2025ഓടെ ഇന്ത്യയുടെ ലൈവ് കൊമേഴ്സ് വിപണി 4-5 ബില്യണ്‍ ഡോളറിലെത്തും
1 min readബ്രാന്‍ഡുകള്‍ ഇപ്പോള്‍ അവരുടെ സ്വന്തം പ്ലാറ്റ്ഫോമുകളിലും ഷോര്‍ട്ട്ഫോം പ്ലാറ്റ്ഫോമുകളിലും ലൈവ് കൊമേഴ്സ് സാധ്യതകള്‍ പരീക്ഷിക്കുകയാണ്
ന്യൂഡെല്‍ഹി: ഇന്ത്യയുടെ ലൈവ് കൊമേഴ്സ് വിപണി 2025 ഓടെ 4-5 ബില്യണ്‍ ഡോളറിന്‍റെ മൊത്തം ചരക്ക് മൂല്യത്തില്‍ (ജിഎംവി) എത്തുമെന്ന് പഠന റിപ്പോര്‍ട്ട്. ബ്യൂട്ടി ആന്‍ഡ് പെഴ്സണല്‍ കെയര്‍ (ബിപിസി) വിഭാഗമാണ് ഈ മേഖലയുടെ വളര്‍ച്ചയെ നയിക്കുന്നതെന്നും വിപണി ഗവേഷണ സ്ഥാപനമായ റെഡ്സീര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈവ് സ്ട്രീമിംഗ് വീഡിയോ ഇവന്‍റുകള്‍ക്കിടെ ഉപയോക്താക്കള്‍ വാങ്ങലുകള്‍ നടത്തുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് വിഭാഗത്തെയാണ് ലൈവ് കൊമേഴ്സ് എന്നു പറയുന്നത്.
സൗന്ദര്യ-വ്യക്തിഗത പരിചരണ ഉല്‍പ്പന്ന വിഭാഗം ലൈവ് കൊമേഴ്സിലൂടെ ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ജിഎംവി സ്വന്തമാക്കുന്ന തരത്തില്‍ ഉയര്‍ന്ന വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തുന്നത്. ലൈവ് കൊമേഴ്സിന്‍റെ മൊത്തം ചരക്കു മൂല്യംത്തില്‍ 60-70 ശതമാനം ഫാഷന്‍ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് 30-40 ശതമാനം ബിപിസി സംഭാവന ചെയ്യുമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
വര്‍ഷങ്ങളായി, ഉള്ളടക്കങ്ങളുടെ വ്യത്യസ്ത ഫോര്‍മാറ്റുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. വിപണന ഉള്ളടക്കങ്ങള്‍ തയാറാക്കപ്പെടുന്നതിലും സ്വീകരിക്കുന്നതിലും പങ്കുവെക്കുന്നതിലും മാറ്റങ്ങള്‍ സംഭവിച്ചു.
“താമസിയാതെ, ബ്രാന്‍ഡുകള്‍ ഈ വഴി പിന്തുടര്‍ന്ന് 1-2 ദിവസത്തിനുള്ളില്‍ കാമ്പെയ്നുകളിലൂടെ ബില്യണ്‍ കണക്കിന് കാഴ്ചക്കാരെ നേടി. ടിക് ടോക്കിലെ സെലിബ്രിറ്റി പ്രചാരണങ്ങള്‍ പിന്നീട് ഇന്‍സ്റ്റാഗ്രാം റീലുകളിലും തുടര്‍ന്നു,” റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്ലിപ്പ്കാര്‍ട്ട്, മിന്ത്ര, ബൈജുസ് തുടങ്ങി യുവാക്കളെ ലക്ഷ്യമിടുന്ന ബ്രാന്‍ഡുകള്‍ ഈ പ്ലാറ്റ്ഫോമുകളില്‍ വലിയ പ്രചാരണം നടത്തി. ആലിയ ഭട്ട്, അമിതാഭ് ബച്ചന്‍, ശില്‍പ്പ ഷെട്ടി തുടങ്ങിയ താരങ്ങള്‍ ഈ കാംപെയ്നുകളുടെ ഭാഗമായി.
ചൈനീസ് ആപ്ലിക്കേഷന്‍ ടിക് ടോക്ക് നിരോധിച്ചത് താല്‍ക്കാലികമായി കാര്യങ്ങളെ മാറ്റി. പക്ഷേ, ഈ സ്പേസില്‍ ഉടന്‍ തന്നെ നിരവധി ആഭ്യന്തര ആപ്ലിക്കേഷനുകള്‍ ഇടംപിടിച്ചു. ഇവ വളരുകയാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഇതിനു പുറമേ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുള്ള ബദല്‍ തന്ത്രമായി ബ്രാന്‍ഡുകള്‍ ഇപ്പോള്‍ അവരുടെ സ്വന്തം പ്ലാറ്റ്ഫോമുകളിലും ഷോര്‍ട്ട്ഫോം പ്ലാറ്റ്ഫോമുകളിലും ലൈവ് കൊമേഴ്സ് സാധ്യതകള്‍ പരീക്ഷിക്കുകയാണ്. ചൈനയില്‍ നിന്നുള്ള പഠനങ്ങള്‍ കാണിക്കുന്നത് ഷോര്‍ട്ട്ഫോം വിഡിയോ പ്ലാറ്റ്ഫോമുകള്‍ക്ക് ലൈവ് കൊമേഴ്സിനെ നയിക്കാനാകുമെന്നാണ്.
കോവിഡ് 19 സാമൂഹിക അകലത്തിന്‍റെ സാഹചര്യം സൃഷ്ടിച്ചതും ലൈവ് കൊമേഴ്സിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ എത്തിക്കുന്നുണ്ട്. വസ്ത്രങ്ങള്‍ പോലുള്ള ഉല്‍പ്പന്നങ്ങളുടെ വിവിധ വശങ്ങള്‍ നേരിട്ട് കണ്ട് വാങ്ങാനാകാത്ത സാഹചര്യത്തെ ഒരു പരിധി വരെ ഇതിലൂടെ മറികടക്കാനാണ് ഉപഭോക്താക്കള്‍ ശ്രമിക്കുന്നത്.