ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സിലാണ് ഭാവി: ഡോ. ജെ.എന്‍. മൂര്‍ത്തി

തിരുവനന്തപുരം: ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ഭാവിയാണെന്നതിനാല്‍ ഗവേഷകര്‍ വൈവിധ്യമാര്‍ന്ന മേഖലകളിലും സംവിധാനങ്ങളിലും അറിവും വൈദഗ്ധ്യവും നേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) ഡയറക്ടര്‍ ഡോ. ജെ.എന്‍. മൂര്‍ത്തി. ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സില്‍-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി)യില്‍ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ‘ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് – ആന്‍ എമര്‍ജന്‍റ് പാരഡൈം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘വികസിത് ഭാരതത്തിനായി ശാസ്ത്രത്തിലും നവീകരണത്തിലും ആഗോള നേതൃത്വത്തിനായി ഇന്ത്യന്‍ യുവതയെ ശാക്തീകരിക്കുക’ എന്നതാണ് 2024 ലെ ദേശീയ ശാസ്ത്ര ദിനത്തിന്‍റെ പ്രമേയം. ഗവേഷകര്‍ സ്വതന്ത്രചിന്ത സ്വീകരിക്കണമെന്നും കേന്ദ്രീകൃത മേഖലയില്‍ മികച്ച പരിജ്ഞാനം ഉണ്ടായിരിക്കണമെന്നും ഡോ. മൂര്‍ത്തി പറഞ്ഞു. അതിനൊപ്പം മറ്റ് വിഷയങ്ങളിലെ പരിജ്ഞാനവും ഭാഷയും ഉപയോഗിച്ച് ആശയവിനിമയം നടത്താനുള്ള കഴിവും ഉണ്ടായിരിക്കണം. ലോകത്തിലെ മൂന്നാമത്തെ വലിയ ശാസ്ത്ര-സാങ്കേതിക മനുഷ്യശക്തി ഇന്ത്യയ്ക്കുണ്ട്. ആഗോള ജനറിക് മരുന്നുകളുടെ കയറ്റുമതിയുടെ 20 ശതമാനവും ഇന്ത്യയുടേതാണ്. രാജ്യത്തെ കഴിവുറ്റ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും എന്‍ജിനീയര്‍മാരുടെയും മികവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത രസതന്ത്രജ്ഞനും ശാന്തി സ്വരൂപ് ഭട്നാഗര്‍ അവാര്‍ഡ് ജേതാവുമാണ് ഡോ. മൂര്‍ത്തി. ഇന്ത്യ ഒരു വികസിത രാഷ്ട്രമാകാന്‍ ലക്ഷ്യമിടുന്നതിനാല്‍ യുവതലമുറയുടെ ശാസ്ത്രീയ ശ്രമങ്ങള്‍ വികസിപ്പിക്കുകയും ലോകത്തെ ശാസ്ത്ര സാങ്കേതിക വിദ്യയെ നയിക്കുന്നതിന് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബ്രിക്-ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. 1986 ലെ നൊബേല്‍ സമ്മാന ജേതാവും ഭൗതിക ശാസ്ത്രജ്ഞനുമായ സി.വി. രാമന്‍ ‘രാമന്‍ ഇഫക്റ്റ്’ കണ്ടെത്തിയതിന്‍റെ സ്മരണയ്ക്കായിട്ടാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത്. ആര്‍ജിസിബിയിലെ ഗവേഷകരും ജീവനക്കാരും, വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികളും ദേശീയ ശാസ്ത്ര ദിന പരിപാടികളില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിലും എക്സ്പോയിലും വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.