ഡോളറിനെതിരെ ഇസ്രയേൽ കറൻസിയുടെ മൂല്യം 25 വർഷത്തെ ഉയരത്തിൽ
ടെൽ അവീവ്: അമേരിക്കൻ ഡോളറിനെതിരെ ഇസ്രയേൽ കറൻസിയായ ഷെകെലിന്റെ മൂല്യം 1996 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയരത്തിൽ. ഇസ്രയേൽ സെൻട്രൽ ബാങ്കിന്റെ വിനിമയ നിരക്കനുസരിച്ച് ഒരു ഡോളറിന്റെ മൂല്യം 3.134 ഷെകലായി ഇടിഞ്ഞു. 1996 ഏപ്രിൽ ഒമ്പതിന് ശേഷം ഇതാദ്യമായാണ് ഷെകലിനെതിരെ ഡോളറിന്റെ മൂല്യത്തിൽ ഇത്ര വലിയ ഇടിവുണ്ടാകുന്നത്.
കഴിഞ്ഞ 20 വ്യാപാര ദിനങ്ങൾക്കിടെ ഷെകലിനെതിരെ ഡോളറിനുണ്ടാകുന്ന പതിനേഴാമത്തെ മൂല്യത്തകർച്ചയാണിത്. 2021 ആരംഭിച്ച ശേഷം ഷെകലിനെതിരെ ഡോളറിന്റെ മൂല്യത്തിൽ 2.25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2020 തുടക്കം മുതലുള്ള കണക്ക് പരിശോധിക്കുകയാണെങ്കിൽ ഡോളറിന്റെ മൂല്യത്തിൽ 9.21 ശതമാനം ഇടിവുണ്ടായി.
ഇസ്രയേലിന്റെ ബാലൻസ് ഓഫ് പേയ്മെന്റ്സിലുണ്ടായ വർധനവും പ്രകൃതിവാതക ഉൽപ്പാദനത്തിലൂടെ അമേരിക്കയിൽ നിന്നും ഇസ്രയേലിലേക്ക് വൻതോതിൽ ഡോളർ ഒഴുകിയതും ഷെകെലിൽ ശമ്പളം നൽകുന്നതിനായി ഹൈടെക്ക് കമ്പനികൾ ഡോളർ ഷെകെലുമായി വിനിമയം ചെയ്തതുമാണ് ഡോളറിനെതിരെ ഷെകലിന്റെ മൂല്യം ഉയരുന്നതിനുള്ള കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ഇവ കൂടാതെ കൊറോണ പകർച്ചവ്യാധി മൂലം വിദേശത്തേക്ക് പോകുന്ന ഇസ്രയേലികളുടെ എണ്ണത്തിലുണ്ടായ ഇടിവും അതുമൂലം ഡോളർ വാങ്ങുന്നതിലുണ്ടായ കുറവും ഡോളറിനെതിരെ കരുത്താർജിക്കാൻ ഷെകെലിനെ സഹായിച്ചു.