ജനുവരി ഇക്വിറ്റി എംഎഫുകളില്‍ നിന്ന് പുറത്തേക്ക് ഒഴുകിയത് 9000 കോടി രൂപ
ന്യൂഡെല്‍ഹി: ഇക്വിറ്റി, ഇക്വിറ്റി ലിങ്ക്ഡ് മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ ജനുവരിയില്‍ 9,253.22 കോടി രൂപയുടെ നെറ്റ് ഔട്ട്ഫ്ളോ രേഖപ്പെടുത്തിയതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (എഎംഎഫ്ഐ) ചൊവ്വാഴ്ച അറിയിച്ചു. ഡിസംബറില്‍ 10,147.12 കോടി രൂപയും നവംബറില്‍ 12,917.36 കോടി രൂപയും ഒക്ടോബറില്‍ 2,724.95 കോടി രൂപയും സെപ്റ്റംബറില്‍ 734.40 കോടി രൂപയുമായിരുന്നു അറ്റ ഒഴുക്ക് രേഖപ്പെടുത്തിയത്.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് വിഭാഗത്തിന്‍റെ സംഭാവന കഴിഞ്ഞ മാസം 8,023.39 കോടി രൂപയായിരുന്നു. നവംബറിലെ 7,302.16 കോടിയില്‍ നിന്ന് എസ്ഐപി വരവ് ഡിസംബറില്‍ 8,418.11 കോടി രൂപയായി ഉയര്‍ന്നിരുന്നു.
“എസ്ഐപി റൂട്ടിലൂടെയുള്ള വരവ് തുടര്‍ന്നു, പുതിയ എസ്ഐപി രജിസ്ട്രേഷനുകളുടെ എണ്ണത്തിലും ശക്തമായ പ്രതിമാസ എസ്ഐപി സംഭാവനയിലും ഇത് പ്രകടമാണ്,” എഎംഎഫ്ഐ ചീഫ് എക്സിക്യൂട്ടീവ് എന്‍.എസ്. വെങ്കിടേഷ് പറഞ്ഞു.
പണലഭ്യത ഉദാരമാക്കാനുള്ള നടപടികളും പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്നതും ‘കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ട്’, ‘ബാങ്കിംഗ് & പിഎസ്യു ഫണ്ട്’, ‘ഹ്രസ്വകാല ഫണ്ടുകള്‍’ തുടങ്ങിയ ഡെബ്റ്റ് വിഭാഗങ്ങളില്‍ നിക്ഷേപ വരവ് പ്രകടമായി. മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിനു കീഴില്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി എക്കാലത്തെയും ഉയര്‍ന്ന തലമായ 31.84 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.