നീതിമാനും, ധാര്‍മ്മനിഷ്ടനുമായ ഒരാൾക്ക് അവധി ദിനങ്ങൾ ഇല്ല!
- ശ്രീ ഗുരു കാൻഷി
കഠോപനിഷത്ത് (1-3-14)
ഒരു കത്തിയുടെ വായ്ത്തലപോലെ മൂർച്ചയേറിയതാണ് ആ വഴി, ഗമിപ്പാൻ പ്രയാസമുള്ളതും; ഋഷിമാർ പറയുന്നു. കഠോപനിഷത്തിലെ ഒന്നാം അദ്ധ്യായം മൂന്നാം വല്ലിയിലെ പതിനാലാം ശ്ലോകത്തിലെ രണ്ടാമത്തെ വരിയാണ് മുകളിൽ ഉദ്ധരിച്ചത്. വാജശ്രവസ്സിന്റെ പുത്രനായ നചികേതസ് എന്ന ബാലൻ, ഉചിതമല്ലാത്ത ദാനങ്ങളിലൂടെ പേരെടുക്കാൻ ശ്രമിച്ച തന്റെ പിതാവിനെ നേർവഴിക്ക് ചിന്തിപ്പിക്കാനും, മനസ്സിൽ സദ്‌വിചാരം ജനിപ്പിക്കാനും, ഫലേച്ഛയോടുകൂടിയ നീചകർമ്മങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനും വേണ്ടി പ്രത്യക്ഷത്തിൽ വളരെ നിഷ്ക്കളങ്കവും, അതിഗൂഢവുമായ ഒരു ചോദ്യം ചോദിച്ചു. ‘പിതാവേ എന്നെ ആർക്കാണ് ദാനം ചെയ്യാൻ പോകുന്നത്?’ ആദ്യതവണ ആ ചോദ്യം കേട്ടില്ലെന്നു നടിച്ച വാജശ്രവസ്സ് നചികേതസ് പല തവണ ആ ചോദ്യം ആവർത്തിച്ചപ്പോൾ ദേഷ്യത്തോടെ പറഞ്ഞു: ‘നിന്നെ ഞാൻ കാലനാണ് കൊടുക്കാൻ പോകുന്നത്’. പിതാവിന്റെ വാക്കുകൾ പാഴായിപോകാനിടകൊടുക്കാതെ നചികേതസ് ഉടൻ തന്നെ യമധർമ്മന്റെ സന്നിധിയിലേക്ക് യാത്രയായി. നചികേതസിന്റെ ദൃഢനിശ്ചയത്തിലും അന്വേഷണത്വരയിലും ആകൃഷ്ടനായ യമധർമ്മൻ നചികേതസിന് പരമവും കേവലവുമായ ജ്ഞാനോപദേശം നൽകുന്നു. ആ ജ്ഞാനോപദേശത്തിന്റെ ഭാഗമായാണ് ധർമ്മത്തിന്റെ, ജ്ഞാനത്തിന്റെ മാർഗ്ഗം സഞ്ചരിക്കാൻ പ്രയാസമേറിയതാണ് എന്നുള്ള കാര്യം നചികേതസിനോട് പറയുന്നത്. പരമമായ ജ്ഞാനത്തിന്റെ മാർഗ്ഗം, ധർമ്മത്തിന്റെ മാർഗ്ഗം ദുർഗ്ഗമവും സഞ്ചരിക്കാൻ പ്രയാസമുള്ളതുമാണ്, എങ്ങിനെയെന്നു വച്ചാൽ ഒരു കത്തിയുടെ വായ്ത്തലയിലൂടെയുള്ള നടത്തം പോലെ കഠിനവും, പ്രയാസമേറിയതുമണത്രെ!
