ഐടി മന്ത്രിയെ ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍, ചട്ടം വീണ്ടും ലംഘിച്ചെന്ന് മന്ത്രി
1 min readഒരു മണിക്കൂറോളം നേരം തന്‍റെ എക്കൗണ്ടില്‍ പ്രവേശിക്കുന്നത് ട്വിറ്റര്‍ തടഞ്ഞെന്ന് രവിശങ്കര്‍ പ്രസാദ്
ന്യൂഡെല്‍ഹി: ഇലക്ട്രോണിക്സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ എക്കൗണ്ട് ട്വിറ്റര്‍ ഒരു മണിക്കൂറോളം നേരം ബ്ലോക്ക് ചെയ്തുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മന്ത്രിയുടെ ട്വിറ്റര്‍ എക്കൗണ്ട് പൊതുജനങ്ങള്‍ക്ക് കാണാമായിരിന്നുവെങ്കിലും ഈ എക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാനോ ഏതെങ്കിലും പോസ്റ്റ് ചെയ്യാനോ ട്വിറ്റര്‍ അനുവദിച്ചില്ലെന്നാണ് മന്ത്രി അറിയിച്ചത്. കോപ്പിറൈറ്റ് ലംഘനം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു ട്വിറ്ററിന്‍റെ സന്ദേശം.
ഒരു ഉപയോക്താവിന് അവര്‍ക്ക് പകര്‍പ്പവകാശമുള്ള സൃഷ്ടികള്‍ അനുവാദമില്ലാതെ ഉപയോഗിക്കപ്പെട്ടാല്‍ അത് ട്വിറ്ററിനെ അറിയിക്കാന്‍ കഴിയും. സാധുവായ ഒരു അറിയിപ്പ് ലഭിച്ചുകഴിഞ്ഞാല്‍, ട്വിറ്റര്‍ അതു കണ്ടെത്തി ആ പോസ്റ്റ് നീക്കംചെയ്യും. ഒന്നിലധികം തവണ പകര്‍പ്പവകാശ ലംഘനം ഉണ്ടായാല്‍ നിങ്ങളുടെ എക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കാം എന്നും മന്ത്രിയുടെ എക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ട്വിറ്റര്‍ വ്യക്തമാക്കി.
തനിക്ക് ട്വിറ്ററില്‍ നിന്ന് നേരിട്ട് അനുഭവം വിശദീകരിച്ച് ഇന്ത്യയില്‍ നിന്നുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ‘കൂ’വില്‍ മന്ത്രി എത്തി. പിന്നീട് എക്കൗണ്ട് ലഭ്യമായ ശേഷം ഇക്കാര്യം ട്വിറ്ററിലൂടെയും മന്ത്രി പോസ്റ്റ് ചെയ്തു. ഒരു മണിക്കൂറിനു ശേഷം ഒരു മുന്നറിയിപ്പോടെയാണ് ട്വിറ്റര്‍ മന്ത്രിയുടെ എക്കൗണ്ട് തിരികെ നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
“നിങ്ങളുടെ എക്കൗണ്ട് ഇപ്പോള്‍ ഉപയോഗത്തിന് ലഭ്യമാണ്. നിങ്ങളുടെ എക്കൗണ്ടിനെതിരായ ഏതെങ്കിലും കൂടുതല്‍ പരാതികള്‍ ഉണ്ടായാല്‍ നിങ്ങളുടെ എക്കൗണ്ട് വീണ്ടും ലോക്ക് ചെയ്യപ്പെടാനും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഇടയാക്കുമെന്ന് ദയവായി മനസിലാക്കുക. ഇത് ഒഴിവാക്കുന്നതിന്, ഞങ്ങളുടെ പകര്‍പ്പവകാശ നയം ലംഘിച്ച് ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യരുത്. കൂടാതെ, പോസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് അധികാരമില്ലാത്ത ഏതെങ്കിലും മെറ്റീരിയല്‍ നിങ്ങളുടെ എക്കൗണ്ടില്‍ ഉണ്ടെങ്കില്‍ ഉടനടി നീക്കംചെയ്യുക,’ ഇതായിരുന്നു ട്വിറ്ററിന്‍റെ സന്ദേശം.
എക്കൗണ്ടിലേക്കുള്ള ആക്സസ്സ് തടയുന്നതിനുമുമ്പ് ട്വിറ്റര്‍ മുന്‍കൂട്ടി ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും പകര്‍പ്പവകാശത്തെക്കുറിച്ചുള്ള യുഎസ് നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയ ഉള്ളടക്കം ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രിയുടെ സ്റ്റാഫംഗങ്ങള്‍ പറയുന്നു. ഇത് പുതിയ ഐടി ചട്ടങ്ങളുടെ ലംഘനമാണെന്നും മന്ത്രിയുടെ ഓഫിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പുതുതായി നടപ്പാക്കി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്‍റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) ചട്ടം 2021ലെ റൂള്‍ 4 (8)ന്‍റെ ലംഘനമാണ് ട്വിറ്റര്‍ നടത്തിയിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. മറ്റൊരാള്‍ക്ക് പകര്‍പ്പവകാശം ഉള്ള ഒരു ഉള്ളടക്കം ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കിടാന്‍ ഒരു ഉപയോക്താവ് ഒരുങ്ങുമ്പോള്‍ മുന്നറിയിപ്പ് നല്‍കണമെന്ന് ചട്ടങ്ങളിലുണ്ട്. മാത്രമല്ല, സ്വന്തം എക്കൗണ്ടിലേക്കുള്ള ഒരു ഉപയോക്താവിന്‍റെ ആക്സസ് ഇല്ലാതാക്കുന്നതിന് മുന്നോടിയായി ആ നടപടിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന ഒരു അറിയിപ്പ് നല്‍കണമെന്നും വ്യവസ്ഥയുള്ളതായി ഐടി മന്ത്രാലയം പറയുന്നു.
വിവിധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരിലും ബിജെപി നേതാക്കളുടെ നിരവധി പോസ്റ്റുകള്‍ വ്യാജമാണെന്ന് രേഖപ്പെടുത്തിയതിലും നേരത്തേ തന്നെ സര്‍ക്കാര്‍ ട്വിറ്ററിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. പക്ഷപാതപരമായാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം പെരുമാറുന്നതെന്ന് രവിശങ്കര്‍ പ്രസാദ് തന്നെ ആക്ഷേപിക്കുകയും ചെയ്തു.
ഈ മാസം ആദ്യം, പുതിയ ഐടി നിയമങ്ങള്‍ “ഉടനടി” പാലിക്കാനുള്ള അവസാന അവസരം നല്‍കിക്കൊണ്ട് കേന്ദ്രം ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെ നിയമങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചി ട്വിറ്ററിന്‍റെ ‘ഇന്‍റര്‍മീഡിയറി’ പദവി നീക്കം ചെയ്തു. ഇതോടെ ഉപയോക്താക്കളുടെ പോസ്റ്റുകളുടെ പേരില്‍ ട്വിറ്ററിനെ രാജ്യത്തെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്യാനാകും.