നാലാം പാദം കല്യാണ്‍ ജൂവലേഴ്സ് അറ്റാദായം 54.1% വര്‍ധിച്ചു
1 min readകൊച്ചി: കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവില്‍ മികച്ച വര്‍ദ്ധന കൈവരിക്കുകയും ഗള്‍ഫ് വിപണിയിലെ ബിസിനസില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തതോടെ 2020-21 സാമ്പത്തികവര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നാലാം പാദത്തില്‍ ആകെ വിറ്റുവരവ് 3056.6 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം, ഇതേ പാദത്തില്‍ ആകെ വിറ്റുവരവ് 2140.7 കോടി രൂപ ആയിരുന്നു. ഇന്ത്യയിലെ വിറ്റുവരവ് 60.6 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള ആകമാന വിറ്റുവരവിലെ വളര്‍ച്ച 42.8 ശതമാനമായിരുന്നു.
2020-21 നാലാം പാദത്തില്‍ മൊത്തം അറ്റാദായം 73.9 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 54.1 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. സാമ്പത്തികവര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ മൊത്തം അറ്റാദായം 206.7 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 72.3 ശതമാനം വര്‍ദ്ധനയാണിത്. നാലാം പാദ വിറ്റുവരവില്‍ സ്വര്‍ണാഭരണവിഭാഗത്തില്‍ 69.6 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ സ്റ്റഡഡ് (കല്ല് പതിച്ച ആഭരണങ്ങള്‍) വിഭാഗത്തില്‍ 36.6 ശതമാനം വര്‍ദ്ധനയുണ്ടായി.
2020-21 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ ആകെ വിറ്റുവരവ് 8,573.3 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ 10,100.9 കോടിയില്‍നിന്ന് 15.1 ശതമാനം ഇടിവുണ്ടായി. അതേസമയം ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വിറ്റുവരവിലെ ഇടിവ് 6.6 ശതമാനം മാത്രമാണ്. നാലാം പാദത്തില്‍ വിറ്റുവരവിലുണ്ടായ ശക്തമായ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ കമ്പനിയുടെ ആദായം 67 കോടിയില്‍ നിന്ന് 46.9 ശതമാനം വര്‍ദ്ധനവോടെ 98.5 കോടി രൂപയിലെത്തിക്കാനായി.