സൗദി അറേബ്യയിലെ ഐടി ചിലവിടല്‍ 27.7 ബില്യണ്‍ ഡോളറിലെത്തും
1 min readഈ വര്‍ഷം 2.1 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഐടി ചിലവിടലില്‍ പ്രതീക്ഷിക്കുന്നത്
റിയാദ്: സൗദി അറേബ്യയിലെ ഐടി ചിലവിടല്‍ ഈ വര്‍ഷം വീണ്ടും ഉയരുമെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഐടി രംഗത്തെ ചിലവിടല്‍ കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം 27.593 ബില്യണ്‍ ഡോളറിന്റെ ഐടി ചിലവിടലാണ് സൗദിയില്‍ നടന്നതെന്ന് യുഎസ് ആസ്ഥാനമായ റിസര്‍ച്ച് കമ്പനിയായ ഗാര്‍ട്‌നര്‍ റിപ്പോര്‍ട്ട് ചെയ്തു. 2019നെ അപേക്ഷിച്ച് 1.6 ശതമാനം കുറവാണത്. എന്നിരുന്നാലും ഈ വര്‍ഷം സൗദിയിലെ ഐടി ചിലവിടല്‍ 2.1 ശതമാനം വര്‍ധിച്ച് 27.734 ബില്യണ്‍ ഡോളറിലെത്തുമെന്ന് ഗാര്‍ട്‌നര്‍ പ്രവചിച്ചു. 2022ലും 2023ലും ഐടി ചിലവിടലില്‍ യഥാക്രമം 5.1 ശതമാനത്തിന്റെയും 5.2 ശതമാനത്തിന്റെയും വര്‍ധനയാണ് കമ്പനി കണക്ക് കൂട്ടുന്നത്.
കഴിഞ്ഞ വര്‍ഷം സൗദിയിലെ ഐടി രംഗത്തെ ചിലവിടല്‍ മൊത്തത്തില്‍ കുറഞ്ഞെങ്കിലും, കമ്പനികളുടെ ഡിജിറ്റല്‍വല്‍ക്കണ ആവശ്യങ്ങളും മൊത്തത്തിലുള്ള ഓണ്‍ലൈന്‍ ആക്ടിവിറ്റിയും കൂടി. ഇതോടെ ഡാറ്റ സെന്ററുകള്‍ക്കും ഡിമാന്‍ഡ് വര്‍ധിച്ചു. ഈ മേഖലകളിലെ ചിലവിടല്‍ കഴിഞ്ഞ വര്‍ഷം ഏതാണ്ട് 8.7 ശതമാനം കൂടി 965 മില്യണ്‍ ഡോളറായി. എന്നാല്‍ താരതമ്യേന വലിയ മേഖലയായ ആശയവിനിമയ സേവന മേഖലയിലെ ചിലവിടല്‍ 2.2 ശതമാനം കുറഞ്ഞ് 17.570 ബില്യണ്‍ ഡോളറിലെത്തി. ഈ വര്‍ഷം ആശയവിനിമയ സേവന മേഖല കൂടുതല്‍ മെച്ചപ്പെടുമെന്നും എന്നാല്‍ അടുത്ത വര്‍ഷത്തോടെ മാത്രമേ ഈ മേഖല പൂര്‍ണമായും വളര്‍ച്ചയിലേക്ക് തിരിച്ചെത്തുകയുള്ളുവെന്നും ഗാര്‍ട്‌നെര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഐടി ഉപകരണങ്ങളിലുള്ള ചിലവിടല്‍ ഈ വര്‍ഷം 7.1 ശതമാനം ഉയര്‍ന്ന് 4.687 ബില്യണ്‍ ഡോളറിലെത്തും. ഇതിന് സമാന്തരമായി സോഫ്റ്റ്‌വെയര്‍ ചിലവിടല്‍ 9.1 ശതമാനം ഉയര്‍ന്ന് 14 ബില്യണ്‍ ഡോളറിലെത്തും. 