൈനായി ലഭ്യമാകും. മലയാളത്തിനു പുറമേ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഇ-ബ്രോഷറുകള്‍ മൈക്രോസൈറ്റിന്‍റെ പ്രത്യേകതയാണ്.
കേരളത്തിലെ വിവാഹ ഡെസ്റ്റിനേഷന്‍ സാധ്യതകളും വിവാഹ ടൂറിസവും സോഷ്യല്‍ മീഡിയയിലൂടെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കാമ്പെയ്ന്‍ സോഷ്യല്‍ മീഡിയ, ഗൂഗിള്‍ സെര്‍ച്ച് & ഡിസ്പ്ലേ ആഡ്സ്’ . ഇതിനായി 39,33,334 രൂപയാണ് വകയിരുത്തിയിട്ടുള്ളത്.