ഇന്‍ഫിനിക്‌സ് ഹോട്ട് 10എസ് പുറത്തിറക്കി
4 ജിബി, 64 ജിബി വേരിയന്റിന് 9,999 രൂപയും 6 ജിബി, 64 ജിബി വേരിയന്റിന് 10,999 രൂപയുമാണ് വില
ഇന്‍ഫിനിക്‌സ് ഹോട്ട് 10എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹോങ്കോങ് ആസ്ഥാനമായ ഇന്‍ഫിനിക്‌സ് കഴിഞ്ഞ മാസം ഇന്തോനേഷ്യന്‍ വിപണിയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരുന്നു. രണ്ട് വേരിയന്റുകളില്‍ ലഭിക്കും. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയും 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയുമാണ് വില. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. മൊറാണ്ടി പര്‍പ്പിള്‍, 7 ഡിഗ്രി പര്‍പ്പിള്‍, ഹാര്‍ട്ട് ഓഫ് ഓഷ്യന്‍, 95 ഡിഗ്രി ബ്ലാക്ക് എന്നിവയാണ് നാല് കളര്‍ ഓപ്ഷനുകള്‍. മെയ് 27 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും. ആദ്യ വില്‍പ്പന സമയത്ത് 500 രൂപ വിലക്കിഴിവ് ലഭിക്കും.
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഇന്‍ഫിനിക്‌സ് ഹോട്ട് 10എസ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ എക്‌സ്ഒഎസ് 7.6 സ്‌കിന്‍ സോഫ്റ്റ്‌വെയറിലാണ്. 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 180 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് നിരക്ക്, 20.5:9 കാഴ്ച്ചാ അനുപാതം, 440 നിറ്റ് പരമാവധി തെളിച്ചം, 1500:2 കോണ്‍ട്രാസ്റ്റ് അനുപാതം, 90.66 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം എന്നിവ സഹിതം 6.82 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1640 പിക്‌സല്‍) ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ നല്‍കി. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി85 എസ്ഒസിയാണ് കരുത്തേകുന്നത്.
പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനമാണ് നല്‍കിയിരിക്കുന്നത്. എഫ്/1.79 അപ്പര്‍ച്ചര്‍ സഹിതം 48 മെഗാപിക്‌സല്‍ പ്രധാന കാമറ, 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി ഡെപ്ത്ത് ലെന്‍സ്, മറ്റൊരു എഐ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ കാമറ സംവിധാനം. ക്വാഡ് എല്‍ഇഡി ഫ്‌ളാഷ്, പോര്‍ട്രെയ്റ്റ് മോഡ്, നൈറ്റ് മോഡ്, എച്ച്ഡിആര്‍, പോര്‍ട്രെയ്റ്റ് എച്ച്ഡിആര്‍ തുടങ്ങിയവ കാമറ ഫീച്ചറുകളാണ്. മുന്നിലെ വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ നോച്ചില്‍ എഫ്/2.0 അപ്പര്‍ച്ചര്‍, ഇരട്ട എല്‍ഇഡി ഫ്‌ളാഷ് സപ്പോര്‍ട്ട് എന്നിവ സഹിതം 8 മെഗാപിക്‌സല്‍ സെല്‍ഫി കാമറ നല്‍കി. സൂപ്പര്‍ നൈറ്റ്, എഐ പോര്‍ട്രെയ്റ്റ്, എഐ 3ഡി ഫേസ് ബ്യൂട്ടി, വൈഡ്‌സെല്‍ഫി, എആര്‍ ഷോട്ട്‌സ് എന്നിവ മുന്നിലെ കാമറ മോഡുകളാണ്.
6,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 52 മണിക്കൂര്‍ 4ജി ടോക്ക്‌ടൈം, 76 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്, 27 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് എന്നിവ സാധിക്കും. വജ്രാകൃതിയുള്ള ഇഴകളുടെ പാറ്റേണ്‍ ലഭിച്ച പിറകില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. ഫേസ് അണ്‍ലോക്ക് സവിശേഷതയാണ്. ബ്ലൂടൂത്ത് 5, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, യുഎസ്ബി ഒടിജി എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 171 എംഎം, 77 എംഎം, 9.2 എംഎം എന്നിങ്ങനെയാണ്. 211 ഗ്രാമാണ് ഭാരം.