ബജറ്റ് 2024 – സ്വകാര്യ മേഖലയോടുള്ള സമീപനം സ്വാഗതാര്‍ഹം: ഡോ. വി കെ വിജയകുമാര്‍
കേരളം നേരിടുന്ന ഗുരുതര ധനകാര്യ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും തന്നെ ബജറ്റിലില്ല. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയും ഞെരുക്കലും തുടര്‍ന്നാല്‍ പ്ലാന്‍ ബി ഉണ്ടാകുമെന്നാണ് ധനമന്ത്രി പറഞ്ഞിട്ടുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ഈ ബജറ്റ് പ്ലാന്‍ എ യാണ്. വൈകാതെ പ്ലാന്‍ ബി വരുമെന്ന് ഉറപ്പാക്കാം. 64 ലക്ഷം ആളുകള്‍ക്ക് കൊടുക്കുന്ന 1600 രൂപ ക്ഷേമപെന്‍ഷന്‍ അടുത്ത ധനകാര്യവര്‍ഷത്തില്‍ കൊടുക്കാന്‍ ശ്രമിക്കും എന്നു മാത്രമേ ധനമന്ത്രി പറഞ്ഞിട്ടുള്ളൂ. ഏറ്റവും മുന്‍ഗണനയോടെ ചെയ്യേണ്ടിയിരുന്നതാണ് ഈ ക്ഷേമപെന്‍ഷന്‍ വിതരണം. അതില്‍ പ്രഖ്യാപനങ്ങള്‍ ഇല്ലാതിരുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. 5 മാസത്തെ കുടിശികയാണ് ക്ഷേമ പെന്‍ഷനിലുള്ളത്.
പങ്കാളിത്ത പെന്‍ഷന്‍ നിര്‍ത്തലാക്കി അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതിയിലേക്ക് പോകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് വളരെ അപകടകരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പുറകോട്ടു പോകുന്ന സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ പോലും കിട്ടാതെയാകുന്ന സാഹചര്യം വരാനിരിക്കുന്ന കേന്ദ്രത്തിലെ പല പദ്ധതികളിലും അതുപോലെ തന്നെ 16-ാം ധനകാര്യകമ്മീഷനിലും ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിക്കുന്നു. ഇടതുസര്‍ക്കാര്‍ ഇതുവരെ പിന്തുടര്‍ന്നു വന്ന സാമ്പത്തിക നയ സമീപനങ്ങളില്‍ ഒരു യു ടേണ്‍ തന്നെ പല പ്രഖ്യാപനങ്ങളിലും പ്രകടമാണ്. സ്വകാര്യമേഖലയെ കാര്യമായി പ്രോത്സാഹിപ്പിക്കുകയും സ്വകാര്യ നിക്ഷേപത്തെ എല്ലാ തുറകളിലും സ്വീകരിക്കുകയും ചെയ്യുന്ന നയമാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ നേരത്തെ തന്നെ അത് ചെയ്യേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും ചെയ്തത് സ്വാഗതാര്‍ഹമാണ്. 25 സ്വകാര്യ നിക്ഷേപ പാര്‍ക്കുകള്‍ തുടങ്ങുമെന്നതാണ് ഒരു പ്രധാന പ്രഖ്യാപനം. സ്വകാര്യ യൂണിവേഴ്‌സിറ്റികളോടും വിദേശ യൂണിവേഴ്‌സിറ്റികളോടും വളരെ അനുകൂല സമീപനമുണ്ടാകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ കുറേ വര്‍ഷങ്ങളായിട്ടുള്ള സമീപനത്തില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള സമീപനമാണ്. പൊതുവായിട്ടുള്ള സാമ്പത്തിക സമീപനത്തിലെ വ്യത്യാസമാണ് ഇതില്‍ പ്രകടമാകുന്നത്.
ഭാരതപ്പുഴയിലെയും മറ്റും മണല്‍ വാരിവിറ്റ് 200 കോടി സമാഹരിക്കുമെന്നതു പോലുള്ള ചില പ്രഖ്യാപനങ്ങള്‍ പ്രായോഗികതയില്ലാത്തതായി തോന്നി. നേരത്തെ പരീക്ഷിച്ച പരാജയപ്പെട്ടതാണിത്. റബ്ബറിന്റെ താങ്ങുവിലയിലെ നാമമാത്ര വര്‍ധന വളരെ അപര്യാപ്തമാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം മാത്രമുള്ളപ്പോള്‍ പദ്ധതി ചെലവ് 55 ശതമാനത്തില്‍ നില്‍ക്കുകയാണിപ്പോള്‍. പല പദ്ധതികള്‍ക്കും വേണ്ടി കഴിഞ്ഞ പത്തു മാസത്തില്‍ പകുതിതുക മാത്രമെ ചെലവാക്കിയിട്ടുള്ളു എന്നത് സര്‍ക്കാരിന്റെ പദ്ധതി നിര്‍വഹണത്തിലെ വലിയ പോരായ്മയായി കണക്കാക്കണം. ബജറ്റ് ലക്ഷ്യമിടുന്ന 1067 കോടി രൂപയുടെ അധിക ധനസമാഹരണം കേരളം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ തീരെ പര്യാപ്തമല്ല. 27,000 കോടി രൂപയിലധികമാണ് ബജറ്റ് രേഖയില്‍ പറയുന്ന റവന്യു കമ്മി. ചുരുക്കിപ്പറഞ്ഞാല്‍ സാമ്പത്തികമായി കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ലാത്തതും കേന്ദ്ര സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും വിമര്‍ശിക്കുന്നതുമായ ഒരു രാഷ്ട്രീയ രേഖയായി ബജറ്റ് മാറി.
- ഡോ. വി കെ വിജയകുമാര്‍
(ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)