സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി ഒരു ആഗോള മാതൃക: ടൂറിസം വിദഗ്ധ
തിരുവനന്തപുരം: കേരളത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭത്തിന് ശ്രീലങ്കയില്‍ നിന്ന് പ്രശംസ. ‘എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ ഒരു മാനദണ്ഡ മാതൃക’ എന്നാണ് ശ്രീലങ്കന്‍ ടൂറിസം ബ്യൂറോയുടെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ചാര്‍മേരി മെയ്ല്‍ജ് സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങളെ കുറിച്ച് അഭിപ്രായപ്പെട്ടത്. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രീലങ്കയില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് മെയ്ല്‍ജ്. ടൂറിസം വികസന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ സജീവപ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ എല്ലാവരേയും ഉള്‍ക്കൊള്ളുന്നൊരു മാതൃക കേരളം സൃഷ്ടിക്കുകയാണെന്ന് ശ്രീലങ്കയിലെ പ്രമുഖ ബിസിനസ്സ് പത്രമായ ഡെയ്ലി എഫ്ടിയിലെ ലേഖനത്തില്‍ ചാര്‍മേരി മെയ്ല്‍ജ് പറയുന്നു. ലിംഗഭേദമില്ലാതെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന കേരളത്തിന്‍റെ ടൂറിസം നയം ഒരു ദേശീയ മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്നും അത് മറ്റിടങ്ങളിലും പ്രയോജനപ്പെടുത്താനാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും ഉത്തരവാദിത്തമുള്ളതുമായ കേരളത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം നയത്തെ ടൂറിസം വികസനത്തിന്‍റെ ഒരു മികച്ച മാതൃകയായി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രമല്ല വിദേശ ടൂറിസം ബ്രാന്‍ഡുകളും അംഗീകരിക്കുന്നത് സന്തോഷകരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ടൂറിസം സ്ഥലങ്ങളില്‍ ഒന്നാണ് കേരളമെന്ന് ഇന്ത്യയിലും വിദേശത്തുമുള്ള വനിതാ സഞ്ചാരികള്‍ ഉറപ്പു പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ടൂറിസം മേഖലയിലെ വിദേശ വിദഗ്ധരില്‍ നിന്ന് അഭിനന്ദനമെത്തുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. 2022-ല്‍ ‘സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി’ പ്രകാരം ആരംഭിച്ച ഈ സംരംഭം ഇപ്പോള്‍ സംസ്ഥാനത്തുടനീളം വ്യാപിച്ചിട്ടുണ്ട്. സംരംഭകര്‍, ഗൈഡുകള്‍, ഹോംസ്റ്റേ ഉടമകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ 17,000-ത്തിലധികം സ്ത്രീകള്‍ ഇതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. മറവന്തുരുത്ത് ‘സ്ട്രീറ്റ് പ്രോജക്റ്റ് ‘പോലുള്ള കേരളത്തിന്‍റെ വിജയകരമായ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളിലൂടെ ഗ്രാമീണ മേഖലകളില്‍ ചെറുതും സുസ്ഥിരവുമായ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാനായതായി ശ്രീലങ്കന്‍ ദിനപത്രത്തിലെ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ പ്രാദേശിക സംസ്കാരം, പൈതൃകം, ഭക്ഷണവിഭവങ്ങള്‍ എന്നിവയും മെച്ചപ്പെട്ടു. ഇതിനെയാണ് കേരളത്തിന്‍റെ തനത് അനുഭവമായി വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടയാളപ്പെടുത്തുന്നത്. കേരളത്തിലെ ആര്‍ടി മിഷന്‍റെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സമീപനത്തിലൂടെ സ്ത്രീകള്‍ ഗുണഭോക്താക്കളാകുക മാത്രമല്ല ടൂറിസം മേഖലയിലെ സജീവ പങ്കാളികളാണെന്ന് ഉറപ്പാക്കുന്നതായും ലേഖനത്തില്‍ പറയുന്നു. 2024-ല്‍ യുഎന്‍ വിമണിന്‍റെ പിന്തുണയോടെ സംഘടിപ്പിച്ച ഗ്ലോബല്‍ വിമണ്‍സ് കോണ്‍ഫറന്‍സിന് കേരളം ആതിഥേയത്വം വഹിച്ചിരുന്നു. ഇത് സ്ത്രീ സൗഹൃദ ടൂറിസത്തെക്കുറിച്ചുള്ള കേരളത്തിന്‍റെ കാഴ്ചപ്പാട് പ്രഖ്യാപിക്കുന്ന ഒന്നായിരുന്നെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
