രാജാമണിയും തരൂരിന്‍റെ പാതയിലെന്ന് സൂചന
തിരുവനന്തപുരം: വിരമിച്ച നയതന്ത്രജ്ഞന്‍ വേണു രാജാമണി കോണ്‍ഗ്രസിലേക്കെന്ന സൂചന ശക്തമാകുന്നു. പാര്‍ട്ടി നേതാക്കളുമായി ഇടയ്ക്കിടെ നടത്തുന്ന കൂടിക്കാഴ്ചകളും യാത്രകളും ശശിതരൂരിന്‍റെ വഴിക്കാണ് രാജാമണിയും നീങ്ങുന്നതെന്ന് സൂചിപ്പിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
നെതര്‍ലാന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്ന രാജാമണി വിരമിച്ചശേഷം സംസ്ഥാന തലസ്ഥാനത്ത് സ്ഥിരതാമസമാക്കിയിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റ് അദ്ദേഹത്തിന് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതിനുള്ള സാധ്യത വര്‍ധിച്ചതായും അവര്‍ വിലയിരുത്തുന്നു. പ്രത്യേകിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ആശ്ചര്യങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞതിനുശേഷം.
ചൊവ്വാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗവേഷണ വിഭാഗം സംഘടിപ്പിച്ച സെമിനാറിലായിരുന്നു രാജാമണി. പരിപാടിയില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഓണ്‍ലൈനായി പങ്കെടുത്തിരുന്നു. രാജാമണിയുടെ സ്ഥാനാര്‍ത്ഥിത്വം തള്ളിക്കളയാനാകില്ലെന്ന് അതിനുശേഷം പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെടുകയും ചെയ്തു.
‘ഇപ്പോള്‍ അദ്ദേഹം നമ്മുടെ പാര്‍ട്ടിയുടെ ഉന്നതരുടെ കൂട്ടത്തില്‍ പലപ്പോഴും കാണപ്പെടുന്നു. ശശി തരൂരിനെ നോക്കൂ, അദ്ദേഹത്തിന് ഒരിക്കലും രാഷ്ട്രീയ പരിചയമില്ലെങ്കിലും, ഇതിനകം തന്നെ തിരുവനന്തപുരം ലോക്സഭാ സീറ്റില്‍നിന്ന് ഹാട്രിക് വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ലോക്സഭയിലെ തരൂരിന്‍റെ മികച്ച പ്രകടനത്തോട് അദ്ദേഹത്തിന്‍റെ എതിരാളികള്‍ പോലും യോജിക്കുന്നു. അദ്ദേഹത്തെപ്പോലുള്ളവര്‍ തീര്‍ച്ചയായും ഒരു സ്വത്താണെന്നും രാജാമണി തരൂരിനെപ്പോലെ അല്ലെങ്കിലും അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം മറ്റ് പാര്‍ട്ടികള്‍ക്ക് ഞെട്ടലുണ്ടാക്കുമെന്ന് ഉറപ്പുണ്ട്. കേരളത്തിന് തീര്‍ച്ചയായും രാജാമണിയെപ്പോലുള്ളവരെ ആവശ്യമുണ്ട്’ കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന തലസ്ഥാനത്ത് നേമം അല്ലെങ്കില്‍ വട്ടിയൂര്‍കാവ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് രാജാമണിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 2016 ലെ തെരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ ബിജെപി തങ്ങളുടെ എക്കൗണ്ട് തുറന്നത് നേമം മണ്ഡലത്തിലൂടെയാണ്. അതിനാല്‍ ഇക്കുറിയും ഈമണ്ഡലം ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ ഈ സീറ്റ് നിര്‍ണായകമാകും. അതിനാല്‍ രാജാമണി ഇവിടെ അനുയോജ്യനാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് അപ്രതീക്ഷിതമായി കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇവിടെയും രാജാമണി അനുയോജ്യനാണെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയായിരിക്കെ രാജാമണിയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന് നന്നായി അറിയാവുന്നതാണ്. ഇക്കാര്യവും നയതന്ത്രജ്ഞന്‍റെ കാര്യത്തില്‍ അനുകൂല ഘടകമാകും. ഒടുവില്‍ അദ്ദേഹം പട്ടികയില്‍ ഇടം നേടുന്നുവെങ്കില്‍, തലസ്ഥാനനഗരിയില്‍ ഒരു ഉജ്ജ്വലമായ തെരഞ്ഞെടുപ്പ് പ്രചരണം കാണാനാകും. മുന്‍ പ്രതിരോധമന്ത്രി വി കെ കൃഷ്ണമേനോനെയും യുഎന്നില്‍ ഉദ്യോഗസ്ഥനായിരുന്ന തരൂരിനെയും വിജയിപ്പിച്ച നാടാണ് തിരുവനന്തപുരം . വീണ്ടും ഇവിടെ ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.