ധര്‍മ്മനിഷ്‌ഠയോടെയുള്ള ജ്ഞാനമാർഗ്ഗം യഥാർത്ഥത്തിൽ ദുഷ്ക്കരം തന്നെയാണ്. ഈ മാർഗ്ഗത്തിന്റെ, ഈ പാതയുടെ രണ്ടുഭാഗത്തും പ്രലോഭനങ്ങളുടെയും, പിൻവിളികളുടെയും മുഴക്കങ്ങളാണ്. ശ്രദ്ധയും, നിഷ്‌ഠയും ചെറുതായെങ്കിലും ഒന്നു പിഴച്ചാൽ കത്തിമുനയുടെ മൂർച്ചയിൽ വീണ് മുറിവേൽക്കും. അത്യന്തം ഏകാഗ്രതയും, ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള ഉറച്ച വിശ്വാസവും ഉണ്ടെകിൽ മാത്രമേ മുന്നേറാനാവൂ. അതുകൊണ്ടാണ് നീതിമാനായ, ധര്‍മ്മനിഷ്ടനായ ഒരാൾക്ക് അവധി ദിനങ്ങൾ ഇല്ല എന്ന് നീതിശാസ്‌ത്രപാഠങ്ങൾ (ethics) പറയുന്നത്. ഒരാഴ്ച്ച മുഴുവൻ ധാര്‍മ്മിഷ്ട്ടനായിരുന്ന് അതിനുശേഷം രണ്ടു ദിവസം അവധിയെടുത്ത് ധര്‍മ്മനിഷ്‌ഠയെ മറക്കാം എന്നുള്ളത് സാധ്യമല്ല. ‘സീസണൽ’ ആയ നൈതീകത, ധര്‍മ്മ-ജ്ഞാനനിഷ്‌ഠ സാധ്യമല്ലെന്നർത്ഥം.
ഈയൊരു ഉപദേശം കേവലം നചികേതസിനു മാത്രം ബാധകമായുള്ളതല്ല. സംന്യാസിമാർക്കോ, പുരോഹിതർക്കോ മാത്രം വേണ്ടിയുള്ളതല്ല. സ്വന്തം ജീവിതത്തോട് ആത്മാർത്ഥതയുള്ള, സഹജീവികളോടും, ലോകത്തോടും, പ്രതിബദ്ധതയുള്ള, വിജയിക്കണമെന്ന് ആഗ്രഹമുള്ള എല്ലാവർക്കും വേണ്ടിയുള്ളതാണ്. വിദ്യാർത്ഥിയും, കായികാഭ്യാസിയും, രാഷ്ട്രീയപ്രവർത്തകനും, ഉദ്യോഗസ്ഥരും, കുടുംബസ്ഥനും എല്ലാം ഒരുപോലെ പിൻന്തുടരേണ്ട ദർശ്ശനമാണിത്. അത്യന്തം സങ്കീര്‍ണമായ ജീവനപ്രക്രിയയിൽ നിഷ്ഠയുടെയും, ശ്രദ്ധയുടെയും പാത പിന്തുടരുന്നവർക്കേ വിജയിക്കാനാവൂ എന്ന സാര്‍വ്വത്രികമായ തിരിച്ചറിവാണിത്.
സത്യസന്ധനായി ജീവിക്കുന്ന, നിര്‍വ്യാജമായി തന്റെ ചുമതലകൾ നിറവേറ്റുന്ന ആർക്കെങ്കിലും ഈ ബോധനത്തെ നിഷേധിക്കുവാൻ സാധിക്കുമോ? ഒരു ധാര്‍മ്മികനായ ഭിഷഗ്വരന് എപ്പോഴെങ്കിലും, ഒരു നിമിഷമെങ്കിലും അസാന്മാര്‍ഗ്ഗികനായി പ്രവർത്തിക്കാനാകുമോ? നൈപുണ്യമുള്ള ഒരു കായികാഭ്യാസിക്ക് ഒരു നിമിഷമെങ്കിലും തന്റെ ജാഗരൂകത കൈവെടിയാൻ സാധിക്കുമോ? സച്ചരിതനായ ഒരു രാഷ്ട്രീയപ്രവർത്തകന് ഒരു ദിവസമെങ്കിലും തന്റെ നൈതികബോധം വേണ്ടെന്നു വയ്ക്കാനാകുമോ? നല്ലൊരു വിദ്യാർഥിയ്ക്ക് എപ്പോഴെങ്കിലും ശ്രദ്ധാരഹിതനായിരിക്കുവാൻ സാധിക്കുമോ? സാന്‍മാര്‍ഗ്ഗികനായ ഒരു കുടുംബസ്ഥന് എപ്പോഴെങ്കിലും തന്റെ കടമകളിൽ നിന്ന് വ്യതിചലിക്കാനാകുമോ? ‘ഇല്ല’ എന്നതാണ് ഏറ്റവും ലളിതമായ ഉത്തരം. ഇതുകൊണ്ടാണ് കഠോപനിഷത്തിന്റെ ഈ ദർശനം സാര്‍വ്വത്രികമാകുന്നത്.