പ്രത്യേക തീര്‍ത്ഥാടക ട്രെയിന്‍ സര്‍വീസുമായി ഐആര്‍സിടിസി
1 min readന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്ന് നാല് തീര്‍ത്ഥാടക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. നാല് ട്രെയിനുകളും രാജ്‌കോട്ടില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് തിരിച്ച് രാജ്‌കോട്ടില്‍തന്നെ എത്തിച്ചേരുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് ഐആര്‍സിടിസി വെസ്റ്റേണ്‍ സോണിന്റെ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ രാഹുല്‍ ഹിമാലയന്‍ പറഞ്ഞു.
ഈ മാസം തന്നെ രണ്ട് പ്രത്യേക തീര്‍ത്ഥാടക ട്രെയിനുകള്‍ സര്‍വീസ് നടത്തും. നാസിക്, ഔറംഗബാദ്, പാര്‍ലി, കര്‍ണൂല്‍ ടൗണ്‍, രാമേശ്വരം, മധുര, കന്യാകുമാരി എന്നിവ ഉള്‍പ്പെടുന്ന ദക്ഷിണ ദര്‍ശന്‍ തീര്‍ത്ഥാടന സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഫെബ്രുവരി 14 മുതല്‍ 25 വരെ ആയിരിക്കും. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 8 വരെ നടക്കുന്ന നമാമി ഗംഗെ പില്‍ഗ്രിം സ്പെഷ്യല്‍ ട്രെയിന്‍ വാരണാസി, ഗയ, കൊല്‍ക്കത്ത, ഗംഗാ സാഗര്‍, പുരി എന്നിവിടങ്ങളില്‍ സഞ്ചരിക്കും.
മാര്‍ച്ച് മുതല്‍ ഭാരതദര്‍ശന്‍ ട്രെയിനുകള്‍ ആരംഭിക്കും. മഥുര, ഹരിദ്വാര്‍, ഋഷികേശ്, അമൃത്‌സര്‍, വൈഷ്‌ണോദേവി എന്നിവ ഉള്‍ക്കൊള്ളുന്ന കുംഭ് ഹരിദ്വാര്‍ ഭാരത് ദര്‍ശന്‍ മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 14 വരെയാണ്. ദക്ഷിണേന്ത്യ ടൂര്‍ ഭാരതദര്‍ശന്‍ ട്രെയിന്‍ മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 31 വരെ രാമേശ്വരം, മധുര, കന്യാകുമാരി, തിരുവനന്തപുരം, ഗുരുവായൂര്‍, തിരുപ്പതി, മൈസൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് ഹിമാലയന്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 14 മുതല്‍ ഐആര്‍സിടിസി തങ്ങളുടെ കോര്‍പ്പറേറ്റ് തേജസ് എക്‌സ്പ്രസ് ട്രെയിന്‍ അഹമ്മദാബാദ്-മുംബൈ റൂട്ടില്‍ പുനരാരംഭിക്കും.
കൊറോണ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ തേജസ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ഒക്ടോബറില്‍ ലോക്ക്ഡൗണ്‍ ലഘൂകരിച്ചതിനാല്‍ ഐആര്‍സിടിസി ഈ സേവനങ്ങള്‍ പുനരാരംഭിച്ചു. എന്നാല്‍ യാത്രക്കാര്‍ കുറവായതിനാല്‍ പ്രവര്‍ത്തനങ്ങള്‍ വീണ്ടും നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ അപ്പോള്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ഐആര്‍സിടിസി ടൂറിസം ജോയിന്റ് ജനറല്‍ മാനേജര്‍ വായുനന്ദന്‍ ശുക്ല പറഞ്ഞു. വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാകും ട്രെയിന്‍ ഓടിക്കുക.