പകര്‍ച്ചവ്യാധിക്കാലത്ത് ഇന്ത്യയില്‍ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം വര്‍ധിച്ചു
1 min readമുതിര്‍ന്നവര്‍ക്കുള്ള ആന്റിബയോട്ടിക്കുകളുടെ 216.4 ദശലക്ഷം അധിക ഡോസുകളാണ് പകര്‍ച്ചവ്യാധിക്കാലത്ത് ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടത്
കോവിഡ്-19 പകര്‍ച്ചവ്യാധി ഇന്ത്യയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. മുതിര്‍ന്നവര്‍ക്കുള്ള ആന്റിബയോട്ടിക്കുകളുടെ 216.4 ദശലക്ഷം അധിക ഡോസുകളാണ് പകര്‍ച്ചവ്യാധിക്കാലത്ത് വിറ്റഴിക്കപ്പെട്ടത്. ഗുരുതരമല്ലാത്തതും രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതുമായ കോവിഡ് കേസുകളില്‍ പോലും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കപ്പെട്ടന്ന വസ്തുതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. മരുന്നുകളുടെ ഉപയോഗത്തില്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടില്ലെന്നും ബന്ധപ്പെട്ട പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 16.29 ബില്യണ്‍ ആന്റിബയോട്ടിക് ഡോസുകളാണ് വിറ്റുപോയതെന്ന് അമേരിക്കയിലെ മിസ്സൂറിയിലുള്ള ബാര്‍നെസ്സ് ജ്യൂവിഷ് ആശുപത്രിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മുതിര്‍ന്നവര്‍ക്കിടയിലെ ആന്റിബയോട്ടിക് ഉപയോഗത്തില്‍ 2018ല്‍ 72.6 ശതമാനം വളര്‍ച്ചയും 2019ല്‍ 72.5 ശതമാനം വളര്‍ച്ചയും 2020ല്‍ 76.8 ശതമാനം വളര്‍ച്ചയും ഇന്ത്യയില്‍ രേഖപ്പെടുത്തി. ഇതുകൂടാതെ, ടൈഫോയിഡ്, ടൈഫോയിഡ് വിഭാഗത്തിലല്ലാത്ത സാല്‍മോണല്ല രോഗം, ട്രാവലേഴ്‌സ് ഡയേറിയ (അതിസാരം) എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആസിത്രോമൈസിന്‍ എന്ന ആന്റിബയോട്ടിക്കിന്റെ ഉപയോഗം 2018ല്‍ 4 ശതമാനവും 2019ല്‍ 4.5 ശതമാനവും 2020ല്‍ 5.9 ശതമാനവും വര്‍ധിച്ചതായി പ്ലോസ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ ശ്വാസകോശ അണുബാധകള്‍ ചികിത്സക്കുന്നതിനായി സാധാരണയായി ഉപയോഗിക്കുന്ന ഡോക്‌സിസൈക്ലീന്‍, ഫാരോപെനം എന്നീ രണ്ട് ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.
ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള രോഗാണുക്കളുടെ ശേഷി (ആന്റിബയോട്ടിക് റെസിസ്റ്റന്‍സ്) വരുംകാലത്ത് ആഗോള ജനതയുടെ ആരോഗ്യത്തിന് വലിയ ഭീഷണികളില്‍ ഒന്നായി മാറുമെന്ന് പഠനം പറയുന്നു. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം കാരണം നിസ്സാരമായ പരിക്കുകള്‍ മുതല്‍ ന്യുമോണിയ പോലുള്ള രോഗങ്ങള്‍ വരെ ഭേദമാക്കാനുള്ള അവയുടെ ശേഷി കുറഞ്ഞു. ഭാവിയില്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മരണം വരെ സംഭവിക്കാമെന്നും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകള്‍ക്ക് പരിധികള്‍ ഉണ്ടായിരിക്കില്ലെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
അത്തരം ബാക്ടീരികള്‍ ഏത് രാജ്യത്തുള്ള ആരിലേക്കും പകരാന്‍ സാധിക്കുമെന്ന് ബാര്‍നെസ് ജ്യൂയിഷ് ആശുപത്രിയിലെ സാംക്രമിക രോഗ വിദഗ്ധനായ സുമന്ത്് ഗന്ത്ര പറഞ്ഞു. കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ട എല്ലാവരും ഇന്ത്യയില്‍ ആന്റിബോഡി ഉപയോഗിച്ചുവെന്നാണ് തങ്ങളുടെ പഠനം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഎസ്, യുകെ, കാനഡ തുടങ്ങിയ വരുമാനം കൂടിയ രാജ്യങ്ങളില്‍, പകര്‍ച്ചവ്യാധി കുത്തനെ ഉയര്‍ന്ന ഘട്ടങ്ങളിലും ആന്റിബയോട്ടിക് ഉപയോഗം കുറഞ്ഞതായി പഠനം വ്യക്തമാക്കുന്നു. വരുമാനം കൂടിയ രാഷ്ട്രങ്ങളിലെ ഡോക്ടര്‍മാര്‍ ഗുരുതരമല്ലാത്ത കോവിഡ് കേസുകള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിച്ചില്ല എന്നത് കൊണ്ടാണിത്. ഇന്ത്യയില്‍ മരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കോവിഡ്-19 മാര്‍ഗനിര്‍ദ്ദശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ആന്റിബയോട്ടിക് ഉപയോഗത്തിലെ വര്‍ധന വ്യക്തമാക്കുന്നതെന്ന് ഗന്ത്ര പറഞ്ഞു.
ഇന്ത്യയിലെ ആരോഗ്യമേഖലയുടെ 75 ശതമാനം വരുന്ന സ്വകാര്യ ആരോഗ്യ മേഖലയിലാണ് 90 ശതമാനം ആന്റിബയോട്ടിക്കുകളുടെ വില്‍പ്പനയും നടക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ അിതോപയോഗത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഒരു രോഗത്തിനുള്ള ചികിത്സയ്ക്കിടെ ബാക്ടീരിയ അണുബാധ (സെക്കന്‍ഡറി ബാക്ടീരിയല്‍ ഇല്‍നെസ്സ്) ഉണ്ടാകുമ്പോഴാണ് സാധാരണഗതിയില്‍ ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇതല്ല നടക്കുന്നതെന്നും ആന്റിബയോട്ടിക്കുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നയങ്ങള്‍ മാറ്റേണ്ടതുണ്ടെന്നും ഗന്ത്ര പറയുന്നു, പ്രത്യേകിച്ചും മാരകമായ മൂന്നാം കോവിഡ് തരംഗം സംബന്ധിച്ച ആശങ്കകള്‍ക്കിടയില്‍.