2022ല്‍ 12.4 ശതമാനവും, 2023ലും 2024ലും 11.5 ശതമാനവും 2025ല്‍ 12.2 ശതമാനവും വളര്‍ച്ചാ നിരക്കോടെ വരും വര്‍ഷങ്ങളില്‍ രണ്ടക്ക വളര്‍ച്ചയാണ് സോഫ്റ്റ്‌വെയര്‍ ചിലവിടലില്‍ പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ സൗദി അറേബ്യയിലെ മിക്ക വ്യവസായ മേഖലകളിലെയും ചിലവിടല്‍ 2019ലെ നിലയിലേക്ക് തിരിച്ചെത്തുമെന്ന് ഗാര്‍ട്‌നര്‍ അഭിപ്രായപ്പെട്ടു. അതേസമയം റീട്ടെയ്ല്‍, നിര്‍മാണം, മൊത്ത വ്യാപാരം എന്നീ മേഖലകളിലെ ചിലവിടല്‍ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് എത്താന്‍ സമയമെടുക്കും. റീട്ടെയ്ല്‍ വ്യവസായ മേഖല പുതിയ യഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞാല്‍, ഐടി ചിലവിടലിലെ വളര്‍ച്ച 2022ഓടെ 10.5 ശതമാനത്തിലെത്തും. 2025 വരെ ഏറ്റവും കൂടുതല്‍ ചിലവിടല്‍ നടക്കുന്ന മേഖലയായി ഐടി തുടരും. എന്നാല്‍ ആഗോള വ്യാപാരത്തിലെ വീണ്ടെടുപ്പ് സുസ്ഥിരമാകും വരെ നിര്‍മാണ മേഖലയിലെ ചിലവിടലില്‍ എടുത്തുപറയത്തക്ക വളര്‍ച്ച ഉണ്ടാകാനിടയില്ല. ഐടി രംഗത്ത് ഭീമമായ നിക്ഷേപം നടത്തിയെങ്കില്‍ മാത്രമേ നിര്‍മാണ മേഖലയില്‍ പുരോഗതിയുണ്ടാകുകയുള്ളു. 2023 വരെ നിര്‍മാണ മേഖലയിലെ ചിലവിടല്‍ 2019ലെ അവസ്ഥയിലേക്ക് തിരിച്ചെത്താനിടയില്ലെന്നും ഗാര്‍ട്‌നര്‍ അഭിപ്രായപ്പെട്ടു.
പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലുടനീളം, ഈ വര്‍ഷം ഐടി ചിലവിടല്‍ 4.5 ശതമാനം ഉയര്‍ന്ന് 171 ബില്യണ്‍ ഡോളറാകുമെന്നാണ് ഗാര്‍ട്‌നര്‍ പ്രവചനം. കോവിഡ്-19 മൂലം മേഖലയിലെ ഐടി പ്രോജക്ടുകള്‍ നിര്‍ത്തിവെക്കുകയോ റദ്ദ് ചെയ്യുകയോ ചെയ്തിരുന്നു. 2021ല്‍ ഇവിടുത്തെ സാഹചര്യം മെച്ചപ്പെടുകയും അതിജീവന ശേഷിയുള്ള ഡിജിറ്റല്‍ ആവാസവ്യവസ്ഥയുടെ യഥാര്‍ത്ഥമൂല്യം ബിസിനസുകള്‍ മനസിലാക്കുകയും ചെയ്തതോടെ ഈ വര്‍ഷം ഐടി ചിലവിടല്‍ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തുമെന്ന് ഗാര്‍ട്‌നറിലെ റിസര്‍ച്ച് വൈസ് പ്രസിഡന്റ് ജോണ്‍ ഡേവിഡ് ലൗലോക്ക് അഭിപ്രായപ്പെട്ടു.
2021 ആദ്യപാദത്തില്‍ റിമോട്ട് വര്‍ക്ക് വിസ, സ്മാര്‍ട്ട് ദുബായ് 2021 പോലുള്ള പദ്ധതികള്‍ മേഖലയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. മറ്റ് സാമ്പത്തിക നയ നിയന്ത്രണങ്ങളും അവതരിപ്പിക്കപ്പെട്ടു. മേഖലയിലെ ടെക്‌നോളി നിക്ഷേപങ്ങള്‍ക്ക് ഇത്തരം പദ്ധതികള്‍ക്ക് കൂടുതല്‍ ഉണര്‍വ്വേകുമെന്നാണ് കരുതുന്നതെന്ന് ലൗലോക്ക് പറഞ്ഞു.