3-4 വര്‍ഷത്തില്‍ ‘ഇന്ത്യന്‍ ഇ- കൊമേഴ്‌സ് വ്യവസായം 100 ബില്യണ്‍ ഡോളറിലെത്തും’
1 min readന്യൂഡെല്‍ഹി: അടുത്ത മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വ്യവസായം 90-100 ബില്യണ്‍ ഡോളറിന്റെ മൂല്യത്തിലേക്ക് എത്തുമെന്ന് ഫഌപ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിരവധി അവസരങ്ങളാണ് ചെറുകിട വ്യാപാരികള്‍ക്കായി ഫഌപ്കാര്‍ട്ട് ഒരുക്കുന്നത്. 2019ലെ കണക്ക് പ്രകാരം 10 ശതമാനം ഇന്ത്യക്കാരും എന്തെങ്കിലും ഒന്ന് ഓണ്‍ലൈനായി വാങ്ങിയിട്ടുള്ളവരാണ്. ഈ പ്രവണത വര്‍ധിക്കുകയാണെന്നും ഓണ്‍ലൈനായി സംഘടിപ്പിച്ച ടൈക്കോണ്‍ ഇവന്റില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ‘ആത്മനിര്‍ഭര്‍ ഭാരത്’ കാഴ്ച്ചപാടില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ ഇ-കൊമേഴ്‌സിന് സാധിക്കുമെന്ന് ആമസോണ്‍ ഇന്ത്യ കണ്‍ട്രി ഹെഡ് അമിത് അഗര്‍വാള്‍ പറഞ്ഞു. തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിനും ആഗോള തലത്തിലേക്ക് പോകുന്നതിനും ഇ- കൊമേഴ്‌സ് ഇന്ത്യയിലെ സംരംഭങ്ങള്‍ക്ക് അവസരമൊരുക്കുന്നു.
ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് ഇപ്പോഴും ശൈശവദശയിലാണെന്നും രാജ്യത്തെ മൊത്തം റീട്ടെയ്ല്‍ ഉപഭോഗത്തിന്റെ 3 ശതമാനം മാത്രമാണ് ഇപ്പോഴും ഇതിലൂടെ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇ-കൊമേഴ്‌സ് മേഖലയിലെ മല്‍സരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്തൃ കേന്ദ്രീകൃതമായി മുന്നോട്ടുപോകുകയാണെന്നും അമിത് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫഌപ്കാര്‍ട്ടും ആമസോണും കടുത്ത മല്‍സരമാണ് വിപണി വിഹിതത്തിനായി കാഴ്ചവെക്കുന്നത്. റിലയന്‍സ് റീട്ടെയ്‌ലും ഇപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. പലചരത്ത് ഉല്‍പ്പന്നങ്ങള്‍ക്കായി ജിയോ മാര്‍ട്ടും റിലയന്‍സ് അവതരിപ്പിച്ചിട്ടുണ്ട്.