ഘട്ടം ഘട്ടമായുള്ള ഉപരോധം പിന്‍വലിക്കല്‍ തള്ളി ഇറാന്‍ വിദേശകാര്യ മന്ത്രാലയം
ആണവ കരാര്‍ വീണ്ടെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ അടുത്ത ആഴ്ച വിയന്നയില്‍ ആരംഭിക്കും
ടെഹ്‌റാന്‍: ഇറാനെതിരായ എല്ലാ ഉപരോധങ്ങളും അമേരിക്ക ഒരുമിച്ച് പിന്‍വലിക്കണമെന്ന് ഹസ്സന്‍ റൂഹാനി ഭരണകൂടം. ഘട്ടം ഘട്ടമായുള്ള ഉപരോധം പിന്‍വലിക്കല്‍ ഇറാന്‍ ഭരണകൂടം തള്ളിയതായി ഇറാനിയന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ പ്രസ് ടി വി റിപ്പോര്‍ട്ട് ചെയ്തു. ഇറാനും ലോകശക്തികളും തമ്മിലുള്ള 2015ലെ ആണവ കരാര്‍ വീണ്ടെടുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് ഘട്ടം ഘട്ടമായുള്ള ഉപരോധം പിന്‍വലിക്കലില്‍ ഇറാന്‍ എതിര്‍പ്പറിയിച്ചിരിക്കുന്നത്.
ആണവ കരാര്‍ വീണ്ടെടുക്കുന്നതിനായി വിയന്നയില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തുമെന്ന് കരാറിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന അമേരിക്കയും ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. കരാറിലേക്ക് അമേരിക്ക മടങ്ങിയെത്തുന്നതിനായി ഇറാന്‍ സ്വീകരിക്കേണ്ട ആണവ നടപടികള്‍ക്കായിരിക്കും അമേരിക്ക ഊന്നല്‍ നല്‍കുകയെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചിട്ടുണ്ട്. ഉപരോധങ്ങളില്‍ ക്രമേണ ഇളവ് അനുവദിക്കുന്നതിനെ ഇറാന്‍ എതിര്‍ക്കുമെന്ന് ഇറാനിലെ വിദേശകാര്യ മന്ത്രാലയം വക്താവ് സയീദ് ഖതീബ്‌സദേഹും അറിയിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായുള്ള ഒരു പദ്ധതികളും അംഗീകരിക്കില്ലെന്നും അമേരിക്കയുടെ എല്ലാ ഉപരോധങ്ങളും പിന്‍വലിക്കണമെന്നതാണ് ഇറാന്റെ നയമെന്നും ഖതീബ്‌സദേഹ് പ്രസ് ടിവിയോട് വ്യക്തമാക്കി.
രണ്ട് മാസത്തിനകം ആണവ കരാറുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പിലെത്തുകയെന്നതാണ് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ചേരുന്ന യോഗത്തിന്റെ ലക്ഷ്യമെന്ന് കരാറിന് മുന്‍കൈ എടുത്ത യൂറോപ്യന്‍ യൂണിയനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ചര്‍ച്ചയില്‍ അമേരിക്ക നേരിട്ട് പങ്കെടുക്കില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ അമേരിക്കയുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തും.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018ല്‍ കരാറില്‍ നിന്നും അമേരിക്കയെ പിന്‍വലിക്കുകയും ഇറാനെതിരെ വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ഇറാന്‍ ആണവ കരാര്‍ പ്രതിസന്ധി ആരംഭിച്ചത്. ഇതോടെ ഇറാന്‍ കരാറിലെ ആണവ വിഷയങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിച്ച് തുടങ്ങി. എന്നാല്‍ ട്രംപിന് ശേഷം ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതോടെ കരാര്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പക്ഷേ കരാര്‍ വീണ്ടെടുക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ നടപടി ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ നീണ്ടുപോകുകയായിരുന്നു. ഇറാന്‍, ചൈന, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങി 2015ലെ കരാറിന്റെ ഭാഗമായ എല്ലാ രാജ്യങ്ങളും വെള്ളിയാഴ്ച വിര്‍ച്വല്‍ യോഗം ചേര്‍ന്ന് കരാറിലേക്ക് അമേരിക്കയെ മടക്കിക്കൊണ്ടുവരുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു.