സ്വത്വാധിഷ്ഠിതമായ ടൂറിസത്തില്‍ നിന്ന് മാറി കേരളം മൈസ് ടൂറിസത്തിലേക്ക്

കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ വെഡിംഗ് ആന്‍ഡ് മൈസ് ഉച്ചകോടിയ്ക്ക് കൊച്ചിയില്‍ തുടക്കമായി. രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം മേഖലയ്ക്ക് മാതൃക കാട്ടാന്‍ കേരളത്തിന് സാധിക്കുമെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തു കൊണ്ട് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വെഡിംഗ് ആന്‍ഡ് മൈസ് കേന്ദ്രമായി മാറാനുള്ള എല്ലാ ചേരുവകളും കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ടൂറിസം വ്യവസായികളുടെയും സര്‍ക്കാരിന്‍റെയും കൂട്ടായ പ്രയത്നത്തോടെ ആഗോള ശ്രദ്ധ നേടിയെടുക്കാന്‍ സംസ്ഥാനത്തിന് കഴിയും. ചരിത്രവും പ്രകൃതിഭംഗിയും ഇഴുകിച്ചേര്‍ന്ന കേരളം വിവാഹവേദിയാകുന്നത് സ്വപ്നതുല്യമായ അനുഭവമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമാണ് കേരളം. അടിസ്ഥാന സൗകര്യത്തിന്‍റെ കാര്യത്തിലും ആതിഥേയ മര്യാദയിലും കേരളം ലോകപ്രശസ്തമാണ്. ഉത്തരവാദിത്ത ടൂറിസത്തിലൂടെ പ്രാദേശിക സമൂഹത്തിന്‍റെ സഹകരണവും പങ്കാളിത്തവുമുള്ളതിനാല്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിന് മേല്‍ക്കൈ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിര വികസനത്തിലേക്കുള്ള കേരളത്തിന്‍റെ പ്രസ്താവന കൂടിയാണ് വെഡിംഗ് മൈസ് ഉച്ചകോടിയെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. സുരക്ഷിതമായ ഇടം, മികച്ച സാമൂഹ്യാന്തരീക്ഷം, ടൂറിസം വ്യവസായവുമൊത്ത് പ്രവര്‍ത്തിക്കാന്‍ പൂര്‍ണസജ്ജമായ സര്‍ക്കാര്‍ എന്നിവ സംസ്ഥാനത്തിന്‍റെ മേന്‍മകളാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ പ്രത്യേകതകള്‍ മറ്റൊരിടത്തുമില്ല. 94 പഞ്ചനക്ഷത്ര ഹോട്ടലുകള്‍,. 420 ഫോര്‍ സ്റ്റാര്‍, 607 ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ എന്നിവ ഇവിടെയുണ്ട്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, ക്രൂസ് ടൂറിസം, ലോകത്തിലെ ആദ്യ വാട്ടര്‍ മെട്രോ എന്നിവ കേരളത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കനാല്‍ വികസനത്തിന് 3760 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ കേരളത്തിന്‍റെ ഗതാഗതസംവിധാനത്തിലും ടൂറിസത്തിലും മികച്ച മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ക്ക് സമാനമായി മൈസ് പ്രൊമോഷന്‍ ബ്യൂറോ പോലുള്ള സംവിധാനത്തെക്കുറിച്ച് കേരളം ആലോചിക്കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ടൂറിസം വകുപ്പ് അഡി. സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ സുമന്‍ ബില്ല പറഞ്ഞു. സ്വത്വാധിഷ്ഠിതമായ ടൂറിസത്തില്‍ നിന്ന് മാറി മൈസ് ടൂറിസം പോലുള്ള മേഖലയിലേക്കുള്ള കേരളത്തിന്‍റേത് ധീരമായ കാല്‍വയ്പാണ്. ലോകത്തെ വെഡിംഗ് മൈസ് മേഖല 1 ട്രില്യണ്‍ ഡോളന്‍റേതാണ്. ഇതില്‍ 1.8 ശതമാനമാണ് ഇന്ത്യയുടെ സംഭാവന. മികച്ച വളര്‍ച്ചയുള്ള രാജ്യമെന്ന നിലയില്‍ ഇത് വര്‍ധിക്കും. ഈ വര്‍ധന ഉപയോഗപ്പെടുത്താനുള്ള ടൂറിസം ആവാസവ്യവസ്ഥ കേരളം രൂപപ്പെടുത്തിയെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കേരളത്തിനെ ലോകത്തിന് മുന്നില്‍ പ്രധാന വെഡിംഗ് മൈസ് കേന്ദ്രമായി അവതരിപ്പിക്കുന്നതിന് രാഷ്ട്രീയഭേദമന്യേ എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. രാജ്യത്തിന്‍റെ പരിഛേദമായ പശ്ചിമകൊച്ചിയുടെ ടൂറിസം പ്രാധാന്യത്തിന് കൂടുതല്‍ ശ്രദ്ധ കേന്ദ്ര ടൂറിസം മന്ത്രാലയം നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മൈസ് ടൂറിസത്തിന് വലിയ സാധ്യത കേരളത്തിനുണ്ടെന്നും ഹൈബി പറഞ്ഞു. വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം മേഖലയെക്കുറിച്ച് സംസ്ഥാന ടൂറിസം സെക്രട്ടറി കെ ബിജു അവതരണം നടത്തി. സംസ്ഥാന സര്‍ക്കാരും ടൂറിസം വ്യവസായവുമായി ദശകങ്ങളായി തുടര്‍ന്നു വരുന്ന സഹകരണമാണ് പുതിയ ടൂറിസം മേഖലകളിലേക്ക് കടക്കാനുള്ള പ്രചോദനമെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. വെഡിംഗ് മൈസ് മേഖലയിലെ എല്ലാ പങ്കാളികളെയും ഒരു കുടക്കീഴില്‍ അണി നിരത്തുകയും അതു വഴി പരസ്പരപൂരകമായ നേട്ടം കൈവരിക്കാനും ഈ ഉച്ചകോടിയിലൂടെ സാധിക്കുമെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞ കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ് പറഞ്ഞു. ഇതുവഴി കേരള ടൂറിസത്തിന് പുതിയൊരു മേഖലയില്‍ കൂടി ആധിപത്യം ഉറപ്പിക്കാനുള്ള പാത തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. വെഡിംഗ്-മൈസ് ഉച്ചകോടി പൊതു-സ്വകാര്യ സഹകരണത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് കെടിഎം സെക്രട്ടറി എസ് സ്വാമിനാഥന്‍ പറഞ്ഞു. മേയര്‍ എം അനില്‍കുമാര്‍, കേരള ടൂറിസം അഡി. ഡയറക്ടര്‍(ജനറല്‍) ശ്രീധന്യ സുരേഷ്, കെടിഎം മുന്‍ പ്രസിഡന്‍റുമാരായ ജോസ് ഡോമനിക്, ഇ എം നജീബ്, റിയാസ് അഹമ്മദ്, ഏബ്രഹാം ജോര്‍ജ്ജ്, ബേബി മാത്യു മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഇതിനകം 675 ലേറെ ബയര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തിനകത്തു നിന്ന് 610 ബയര്‍മാരും വിദേശത്ത് നിന്ന് 65 ബയര്‍മാരുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. യുഎഇ, യുകെ, ജര്‍മ്മനി, യുഎസ്എ, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഹംഗറി, ഇസ്രായേല്‍, ഇറ്റലി, മലേഷ്യ, ഒമാന്‍, പോളണ്ട്, റുമേനിയ, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, തുര്‍ക്കി, യുക്രെയിന്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളെത്തിയിട്ടുണ്ട്. സെല്ലര്‍മാര്‍ക്കായി 75 പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ കെടിഡിസി, കേരള ടൂറിസം, കേന്ദ്ര ടൂറിസം മന്ത്രാലയം എന്നിവയുടെ സ്റ്റാളുകളുമുണ്ട്. രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് അഞ്ചര മണി വരെയുള്ള വാണിജ്യ കൂടിക്കാഴ്ചകള്‍ക്ക് പുറമെ ഈ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും നടക്കും.