2022 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി നിരക്ക് 10.4 ശതമാനമായി കുറയും
1 min read-
11 ശതമാനത്തില്‍ നിന്ന് 10.4-ലേക്ക് ജിഡിപി നിരക്ക് പുനര്‍നിശ്ചയിക്കുന്നതായി എസ്ബിഐ
-
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനേക്കാളും വേണ്ടത് കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിന്‍റെ വേഗത കൂട്ടുകയാണ്
മുംബൈ: 2022 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് പുനര്‍നിശ്ചയിച്ച് എസ്ബിഐ റിസര്‍ച്ച്. നേരത്തെ ഇവര്‍ പ്രവചിച്ചിരുന്ന വളര്‍ച്ചാനിരക്ക് 11 ശതമാനമായിരുന്നു. ഇത് 10.4 ശതമാനമായാണ് എസ്ബിഐ റിസര്‍ച്ച് കുറച്ചിരിക്കുന്നത്.
ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം കൊറോണ വൈറസ് വാക്സിനേഷന്‍ അതിവേഗത്തിലാക്കുകയാണ് വേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കോവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് വാക്സിനേഷന്‍ വേഗത്തിലാക്കുകയാണ് വേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
13 പ്രധാന സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വാക്സിനേഷന് സര്‍ക്കാരുകള്‍ക്ക് വേണ്ടി വരുന്ന ചെലവ് ജിഡിപിയുടെ .1 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹെര്‍ഡ് ഇമ്യൂണിറ്റി വരാനും ഭാവിയില്‍ കോവിഡ് തരംഗങ്ങള്‍ വരാതിരിക്കാനും ഇന്ത്യന്‍ ജനത വാക്സിനേറ്റ് ചെയ്യപ്പെടണം. അതില്‍ മാത്രമാകണം ഫോക്കസ്-എസ്ബിഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസറായ സൗമ്യ കാന്തി ഘോഷ് പറുന്നു.
മറ്റ് രാജ്യങ്ങളുടെ അനുഭവത്തില്‍ നിന്നും മനസിലാകുന്നത് ജനതയുടെ 15 ശതമാനമെങ്കിലും വാക്സിന്‍റെ രണ്ട് ഡോസും എടുത്തതിന് ശേഷം മാത്രമേ കാര്യങ്ങള്‍ സാധരണ നിലയിലേക്ക് തിരിച്ചെത്തി തുടങ്ങുകയുള്ളൂ. ഇതുവരെ രാജ്യത്ത് വാക്സിനെടുത്തവരുടെ ശതമാനം കേവലം 1.2 ശതമാനം മാത്രമാണ്. ഡിസംബറോട് കൂടി മാത്രമേ പകുതി ജനങ്ങള്‍ക്കെങ്കിലും കുത്തിവെപ്പ് നടത്താന്‍ ഇന്ത്യക്ക് സാധിക്കൂ.