November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ ജോര്‍ദാന്‍ മികച്ച പുരോഗതി നേടിയെന്ന് ഐഎംഎഫ്

1 min read

കോവിഡ്-19 പകര്‍ച്ചവ്യാധി ഉണ്ടാക്കിയ ആഘാതം മറികടക്കുന്നതിനും പ്രതിസന്ധികളെ അതിജീവിക്കാന്‍ ശേഷിയുള്ള സമ്പദ് വ്യവസ്ഥ പടുത്തുയര്‍ത്തുന്നതിനും ജോര്‍ദാന് സഹായം നല്‍കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി

അമ്മാന്‍: കോവിഡ്-19 പകര്‍ച്ചവ്യാധി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും സമ്പദ് വ്യവസ്ഥയെ പിന്താങ്ങുന്നതിനായി ജോര്‍ദാന്‍ വളരെ വേഗത്തിലുള്ളതും കാര്യക്ഷമവുമായ നടപടികളെടുത്തെന്നും സാമ്പത്തിക, ധനകാര്യ പരിഷ്‌കരണ അജണ്ടയില്‍ ഏറെ പുരോഗതി നേടിയെന്നും അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). പകര്‍ച്ചവ്യാധിയുടെ സാമ്പത്തികവും ധനകാര്യവുമായ പ്രത്യാഘാതങ്ങളെ മറികടക്കുന്നതിനും ശക്തവും പ്രതിസന്ധികളില്‍ നിന്ന് വളരെ വേഗം തിരിച്ചുവരാന്‍ ശേഷിയുള്ളതുമായ സമ്പദ് വ്യവസ്ഥ പടുത്തുയര്‍ത്തുന്നതിനും ജോര്‍ദാന് സഹായമൊരുക്കാന്‍ ഐഎംഎഫിന് ബാധ്യതയുണ്ടെന്നും ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു.

അനുയോജ്യ സമയത്ത് ജോര്‍ദാന്‍ നടപ്പിലാക്കിയ കാര്യക്ഷമമായ ധനകാര്യ നടപടികള്‍ തൊഴിലുകള്‍ക്കും പ്രതിസന്ധികളുടെ വക്കിലുള്ളവര്‍ക്കും സംരക്ഷണം ഒരുക്കിയെന്നും നികുതി പരിഷ്‌കാരമടക്കമുള്ള നടപടികള്‍ വായ്പ സ്ഥിരത നിലനിര്‍ത്താന്‍ രാജ്യത്തെ സഹായിച്ചെന്നും ജോര്‍ജീവ പറഞ്ഞു. അതേസമയം ധനകാര്യ സ്ഥിരതയും മതിയായ കരുതല്‍ ശേഖരവും നിലനിര്‍ത്തിക്കൊണ്ടുള്ള വലിയ രീതിയിലുള്ള സാമ്പത്തിക ഉത്തേജനം തിരിച്ചുവരവിന് കരുത്തേകിയെന്നും ജോര്‍ജീവ കൂട്ടിച്ചേര്‍ത്തു. ഐഎംഎഫിന്റെ പിന്തുണയോടെ നടക്കുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികളിലെ പുരോഗതി സംബന്ധിച്ച് ജോര്‍ദാന്‍ ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ഇസീസുമായും രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സിയാദ് ഫരീസുമായും ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയതായും ജോര്‍ജീവ അറിയിച്ചു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

എന്നിരുന്നാലും ഉയര്‍ന്ന തൊഴിലില്ലായ്മ-പ്രത്യേകിച്ച് യുവാക്കള്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലുമുള്ള തൊഴിലില്ലായ്മ, വൈദ്യുത മേഖലയിലെ പരിഷ്‌കാരങ്ങള്‍, ബിസിനസ് മത്സരക്ഷമത, കൂടുതല്‍ കാലം നിലനില്‍ക്കുന്ന, തൊഴില്‍ സമ്പന്നമായ, ഏവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച എന്നീ മേഖലകളിലെ ജോര്‍ദാന്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ വിലയിരുത്തി. സാമ്പത്തിക ആവശ്യങ്ങള്‍ക്കും ചിലവുകള്‍ക്കും പ്രധാനമായും വിദേശ സഹായത്തെയും ഗ്രാന്റുകളെയും ആശ്രയിക്കുന്ന ജോര്‍ദാന്‍ വായ്പാബാധ്യതയും തൊഴിലില്ലായ്മയും പെരുകുന്ന സാഹചര്യത്തില്‍ സമ്പദ് വ്യവസ്ഥയില്‍ സമഗ്രമായ പരിഷ്‌കാരം കൊണ്ടുവരാനും സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാനുമുള്ള ശ്രമത്തിലാണ്. മാത്രമല്ല,  എണ്ണയുല്‍പ്പാദനം മെച്ചപ്പെടുത്താനും എണ്ണ-ഇതര സമ്പദ് വ്യവസ്ഥ വികസിപ്പിക്കാനും ജോര്‍ദ്ദാന്‍ പദ്ധതിയിടുന്നുണ്ട്. പക്ഷേ സിറിയന്‍ അഭയാര്‍ത്ഥികളുടെ സാന്നിധ്യവും കോവിഡ്-19 പകര്‍ച്ചവ്യാധിയും ജോര്‍ദാനിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കൂട്ടി.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ജോര്‍ദാന്റെ വായ്പ ബാധ്യതയും മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം കഴിഞ്ഞ വര്‍ഷം 109 ശതമാനമായി ഉയര്‍ന്നിരുന്നു. 2019ല്‍ അത് 97.4 ശതമാനമായിരുന്നു. അതേസമയം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2020 നാലാംപാദത്തില്‍ 25 ശതമാനമായി ഉയര്‍ന്നു.ഐഎംഎഫിന്റെ കണക്ക് പ്രകാരം ജോര്‍ദാന്‍ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 55 ശതമാനമാണ്. വാക്‌സിനേഷന്‍ നടപടികളിലെ മന്ദത മൂലം മുഖ്യ വിദേശ വിനിമയ സ്രോതസ്സായ ടൂറിസം മേഖലയുടെയും മറ്റ് സുപ്രധാന മേഖലകളുടെയും വളര്‍ച്ച മന്ദഗതിയിലായിരുന്നു. അതേസമയം, സാമ്പത്തിക ഇളവുകളും പണലഭ്യതയും സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് അടിത്തറ പാകിയെന്ന് ഐഎംഎഫിന്റെ പശ്ചിമ, മധ്യേഷ്യ വിഭാഗം മേധാവി ജിഹാദ് അസൂര്‍ അഭിപ്രായപ്പെട്ടു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ
Maintained By : Studio3