രാജ്യത്ത് പുതിയ കോവിഡ് കേസുകളിലും മരണത്തിലും നേരിയ കുറവ്
1 min readഞായറാഴ്ച 3.6 ലക്ഷം കേസുകളും 3,756 മരണങ്ങളുമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്
ന്യൂഡെല്‍ഹി: രണ്ടാംതരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഇന്ത്യയ്ക്ക് തെല്ലൊരാശ്വാസം. തിങ്കളാഴ്ച പുലര്‍ച്ച വരെ 3,66,162 പുതിയ കോവിഡ്-19 കേസുകളും 3,756 മരണങ്ങളുമാണ് രാജ്യത്ത് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച 4.03 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ മാസം ആരംഭിച്ചതിന് ശേഷം അഞ്ചാമത്തെ തവണെയാണ് പ്രതിദിന രോഗബാധ നാല് ലക്ഷം കവിയുന്നത്. 4,14,188 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വെള്ളിയാഴ്ചയാണ് ഇതുവരെയുള്ളതില്‍ ഏറ്റവുമധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ദിനം.
അതേസമയം കഴിഞ്ഞ പതിനെട്ട് ദിവസത്തില്‍ പന്ത്രണ്ട് ദിവസവും മൂന്ന് ലക്ഷത്തിലധികം പ്രതിദിന കേസുകളും മൂവായിരത്തിലധികം മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് ഇതുവരെ ഇന്ത്യയില്‍ 2,26,62,575 പേര്‍ക്കാണ് കോവിഡ്-19 പിടിപെട്ടത്. നിലവില്‍ 37,45,237 സജീവ കേസുകള്‍ രാജ്യത്തുണ്ട്. രോഗം ബാധിച്ച് ഇതുവരെ 2,46,116 പേര്‍ മരണമടഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ അവസാനിച്ച 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 3,53,818 പേര്‍ രോഗമുക്തരായി. ഇതുവരെ 1,86,71,222 പേരാണ് കോവിഡില്‍ നിന്നും മുക്തരായത്. രാജ്യത്ത് ഇതുവരെ 17,01,76,703 പേര്‍ കോവിഡ്-19നെതിരായ വാക്‌സിന്‍ സ്വീകരിച്ചു. ഞായറാഴ്ച മാത്രം 6,89,652 പേരാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തത്.
ഐസിഎംആറിന്റെ കണക്കനുസരിച്ച് മേയ് 10 വരെ രാജ്യത്ത് 30,37,50,077 സാമ്പിളുകളിലാണ് കോവിഡ്-19 പരിശോധന നടത്തിയത്. ഞായറാഴ്ച മാത്രം 14,74,606 സാമ്പിളുകളാണ് പരിശോധിച്ചത്.