ഇന്‍ഫോപാര്‍ക്കില്‍ നവസംരംഭകര്‍ക്കായി ദി ഡയലോഗ് പരമ്പര
കൊച്ചി: വളര്‍ന്നു വരുന്ന സംരംഭകര്‍ക്ക് ദിശാബോധവും വിദഗ്ധോപാദേശവും നല്‍കുന്നതിനായി ഇന്‍ഫോപാര്‍ക്കിലെ സാമൂഹ്യ-സാംസ്ക്കാരിക കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസ് ദി ഡയലോഗ് എന്ന മാസിക പ്രഭാഷണ പരമ്പര ആരംഭിച്ചു. ഇൻഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നവസംരംഭകര്‍ക്ക് സുരക്ഷിതമായ പാതയൊരുക്കിയ സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രം ഐഡിയ ടു മിനിമം വയബിള്‍ പ്രൊഡക്ട്- ഹൗ ഫൗണ്ടേഴ്സ് ക്യാന്‍ ബില്‍ഡ്, പിച്ച് ആന്‍ഡ് സ്കെയില്‍ എന്നതായിരുന്നു പരമ്പരയിലെ ഉദ്ഘാടന പ്രഭാഷണ വിഷയം. വ്യവസായ നേതൃനിര, നിക്ഷേപകര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഒന്നിച്ചു കൊണ്ടുവരാനും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ 10-15 വർഷത്തിനിടയിൽ ആശയരൂപീകരണം, മാതൃക, ഉത്പന്ന വികസനം, വിപണി പ്രവേശനം, നിക്ഷേപ അവസരങ്ങള്‍ തുടങ്ങി സംരംഭകർക്ക് സമഗ്ര പിന്തുണ കേരളം നല്‍കി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികള്‍, സാങ്കേതിക പങ്കാളികള്‍, ജിടെക്, പ്രോഗ്രസീവ് ടെക്കീസ് പോലുള്ള സാമൂഹ്യ കൂട്ടായ്മകള്‍ എന്നിവയുടെ കൂട്ടായ പരിശ്രമം ഈ മുന്നേറ്റത്തെ സഹായിച്ചിട്ടുണ്ട്. സംരംഭകര്‍ സുരക്ഷിതമായ ജോലികള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചോര്‍ത്ത് ഇന്ന് ഭയപ്പെടുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും ടെക് സംരംഭത്തിലേക്കെത്തിയ ഡെന്‍സില്‍ ആന്റണിയുടെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. നിരന്തരമായ നവീകരണത്തിലൂടെയും ഉറച്ച കാല്‍വയ്പുകളിലൂടെയും സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ അടുത്ത തലത്തിലേക്ക് എത്തിക്കണം. ഈ ദിശയില്‍ കെഎസ് യുഎം നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. കെഎസ്‌യുഎം പ്രോജക്ട് ഡയറക്ടര്‍ ലെഫ്. കമാൻഡർ(റിട്ട.) സജിത് കുമാർ ഇ വി, പ്രോഗ്രാംസ് ആൻഡ് കമ്മ്യൂണിക്കേഷൻ ലീഡ് നാസിഫ് എൻഎം എന്നിവരും സംസാരിച്ചു.
