11 മാസത്തിനിടെ ആദ്യമായി മാനുഫാക്ചറിംഗില്‍ ഇടിവ്
മാനുഫാക്ചറിംഗ് സ്ഥാപനങ്ങള്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുന്ന പ്രവണത ജൂണിലും തുടര്‍ന്നു
ബെംഗളൂരു: കൊറോണ വൈറസിന്‍റെ മാരകമായ രണ്ടാം തരംഗം നിയന്ത്രിക്കുന്നതിന് വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ മൂലം ഇന്ത്യയിലെ ഫാക്റ്ററി പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് മാനുഫാക്ചറിംഗ് പിഎംഐ ചുരുങ്ങുന്നത്. ആവശ്യകതയിലും ഉല്‍പ്പാദനത്തിലും കുറവുണ്ടായതിന്‍റെ ഫലമായി കമ്പനി
ഐഎച്ച്എസ് മാര്‍ക്കിറ്റ് തയാറാക്കിയ നിക്കി മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍സ് ഇന്‍ഡെക്സ്, മേയ് മാസത്തിലെ 50.8 ല്‍ നിന്ന് ജൂണ്‍ മാസത്തില്‍ 48.1 ലേക്ക് താഴ്ന്നു. സൂചികയില്‍ 50ന് മുകളിലുള്ള രേഖപ്പെടുത്തല്‍ വികാസത്തെയും 50ന് താഴെയുള്ളത് സങ്കോചത്തെയും സൂചിപ്പിക്കുന്നു.
ദൈനംദിന കോവിഡ് കേസുകളില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് പല ഇന്ത്യന്‍ സംസ്ഥാനങ്ങളും അടുത്തിടെ ചില നിയന്ത്രണ നടപടികളില്‍ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും പുതിയ ഡെല്‍റ്റ പ്ലസ് വേരിയന്‍റിന്‍റെ ദ്രുതഗതിയിലുള്ള ആവിര്‍ഭാവം രാജ്യത്തിന്‍റെ ഇതിനകം തന്നെ ദുര്‍ബലമായ സാമ്പത്തിക വീക്ഷണത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
‘മാനുഫാക്ചറിംഗിലെ വിശാലമായ മൂന്ന് മേഖലകളില്‍, മൂലധന ചരക്കുകളാണ് ജൂണില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട മേഖല. വില്‍പ്പനയില്‍ ഗണ്യമായ ഇടിവുണ്ടായതിനാല്‍ ഇവിടെ ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞു.’ ഐഎച്ച്എസ് മാര്‍ക്കിറ്റിലെ ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡി ലിമ പറഞ്ഞു.
മൊത്തത്തിലുള്ള ആവശ്യകതയും ഉല്‍പ്പാദനവും 11 മാസത്തിനിടെ ആദ്യമായി ചുരുങ്ങിയപ്പോള്‍, മാനുഫാക്ചറിംഗ് സ്ഥാപനങ്ങള്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുന്ന പ്രവണത ജൂണിലും തുടര്‍ന്നു. എന്നാല്‍ മുന്‍മാസങ്ങളെ അപേക്ഷിച്ച് തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ മന്ദഗതിയിലായിരുന്നു എന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.
അടുത്ത 1 വര്‍ഷത്തെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസം 2020 ജൂലൈ മുതല്‍ ഏറ്റവും താഴ്ന്ന തലത്തിലാണ്. എന്നാല്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തിങ്കളാഴ്ച അധിക ധനസഹായം പ്രഖ്യാപിക്കുന്നതിനുമുമ്പാണ് ഇതു സംബന്ധിച്ച സര്‍വേ നടത്തിയതെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്‍പുട്ട് ചെലവുകളില്‍ തുടര്‍ച്ചയായ വര്‍ധനയുണ്ടായിട്ടും, കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ മാത്രമാണ് ഉല്‍പ്പന്ന വിലകള്‍ വര്‍ധിപ്പിച്ചത്. ആവശ്യകത നിലനിര്‍ത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. എന്നിരുന്നാലും മൊത്തത്തിലുള്ള പണപ്പെരുപ്പത്തിന്‍റെ വര്‍ദ്ധനവ് ഗണ്യമായി മയപ്പെടുത്താന്‍ ഇത് പര്യാപ്തമല്ലായെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. മൊത്തത്തിലുള്ള പണപ്പെടുപ്പം മെയ് മാസത്തില്‍ ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ഇന്ധനത്തിന്‍റെയും ചരക്കുകളുടെയും വിലയിലുണ്ടായ വര്‍ധന മൂലം മൊത്ത വില പണപ്പെരുപ്പത്തിലുണ്ടായ വര്‍ധന ഇന്‍പുട്ട് ചെലവുകളെ കുറഞ്ഞത് 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് നയിച്ചുവെന്നാണ് കണക്കാക്കുന്നത്.