ഇൻഫോപാർക്ക് ഫേസ് 3 എ.ഐ ടൗൺഷിപ്പ്ഒരുങ്ങുന്നു

കൊച്ചി: കേരളത്തിന്റെ ഐ.ടി. മേഖലയിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കൊച്ചി ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനത്തിന് തുടക്കം കുറിക്കുന്നു. നൂതനമായ ‘ലാൻഡ് പൂളിംഗ്’ മാതൃകയിലൂടെ എറണാകുളം ജില്ലയിൽ 300 ഏക്കറിലധികം വിസ്തൃതിയിൽഒരു ആഗോള നിലവാരമുള്ള“ഇന്റഗ്രേറ്റഡ് എ.ഐ ടൗൺഷിപ്പ്” യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.കേരള സർക്കാരിന്റെ പുതിയ ലാൻഡ് പൂളിംഗ് നിയമപ്രകാരം നടപ്പാക്കുന്ന ഈ പദ്ധതിക്ക് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയും (ജി.സി.ഡി.എ.) ഇൻഫോപാർക്കും ഒരുമിച്ചാണ് നേതൃത്വം നൽകുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇൻഫോപാർക്കും ജിസിഡിഎ-യും സെപ്റ്റംബർ 29 ന് ധാരണപത്രം ഒപ്പിട്ടു. ഇൻഫോപാർക്ക് ഫേസ് 3-ക്ക് വേണ്ടി ലാൻഡ് പൂളിംഗിലൂടെ ഭൂമി കണ്ടെത്തേണ്ടത് ജി.സി.ഡി.എ-യുടെ ചുമതലയാണ്. ഫേസ് ത്രീയിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ഇന്‍ഫോപാര്‍ക്കിന്റെ കടമയാണ്. ജി.സി.ഡി.എ.യുമായി ഇൻഫോപാർക്ക് ധാരണാപത്രം ഒപ്പിടുന്നത് ലാൻഡ് പൂളിംഗ് പദ്ധതിയുടെ ആദ്യ ഘട്ടമാണ്. ഇതിനുശേഷം സാധ്യത പഠനം, സ്റ്റേക്ക്ഹോൾഡർ കൺസൾട്ടേഷനുകൾ, പ്രാഥമിക സർവേകൾ, മാസ്റ്റർ പ്ലാനിംഗ്, വിശദമായ പദ്ധതി റിപ്പോർട്ടുകൾ എന്നിവ തയ്യാറാക്കും. ജി.സി.ഡി.എ. ലാൻഡ് പൂളിംഗ് പ്രക്രിയക്ക് നേതൃത്വം നൽകുമെങ്കിലും, പദ്ധതിയുടെ ഉടമസ്ഥത ഇൻഫോപാർക്കിനായിരിക്കും. ലാൻഡ് പൂളിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, ജി.സി.ഡി.എ.യും ഇൻഫോപാർക്കും ചേർന്ന് ഒരു വർഷത്തിനുള്ളിൽ സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. സ്ഥലത്തിന്റെ മാസ്റ്റര്‍ പ്ലാനിംഗ്, ഐടി കമ്പനികളെ ആകര്‍ഷിക്കൽ, മാര്‍ക്കറ്റിംഗ് തുടങ്ങിയവയുംഇന്‍ഫോപാര്‍ക്കിന്റെ ഉത്തരവാദിത്തമാണ്. ലാന്‍ഡ് പൂളിംഗിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ള ചെലവ് ഇന്‍ഫോപാര്‍ക്ക് ജിസിഡിഎയ്ക്ക് നല്‍കണം. പരമ്പരാഗത ഭൂമി ഏറ്റെടുക്കൽ രീതികളിലെ കാലതാമസവും നിയമപ്രശ്നങ്ങളും ഒഴിവാക്കി, വികസന പദ്ധതികൾക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കാൻ സർക്കാർ നടപ്പാക്കുന്ന പുതിയ സമീപനമാണ് ലാൻഡ് പൂളിംഗ്. ഇതിലൂടെ, ഭൂമിസർക്കാർ ഏറ്റെടുക്കുന്നതിന് പകരം, സ്വകാര്യ ഭൂവുടമകളുടെ സമ്മതത്തോടെ അവരുടെ ചെറിയ തുണ്ട് ഭൂമികൾ ഒരുമിപ്പിച്ച് വലിയ പ്ലോട്ടാക്കി മാറ്റുന്നു. ഈ ഭൂമിയിൽ റോഡുകൾ, IT പാർക്കുകൾ, മറ്റ് പൊതു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ആസൂത്രിതമായ വികസനം നടത്തുന്നു. അതിനുശേഷം, ഈ വികസിപ്പിച്ച ഭൂമിയുടെ ഒരു ഭാഗം അടിസ്ഥാന സൗകര്യങ്ങൾക്കായി ഉപയോഗിച്ച ശേഷം, ബാക്കിയുള്ള ഭാഗം ഭൂമിയുടെ മൂല്യവർദ്ധനയോടെ ഭൂവുടമകൾക്ക് തിരികെ നൽകുന്നു. ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം വികസിപ്പിച്ച ഭൂമിയുടെ മൂല്യം പല മടങ്ങ് വർദ്ധിക്കുന്നു എന്നതാണ്. ഇത് ഭൂവുടമകൾക്ക് വലിയ സാമ്പത്തിക നേട്ടം നൽകും. സ്ഥലം കണ്ടെത്തുക, ഭൂവുടമകളുമായി ചര്‍ച്ചകൾ നടത്തുക, സര്‍വേ ജോലികൾ, അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ട പ്രവൃത്തികൾ നടത്തി വികസിപ്പിച്ച പ്ലോട്ടുകളാക്കാനുള്ള നടപടികള്‍, അവ തിരികെ ഭൂവുടമകളുടെ ഉടമസ്ഥാവകാശത്തിലേക്ക് നല്‍കൽ തുടങ്ങിയവയെല്ലാം ജിസിഡിഎയുടെ ചുമതലയാണ്. കേരള ലാന്‍ഡ് പൂളിംഗ് ചട്ടങ്ങള്‍ പ്രകാരമാണ് നടപടികളെന്ന് കര്‍ശനമായി ഉറപ്പു വരുത്തേണ്ടതും ജിസിഡിഎ ആണ്. കൊച്ചിയുടെ അതിവേഗ വളർച്ചയും നിലവിലുള്ള ഇൻഫോപാർക്ക് കാമ്പസുകളിലെ സ്ഥലപരിമിതിയും കണക്കിലെടുത്താണ് ഇൻഫോപാർക്ക് മൂന്നാം ഘട്ടമെന്ന പേരിൽ 300 ഏക്കറിലധികം വിസ്തൃതിയിൽ ഈ പദ്ധതിക്ക് രൂപം നൽകിയത്. ഇത് വെറുമൊരു ഐ.ടി. പാർക്ക് വികസനമല്ല, മറിച്ച് ‘ഇന്റഗ്രേറ്റഡ് എ.ഐടൗൺഷിപ്പ്’ എന്ന ആഗോള സങ്കൽപ്പത്തിൽ ഒരുങ്ങുന്ന ഒരു സാങ്കേതിക കേന്ദ്രമാണ്. ഇത് ആഗോള ടെക് കമ്പനികളെയും, ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ (ജി.സി.സി) മേഖലയിലെ മുൻനിര കമ്പനികളെയും ആകർഷിക്കാൻ ലക്ഷ്യമിടുന്നു. ഏകദേശം 25,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതി, ഏകദേശം 2,00,000 നേരിട്ടുള്ള തൊഴിലവസരങ്ങളും 4,00,000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഫോപാർക്ക് ഫേസ് ത്രീയ്‌ക്കൊപ്പം ഇൻഫോപാർക്ക് ഫേസ് ഫോറിന്റെയും സ്ഥലമേറ്റെടുക്കലിനായുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ലോക സമൂഹം ഉറ്റുനോക്കുന്ന ഐടി ആവാസവ്യവസ്ഥയായി കൊച്ചി മാറാന്‍ പോവുകയാണ്.