രണ്ട് ദശകത്തിനുള്ളില്‍ 15 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാം: അദാനി
ന്യൂഡെല്‍ഹി: അടുത്ത രണ്ട് ദശകത്തിനുള്ളില്‍ ഇന്ത്യക്ക് 15 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറാമെന്നും ഏറ്റവും വലിയ ആഗോള വിപണികളിലൊന്നായി മാറുമെന്നും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. അദാനി ഗ്രൂപ്പിന്‍റെ വാര്‍ഷിക പൊതുയോഗത്തെ (എജിഎം) അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒട്ടേറേ വെല്ലുവിളികള്‍ മുന്നിലുണ്ടെങ്കിലും, എക്കാലത്തെയും വലിയ മധ്യവര്‍ഗം, തൊഴില്‍ പ്രായം വര്‍ദ്ധിക്കുന്നത്, ഉപഭോക്തൃ ജനസംഖ്യയുടെ വര്‍ധന എന്നിവ ഇന്ത്യയുടെ വളര്‍ച്ചയെ നയിക്കുമെന്ന് അദാനി നിരീക്ഷിക്കുന്നു. നിലവില്‍ 100 ബില്യണ്‍ ഡോളര്‍ വിപണി മൂലധനം എന്ന നേട്ടം മറികടക്കാന്‍ ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്.
‘മൂല്യനിര്‍ണയത്തിലെ ഈ നാഴികക്കല്ല് ഒരു ഒന്നാം തലമുറ ഇന്ത്യന്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം ആദ്യത്തേതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതില്‍ പ്രധാനം ഞങ്ങളെ ഇവിടേക്ക് നയിച്ച പാതയാണ്, അതിലും പ്രധാനമായി ഈ പാത മുന്നോട്ടുപോകേണ്ടതുണ്ട്, “അദ്ദേഹം പറഞ്ഞു.
അദാനി കമ്പനികളില്‍ കാര്യമായ നിക്ഷേപം നടത്തുന്ന മൂന്ന് എഫ്പിഐകളുടെ എക്കൗണ്ടുകളെക്കുറിച്ച് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍, ചില മാധ്യമങ്ങള്‍ റെഗുലേറ്ററി നടപടികള്‍ അശ്രദ്ധയോടെയും നിരുത്തരവാദപരമായും റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ ഉദാഹരണമാണെന്ന് അദാനി പറയുന്നു.